ഫെഡററെ മറികടക്കാന്‍ ജോക്കോ, കന്നി കിരീടത്തിനായി കിര്‍ഗിയോസ്, വിംബിള്‍ഡണ്‍ ഫൈനല്‍ ഇന്ന്

Published : Jul 10, 2022, 10:59 AM IST
ഫെഡററെ മറികടക്കാന്‍ ജോക്കോ, കന്നി കിരീടത്തിനായി കിര്‍ഗിയോസ്, വിംബിള്‍ഡണ്‍ ഫൈനല്‍ ഇന്ന്

Synopsis

ടെന്നിസിലെ വികൃതി പയ്യനാണ് നിക് കിര്‍ഗിയോസ്. അസാമാന്യ  പ്രതിഭയെങ്കിലും കോര്‍ട്ടിനകത്തെയും പുറത്തെയും മോശം വാക്കുകളും പെരുമാറ്റവുമാണ് കിർഗിയോസിനെ പലപ്പോഴും വാർത്തകളിൽ നിറച്ചത്. 2014ലെ വിംബിൾഡണ്‍ നാലാം റൗണ്ട്. അന്നത്തെ ലോക ഒന്നാം നമ്പര്‍ റാഫേൽ നദാലിന്‍റെ എതിരാളി കുട്ടിത്തം വിട്ടുമാറിയിട്ടില്ലാത്ത 19-കാരൻ. നദാൽ അനായാസം മുന്നേറുമെന്ന് കരുതിയവര്‍ക്ക് തെറ്റി. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ നദാലിനെ അവൻ അട്ടിമറിച്ചു.

ലണ്ടന്‍: വിംബിൾഡൺ പുരുഷ സിംഗിൾസ് ചാമ്പ്യനെ ഇന്നറിയാം. നിക്ക് കിർഗിയോസ് നിലവിലെ ചാമ്പ്യൻ  നൊവാക് ജോകോവിച്ചിനെ നേരിടും. വിംബിൾഡണിൽ എഴാം കിരീടം തേടിയാണ് നൊവാക് ജോകോവിച്ച് ഇറങ്ങുന്നത്. ഒപ്പം ഗ്രാന്‍സ്ലാം കിരീടനേട്ടത്തില്‍ റോജര്‍ ഫെഡററെ മറികടന്ന് 21 കിരീടങ്ങളിലെത്തുക എന്നതും ജോക്കോയുടെ ലക്ഷ്യമാണ്. എന്നാല്‍ ആദ്.യ കിരീടത്തിനായാണ് നിക്ക് കിർഗിയോസ് സെന്‍റര്‍ കോര്‍ട്ടിലിറങ്ങുന്നത്. സെമിയിൽ കാമറോൺ നോറിയെ തോൽപിച്ചാണ് നിലവിലെ ചാമ്പ്യനായ ജോകോവിച്ച് എട്ടാം ഫൈനൽ ഉറപ്പിച്ചത്.

വിംബിൾഡണിൽ തുടർച്ചയായ ഇരുപത്തിയേഴാം ജയം സ്വന്തമാക്കിയ ജോകോവിച്ചിന് തുർച്ചയായ നാലാം ഫൈനൽ ആണ് കളിക്കുന്നത്. കിർഗിയോസിന്‍റെ സെമിഫൈനൽ എതിരാളിയായ റാഫേൽ നദാൽ പരിക്കേറ്റ് പിൻമാറുകയായിരുന്നു. ജോകോവിച്ചും കിർഗിയോസും ഇതിന് മുൻപ് ഏറ്റുമുട്ടിയത് രണ്ടുകളിയിൽ മാത്രം. രണ്ടുതവണയും ജയം കിർഗിയോസിനൊപ്പം. കിർഗിയോസിനെതിരെ ഒറ്റസെറ്റുപോലും നേടാൻ ജോകോവിച്ചിന് കഴിഞ്ഞിട്ടില്ല. പക്ഷെ ആ രണ്ട് ജയങ്ങളും ഹാര്‍ഡ് കോര്‍ട്ടിലായിരുന്നു.

ടെന്നിീസിലെ വികൃതിപയ്യന്‍ കിര്‍ഗിയോസ്

ടെന്നിസിലെ വികൃതി പയ്യനാണ് നിക് കിര്‍ഗിയോസ്. അസാമാന്യ  പ്രതിഭയെങ്കിലും കോര്‍ട്ടിനകത്തെയും പുറത്തെയും മോശം വാക്കുകളും പെരുമാറ്റവുമാണ് കിർഗിയോസിനെ പലപ്പോഴും വാർത്തകളിൽ നിറച്ചത്. 2014ലെ വിംബിൾഡണ്‍ നാലാം റൗണ്ട്. അന്നത്തെ ലോക ഒന്നാം നമ്പര്‍ റാഫേൽ നദാലിന്‍റെ എതിരാളി കുട്ടിത്തം വിട്ടുമാറിയിട്ടില്ലാത്ത 19-കാരൻ. നദാൽ അനായാസം മുന്നേറുമെന്ന് കരുതിയവര്‍ക്ക് തെറ്റി. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ നദാലിനെ അവൻ അട്ടിമറിച്ചു.

അന്ന് മുതലാണ് പലരും അവനെ ശ്രദ്ധിച്ചു തുടങ്ങിയത്. ഓസ്ട്രേലിയക്കാരൻ നിക് കിര്‍ഗിയോസ്. ആ മുന്നേറ്റം ക്വാര്‍ട്ടറിൽ അവസാനിച്ചെങ്കിലും കിര്‍ഗിയോസ് വീണ്ടും അത്ഭുതങ്ങൾ തീര്‍ക്കുമെന്ന് കരുതിയതാണ്. പക്ഷെ കിര്‍ഗിയോസിന്‍റെ വില്ലൻ സ്വന്തം വാക്കും പ്രവർത്തിയുമായിരുന്നു. പ്രതിഭയോട് നീതിപുലർത്താനാവാതെ റാക്കറ്റ് വീശിയതോടെ ഒറ്റ ഗ്രാൻഡ് സ്ലാമിലും ക്വാര്‍ട്ടറിനപ്പുറം കണ്ടില്ല. എതിരാളിയോടും അമ്പയറോടും കിര്‍ഗിയോസ് കലഹിക്കുന്നത് പതിവ് കാഴ്ചയായിരുന്നു. ടെന്നിസ് റാക്കറ്റ് തല്ലിപ്പൊളിച്ചതിന് കയ്യും കണക്കുമില്ല.

വിംബിള്‍ഡണ്‍: എലേന റെബക്കിനക്ക് വനിതാ കിരീടം

അങ്ങനെ വെറും ഷോ മാൻ എന്ന പേരിലൊതുങ്ങി കിര്‍ഗിയോസ്. നാലാം റൗണ്ടിൽ സിറ്റ്സിപാസിനെതിരെ അഞ്ച് സെറ്റ് നീണ്ട പോരാട്ടം ജയിച്ചാണ് കിര്‍ഗിയോസ് ക്വാര്‍ട്ടറിൽ എത്തിയത്. റാക്കറ്റിനൊപ്പം നാവ് കൂടി കളിച്ചതോടെ പിഴ ശിക്ഷ കിട്ടി. ഇങ്ങനെയൊക്കെയാണെങ്കിലും കാണികൾക്കൊപ്പമുള്ള രസകരമായ ഒത്തിരി മുഹൂര്‍ത്തങ്ങളുമുണ്ട് കിര്‍ഗിയോസിന്

ആദ്യ ഗ്രാൻസ്ലാം ഫൈനലിനിറങ്ങമ്പോൾ ലോകം ഒന്നാം നമ്പർ താരമാണ് മുന്നിൽ. മുൻപൊരു അഭിമുഖത്തിൽ ജോക്കോവിച്ച് ആരാണെന്ന് അറിയില്ലെന്ന് കിര്‍ഗോസ് പറഞ്ഞിരുന്നു. കലാശക്കളിയിൽ ഇരുവരും കൊമ്പ് കോര്‍ക്കാൻ ഒരുങ്ങുമ്പോൾ ആ വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം