Latest Videos

ചെ ചെസ് ഫെസ്റ്റ് കേരളത്തിൽ: ക്യൂബയില്‍ നിന്നും താരങ്ങള്‍, ഏറ്റുമുട്ടാന്‍ പ്രഗ്യാനന്ദയും

By Web TeamFirst Published Nov 10, 2023, 7:37 AM IST
Highlights

16 മുതല്‍ 20 വരെ അഞ്ചു ദിവസമാണ് പരിപാടി. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: കേരളവും ക്യൂബയും സംയുക്തമായി സംഘടിപ്പിക്കുന്ന ചെ ഇന്റര്‍നാഷനല്‍ ചെസ് ഫെസ്റ്റിവലിന് 16ന് തിരുവനന്തപുരത്ത് തുടക്കമാകും. ചെ ഗുവേരയുടെ പേരിലാണ് ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 16 മുതല്‍ 20 വരെ അഞ്ചു ദിവസമാണ് പരിപാടി. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസത്തെ മത്സരങ്ങള്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലെ മത്സരങ്ങള്‍ ഹയാത്ത് റീജന്‍സിയില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലും നടക്കും.

ക്യൂബയില്‍ നിന്നുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍മാരും ഇന്റര്‍നാഷനല്‍ മാസ്റ്റര്‍മാരും ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാരും പങ്കെടുക്കുന്ന മത്സരങ്ങളില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായ 64 കേരള ചെസ് താരങ്ങളും മത്സരിക്കും. സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന മത്സരത്തിന്റെ നടത്തിപ്പ് ചുമതല സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനുമാണ്.

കായിക രംഗത്ത് കേരളം ക്യൂബയുമായി സഹകരിക്കുന്നതിന് ജൂണില്‍ മുഖ്യമന്ത്രി നടത്തിയ ക്യൂബ സന്ദര്‍ശനത്തില്‍ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ കായിക സംരംഭം കൂടിയാണ് ചെ ഇന്റര്‍നാഷനല്‍ ചെസ് ഫെസ്റ്റിവല്‍. ഫെസ്റ്റിവലിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 14 ജില്ലകളിലും ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ മത്സരങ്ങളില്‍ വിജയിക്കുന്നവരും അണ്ടര്‍-16, അണ്ടര്‍-19 സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയികളും ക്യൂബന്‍, ഇന്ത്യന്‍ താരങ്ങളുമായി മത്സരിക്കും. ആഗോള തലത്തില്‍ ശ്രദ്ധേയരായ ഇന്ത്യന്‍ താരം പ്രഗ്യാനന്ദയും കേരളത്തിന്റെ നിഹാല്‍ സരിനും ഏറ്റുമുട്ടുന്ന മത്സരവും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. കേരളത്തിലെ ചെസ് കളിക്കാര്‍ക്കു വേണ്ടി ക്യൂബയുടേയും ഇന്ത്യയുടേയും താരങ്ങളും പരിശീലകരും നയിക്കുന്ന പ്രത്യേക ശില്‍പ്പശാലകളും ചെസ് ഉത്സവത്തിന്റെ ഭാഗമായി നടക്കും. 

ഉദ്ഘാടന ദിവസം നാല് ക്യൂബന്‍, ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ കേരളത്തിലെ വിവിധ മത്സരങ്ങളില്‍ വിജയിച്ച 64 പേരുമായി ഒരേ സമയം മത്സരിക്കും. വിദ്യാര്‍ഥികള്‍ക്കായി ചെസ് ടൂര്‍ണമെന്റും അന്നേ ദിവസം സംഘടിപ്പിക്കുന്നുണ്ട്. രണ്ടാം ദിനം ക്യൂബയും കേരളവും തമ്മിലുള്ള റാപിഡ്, ബ്ലിറ്റ്‌സ് മത്സരങ്ങള്‍ നടക്കും. ക്യൂബയില്‍ നിന്നുള്ള മൂന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍മാരും ഒരു ഇന്റര്‍നാഷണല്‍ മാസ്റ്ററും കേരളത്തില്‍ നിന്നുള്ള ഒരു ഗ്രാന്‍ഡ് മാസ്റ്റര്‍, രണ്ട് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാര്‍, ഒരു ഫിഡെ മാസ്റ്റര്‍ എന്നിവരും മത്സരങ്ങളില്‍ പങ്കെടുക്കും. മത്സരങ്ങള്‍ വലിയ എല്‍ഇഡി സ്‌ക്രീനില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. ലൈവ് സ്ട്രീമിങ്ങും ഉണ്ടാകും.

മൂന്നാം ദിവസം കേരളവും ക്യൂബയും തമ്മിലുള്ള മത്സരം രാവിലെ നടക്കും. ഉച്ചക്ക് ശേഷം നടക്കുന്ന പ്രത്യേക സെഷനില്‍ രണ്ട് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ ചെസ് പരിശീലന ശില്‍പ്പശാല നടക്കും. നാലാം ദിനം ചെസ് ഗ്രാന്‍മാസ്റ്ററും പരിശീലകനുമായ ആര്‍ ബി രമേശ് കുട്ടികള്‍ക്കായി ക്ലാസ് നയിക്കും. അഞ്ചാം ദിനം പ്രഗ്യാനന്ദയും നിഹാല്‍ സരിനും രണ്ട് റാപ്പിഡ്, ഒരു ബ്ലിറ്റ്‌സ് മത്സരങ്ങളില്‍ പരസ്പരം ഏറ്റുമുട്ടും. ഉച്ചയ്ക്ക് ശേഷം പ്രഗ്യാനന്ദയും നിഹാല്‍ സരിനും കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 16 ബാല ചെസ് താരങ്ങളുമായി കളിക്കും. തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനത്തില്‍ ചെസ് താരങ്ങളെ അനുമോദിക്കും.
 

അപരിചിതരോട് സൗഹൃദം, വീഡിയോ ചാറ്റ്..; 14 വര്‍ഷത്തിനൊടുവില്‍ ഒമേഗിളിന് 'പൂട്ട്', പണി വന്നത് ഇങ്ങനെ  
 

click me!