CWG 2022 : ഭാരത്തിനൊപ്പം ഉയര്‍ത്തി മെഡലും; റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ഭാരോദ്വഹന ടീം

By Jomit JoseFirst Published Aug 9, 2022, 10:56 AM IST
Highlights

മൂന്ന് സ്വർണം, മൂന്ന് വെള്ളി, നാല് വെങ്കലവുമായി പതിനഞ്ചംഗ ഇന്ത്യന്‍ ഭാരോദ്വഹന ടീം ബർമിംഗ്ഹാമിൽ നിന്ന് മടങ്ങുന്നത് 10 മെഡലുമായാണ്

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ്(Commonwealth Games 2022) ചരിത്രത്തിലെ എക്കാലത്തേയും മികച്ച മെഡൽവേട്ടയുമായാണ് ഇന്ത്യൻ ഭാരോദ്വഹന ടീം ബർമിംഗ്ഹാമിൽ നിന്ന് മടങ്ങിയത്. ഈ മികവ് പാരീസ് ഒളിംപിക്സിന് ഒരുങ്ങുന്ന താരങ്ങൾക്ക് ആത്മവിശ്വാസം പകരുമെന്ന് ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകൻ വിജയ് ശർമ്മ(Vijay Sharma) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മൂന്ന് സ്വർണം, മൂന്ന് വെള്ളി, നാല് വെങ്കലവുമായി പതിനഞ്ചംഗ ഇന്ത്യന്‍ ഭാരോദ്വഹന ടീം ബർമിംഗ്ഹാമിൽ നിന്ന് മടങ്ങുന്നത് 10 മെഡലുമായാണ്. മീരാഭായ് ചനു, ജെറെമി ലാൽറിന്നുൻഗ, അചിന്ത സിയോളി എന്നിവര്‍ സ്വര്‍ണം നേടിയപ്പോൾ സങ്കേത് സാര്‍ഗര്‍, ബിന്ദ്യറാണി ദേവി, വികാസ് താക്കൂര്‍ എന്നിവര്‍ വെള്ളിയും ഗുരുരാജ് പൂജാരി, ഹര്‍ജീന്തര്‍ കൗർ, ലവ്പ്രീത് സിംഗ്, ഗുര്‍ദീപ് സിംഗ് എന്നിവര്‍ വെങ്കലവും സ്വന്തമാക്കി. യുവതാരങ്ങളായ ജെറെമി, സങ്കേത്, അചിന്ത, ബിന്ദ്യാറാണി തുടങ്ങിയവരുടെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. പാരീസ് ഒളിംപിക്സാണ് അടുത്ത ലക്ഷ്യമെന്ന് മുഖ്യ പരിശീലകൻ വിജയ് ശർമ്മ വ്യക്തമാക്കി.

കൊവിഡുകാലത്ത് പോലും മുടങ്ങാതെയുളള പരിശീലമാണ് ഇന്ത്യൻ നേട്ടത്തിന് പിന്നിലെന്ന് പരിശീലക സംഘത്തിലെ ഏകമലയാളിയായ എ പി ദത്തൻ പറഞ്ഞു. നാല് വർഷം മുൻപ് ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ഭാരോദ്വഹന ടീം ഒൻപത് മെഡലാണ് നേടിയത്.

അഭിമാന ഗെയിംസ്, മെഡല്‍ വാരി ഇന്ത്യ

കോമൺവെൽത്ത് ഗെയിംസിൽ മെഡൽക്കൊയ്ത്ത് നടത്തിയാണ് ബർമിംഗ്‌ഹാമില്‍ നിന്ന് ഇന്ത്യ മടങ്ങിയത്. 22 സ്വർണമടക്കം 61 മെഡലുകൾ നേടിയ ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മലയാളി താരങ്ങളായ എൽദോസ് പോളും എം.ശ്രീശങ്കറും അബ്ദുള്ള അബൂബക്കറും ചരിത്രം കുറിച്ചപ്പോൾ ഇരട്ടമെഡൽ നേടി ബാഡ്മിന്റൺ താരം ട്രീസ ജോളിയും ആദ്യ കോമൺവെൽത്ത് ഗെയിംസ് അവിസ്മരണീയമാക്കി. ഉറച്ച മെഡൽ പ്രതീക്ഷയായ നീരജ് ചോപ്രയും ഷൂട്ടിംഗും അമ്പെയ്ത്തുമൊന്നുമില്ലെങ്കിലും ഇന്ത്യ നിരാശരാക്കിയില്ല.

സങ്കേത് സാർഗറിന്‍റെ വെള്ളിനേട്ടത്തോടെ മെഡൽക്കൊയ്ത്തിന് തുടക്കമിട്ട ഇന്ത്യക്ക് ആദ്യ സ്വർണം മീരഭായ് ചനുവിലൂടെയായിരുന്നു. ഭാരോദ്വഹനത്തിൽ മൂന്ന് സ്വർണമടക്കം ഇന്ത്യ വാരിയത് 10 മെഡലുകൾ. കോമൺവെൽത്ത് ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയ പത്തൊൻപതുകാരൻ ജെറമി ലാൽറിന്നുംഗയുടെ പ്രകടനം ശ്രദ്ധേയം. ഗോദയിൽ ഇറങ്ങിയ 12 താരങ്ങളും മടങ്ങിയത് മെഡലുമായി. ആറ് സ്വർണവും ഇന്ത്യ ഗുസ്തിയിൽ സ്വന്തമാക്കി. ഇടിക്കൂട്ടില്‍ 3 സ്വർണമടക്കം ഇന്ത്യ നേടിയത് 7 മെഡലുകൾ. 

അത്‍ലറ്റിക്സിൽ മലയാളി താരങ്ങൾ തലയുയർത്തിനിന്നു. ട്രിപ്പിൾജംപിൽ സ്വർണവും വെള്ളിയും നേടി എൽദോസ് പോളും അബ്ദുള്ള അബൂബക്കറും ചരിത്രംകുറിച്ചു. ലോംഗ്‌ജംപിൽ 8.08 മീറ്റർ മീറ്റർ ചാടി വെള്ളി നേടിയ എം.ശ്രീശങ്കർ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ നൈജീരിയൻ ആധിപത്യത്തിന് വെല്ലുവിളിയുയർത്തിയ അവിനാഷ് സാബ്ലെയുടെ വെള്ളി നേട്ടവും ശ്രദ്ധേയം. കോടതി ഉത്തരവുമായി ഗെയിംസിനെത്തിയ ഹൈംജംപ് താരം തേജസ്വിൻ ശങ്കറിന്‍റെ വെങ്കല നേട്ടവും കൈയ്യടി നേടി.

ബാഡ്മിന്‍റണില്‍ സ്വർണക്കൊയ്ത്ത്

ബാഡ്മിന്‍റൺ കോർട്ടിൽ ഇന്ത്യയുടെ സ്വർണക്കൊയ്ത്തായിരുന്നു. സിംഗിൾസിൽ പി.വി.സിന്ധുവും ലക്ഷ്യ സെന്നും സ്വർണം നേടിയപ്പോൾ സാത്വിക്, ചിരാഗ് സഖ്യം ഡബിൾസിൽ ചാമ്പ്യന്മാരായി. മിക്സഡ് ടീമിനത്തിൽ വെള്ളി നേടിയ ഇന്ത്യക്കായി സിംഗിൾസിൽ കെ.ശ്രീകാന്തും വനിതാ ഡബിൾസിൽ ട്രീസ ജോളി, ഗായത്രി സഖ്യവും വെങ്കലം നേടി. ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് കൈയ്യെത്തുംദൂരത്താണ് സ്വർണം നഷ്ടമായത്. ടേബിൾ ടെന്നിസിൽ മണികബത്ര നിരാശപ്പെടുത്തിയെങ്കിലും 4 സ്വർണമടക്കം 7 മെഡലുകൾ ഇന്ത്യ കരസ്ഥാമാക്കി. ഹോക്കിയിൽ പുരുഷ ടീം പതിവുപോലെ ഓസ്ട്രേലിയക്ക് മുന്നിൽ സ്വർണം അടിയറവച്ചു. വനിതാ ടീം വെങ്കലം നേടി. 

സ്ക്വാഷിൽ വരവറിയിച്ച പതിനാലുകാരി അനാഹത് സിംഗും ശ്രദ്ധേയയായി. ലോൺബോൾസിൽ കരുത്തരെ വീഴ്ത്തി സ്വർണം സമ്മാനിച്ച വനിതാ ടീമും വെള്ളി നേടിയ പുരുഷ ടീമിന്‍റേതും അപ്രതീക്ഷിത നേട്ടമായി. പാരാ വിഭാഗത്തിൽ ഭാരോദ്വഹനത്തിൽ റെക്കോര്‍ഡോടെ സ്വർണം നേടിയ സുധീറിന്‍റെ നേട്ടവും അവിസ്മരണീയം. 

റിഷഭ്, ഡികെ, ഇഷാന്‍ എന്നിവരേക്കാള്‍ കേമന്‍ സഞ്ജു, എന്നിട്ടും പുറത്ത്; കണക്കുകള്‍നിരത്തി പ്രതിഷേധിച്ച് ആരാധകര്‍

click me!