കൊറോണ ഭീതി: ടോക്കിയോ ഒളിംപിക്സ് നീട്ടിവെച്ചേക്കും

By Web TeamFirst Published Mar 3, 2020, 7:09 PM IST
Highlights

രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമായുള്ള(ഐഒസി) കരാര്‍ അനുസരിച്ച് ഈ കലണ്ടര്‍ വര്‍ഷം ഒളിംപിക്സ് നടത്തിയാല്‍ മതിയെന്നും ജൂലൈയില്‍ തന്നെ നടത്തണമെന്നില്ലെന്നും പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായി സീക്കോ ഹാഷിമോട്ടോ പറഞ്ഞു.

ടോക്കിയോ: കൊറോണ വൈറസ് ബാധ ലോകമെങ്ങും പടരുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിംപിക്സ് നീട്ടിവെച്ചേക്കുമെന്ന് സൂചിപ്പിച്ച് ഒളിംപിക്സ് സംഘാടന ചുമതലയുള്ള ജപ്പാനീസ് മന്ത്രി സീക്കോ ഹാഷിമോട്ടോ. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയാണ് ഒളിംപിക്സിന് ടോക്കിയോ ആതിഥ്യം വഹിക്കേണ്ടത്. എന്നാല്‍ ലോകം കൊറോണ ഭീതിയില്‍ നില്‍ക്കെ ജൂലൈ 24ന് ഒളിംപിക്സ് തുടങ്ങാനാകുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമായുള്ള(ഐഒസി) കരാര്‍ അനുസരിച്ച് ഈ കലണ്ടര്‍ വര്‍ഷം ഒളിംപിക്സ് നടത്തിയാല്‍ മതിയെന്നും ജൂലൈയില്‍ തന്നെ നടത്തണമെന്നില്ലെന്നും പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായി സീക്കോ ഹാഷിമോട്ടോ പറഞ്ഞു. ഒളിംപിക്സ് മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാക്കും സംഘാടക സമിതിയും ആവര്‍ത്തിക്കുന്നതിനിടിയാണ് മന്ത്രിയുടെ പ്രതികരണം. കരാര്‍  അനുസരിച്ച് ഒളിംപിക്സ് ഗെയിംസ് റദ്ദാക്കാനുള്ള അവകാശം ഐഒസിക്ക് മാത്രമാണ്.

ഈ വര്‍ഷം ഓഗസ്റ്റ് 25 മുതല്‍ പാരാലിംപിക്സ് ഗെയിംസിനും ടോക്കിയോ ആതിഥ്യം വഹിക്കേണ്ടതുണ്ട്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. 980 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. അതിനിടെ ഒരു സ്ത്രീക്ക് രണ്ടാമതും രോഗബാധയുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.രോഗ ഭീതിയെത്തുടര്‍ന്ന് വിദ്യാലയങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. കായിക മത്സരങ്ങളും നിര്‍ത്തിവെച്ചു.

click me!