ഈ വര്‍ഷം രാജ്യാന്തര ടി20യില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും ബാറ്റിംഗ് ശരാശരിയുമുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് എന്ന് ആരാധകര്‍ വാദിക്കുന്നു

മുംബൈ: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ(Sanju Samson) എഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് സ്‌ക്വാഡില്‍(Asia Cup 2022) നിന്ന് തഴഞ്ഞതിലുള്ള ആരാധക പ്രതിഷേധം അടങ്ങുന്നില്ല. സഞ്ജുവിനോട് തുടര്‍ച്ചയായി അനീതി കാട്ടുകയാണ് ബിസിസിഐയെന്നും റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നിവരേക്കാള്‍ മികച്ച പ്രകടനമാണ് 2022ല്‍ രാജ്യാന്തര ടി20യില്‍ സഞ്ജുവിനുള്ളത് എന്നും ആരാധകര്‍ കണക്കുകള്‍ നിരത്തി വാദിക്കുന്നു. 

ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ സഞ്ജു ഉറപ്പായും വേണമെന്ന് ആരാധകര്‍ വാദിക്കുന്നു. ഈ വര്‍ഷം രാജ്യാന്തര ടി20യില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും ബാറ്റിംഗ് ശരാശരിയുമുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് എന്നാണ് ആരാധകരുടെ പക്ഷം. സഞ്ജുവിന് 158.40 സ്‌ട്രൈക്ക് റേറ്റും 44.75 ശരാശരിയുമുണ്ട്. അതേസമയം സ്‌ക്വാഡില്‍ ഇടംപിടിച്ച റിഷഭ് പന്തിന് 135.42 സ്‌ട്രൈക്ക് റേറ്റും 26 ശരാശരിയും ഡികെയ്‌ക്ക് 133.33 സ്‌ട്രൈക്ക് റേറ്റും 21.33 ശരാശരിയുമാണുള്ളത്. സ്‌ക്വാഡില്‍ ഇടംപിടിക്കാതിരുന്ന മറ്റൊരു വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് 130.30 സ്‌ട്രൈക്ക് റേറ്റും 30.71 ശരാശരിയുമുണ്ട്. ഇങ്ങനെയൊക്കെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനും ഇഷാനും പകരം റിഷഭിനെയും ഡികെയേയും ടീമില്‍ ഉള്‍പ്പെടുത്തിയതിനെ ആരാധകന്‍ വിമര്‍ശിക്കുന്നു. എട്ട് വര്‍ഷമായി സ‍ഞ്ജു ഈ അവഗണന നേരിടുന്നു എന്നും ആരാധകര്‍ പറയുന്നു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഈ വര്‍ഷം ആറ് രാജ്യാന്തര ടി20 മത്സരങ്ങളാണ് സഞ്ജു സാംസണ്‍ കളിച്ചത്. ഇതില്‍ ശ്രീലങ്കയ്‌ക്കെതിരായ തന്‍റെ ആദ്യ മത്സരത്തില്‍ മലയാളി താരത്തിന് ബാറ്റിംഗിന് അവസരം ലഭിച്ചില്ല. രണ്ടാം മത്സരത്തില്‍ നാലാമനായിറങ്ങി 39 റണ്‍സും തന്‍റെ മൂന്നാം മത്സരത്തില്‍ ഓപ്പണറുടെ സ്ഥാനത്ത് 18ഉം നേടി. അയര്‍ലന്‍ഡിനെതിരായ ടി20യായിരുന്നു സഞ്ജുവിന്‍റെ നാലാം മത്സരം. തകര്‍പ്പന്‍ ഫിഫ്റ്റിയുമായി സഞ്ജു കയ്യടി വാങ്ങി. ഓപ്പണറായിറങ്ങി 42 പന്തില്‍ 9 ഫോറും നാല് സിക്സറും സഹിതം 183 സ്ട്രൈക്ക് റേറ്റോടെ സഞ്ജു 77 റണ്‍സ് നേടി. തൊട്ടടുത്ത മത്സരങ്ങളില്‍ വിന്‍ഡീസിനെതിരെ 30*ഉം 15ഉം റണ്‍സ് വീതവുമാണ് സഞ്ജു സ്വന്തമാക്കിയത്.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇന്നലെയാണ് സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചത്. വിരാട് കോലിയും കെ എല്‍ രാഹുലും ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ സഞ്ജു സാംസണും ഇഷാൻ കിഷനും പരിക്കേറ്റ പേസര്‍മാരായ ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും ടീമിലില്ല. ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. രോഹിത് ശർമ്മയാണ് ക്യാപ്റ്റൻ. രാഹുൽ വൈസ് ക്യാപ്റ്റനായി തുടരും. സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരാണ് സ്‌ക്വാഡില്‍ ഇടംപിടിച്ച മറ്റ് താരങ്ങൾ. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയപ്പോഴും സഞ്ജുവിനെ പരിഗണിച്ചില്ല. 

ഏഷ്യാ കപ്പ് ടീമാവില്ല ലോകകപ്പില്‍, സൂപ്പര്‍താരം ഓസ്‌ട്രേലിയയില്‍ വേണം; ശക്തമായി വാദിച്ച് മുന്‍താരം