ടോക്കിയോ ഒളിംപിക്സ് സമിതി ഉപാധ്യക്ഷനും കൊവിഡ്

By Web TeamFirst Published Mar 17, 2020, 9:32 PM IST
Highlights

ആംസ്റ്റര്‍ഡാമിലെ യുവേഫ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ കോവിഡ് 19 ആശങ്ക ഇത്രയും ശക്തമായിരുന്നില്ലെന്നും അതിനാല്‍ തന്നെ എല്ലാവരും ഹസ്തദാനം നടത്തിയും ആലിംഗനും ചെയ്തുമാണ് പരസ്പരം അഭിവാദ്യം ചെയ്തതെന്നും തഷിമ പറഞ്ഞു.

ടോക്കിയോ:  കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ഒളിംപിക്സ് നടത്തിപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ശക്തമാകുന്നതിനിടെ ജപ്പാന്‍ ഒളിമ്പിക്സ് സമിതി ഉപാധ്യക്ഷനും കൊവിഡ് 19  വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുകൂടിയായ കൊസോ തഷിമയാണ് കൊവിഡ് ബാധിതനാണെന്ന് വെളിപ്പെടുത്തിയത്.

ഫെബ്രുവരി 28ന് രാജ്യാന്തര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെ യോഗത്തില്‍ പങ്കെടുക്കാനായി ബെല്‍ഫാസ്റ്റിലും യുവേഫ യോഗത്തില്‍ പങ്കെടുക്കാനായി മാര്‍ച്ച് രണ്ട് മുതല്‍ ആംസ്റ്റര്‍ഡാമിലും സന്ദര്‍ശനം നടത്തിയിരുന്നതായി തഷിമ പറഞ്ഞു. അവിടെ നിന്ന് പിന്നീട് അമേരിക്കയിലേക്കും പോയി. ആംസ്റ്റര്‍ഡാമിലെ യുവേഫ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ കോവിഡ് 19 ആശങ്ക ഇത്രയും ശക്തമായിരുന്നില്ലെന്നും അതിനാല്‍ തന്നെ എല്ലാവരും ഹസ്തദാനം നടത്തിയും ആലിംഗനും ചെയ്തുമാണ് പരസ്പരം അഭിവാദ്യം ചെയ്തതെന്നും തഷിമ പറഞ്ഞു.

ഒളിംപിക്സിന് സജ്ജമെന്ന് ജപ്പാന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും യോഗ്യതാ ചാംപ്യന്‍ഷിപ്പുകള്‍ റദ്ദാക്കിയതും, കൂടുതൽ രാജ്യങ്ങളിലേക്ക് കൊവിഡ് പടരുന്നതും പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. ഒളിംപിക്സ് മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിനിടെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് സംഘാടകസമിതിയുമായും സ്പോണ്‍സര്‍മാരുമായും ഇന്ന് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ഒളിംപിക്സിന് ഇനിയും നാലു മാസം ബാക്കിയുണ്ടെന്നതിനാല്‍ ഒളിംപിക്സ് മാറ്റിവെക്കേണ്ട കാര്യമില്ലെന്നാണ് ഐഒസിയുടെ നിലപാട്. ഒളിംപിക്സ് നീട്ടിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഐഒസി കൂടിക്കാഴ്ചക്കുശേഷം വ്യക്തമാക്കി.

click me!