ഒരു മനുഷ്യനും സഹിക്കാനാവുന്നതോ നേരിടാനാവുന്നതോ അല്ല സോളിൽ എനിക്കുണ്ടായ അനുഭവം. ഞാനത് ഡീൽ ചെയ്തു.

കോഴിക്കോട്: അത്ലറ്റിക്സിൽ ഇപ്പോഴും വ്യാപകമായി ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഒളിമ്പ്യൻ ബെൻ ജോൺസൺ. ചില രാജ്യങ്ങൾ അതിനെ പിന്തുണയ്ക്കുന്നു. സോൾ ഒളിമ്പിക്സിൽ താൻ ബലിയാടാവുകയായിരുന്നുവെന്നും ബെന്‍ ജോണ്‍സണ്‍ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ. ചരിത്രത്തിൽ നിന്നും തന്‍റെ പേര് മായ്ച്ചു കളയാൻ ശ്രമം ഉണ്ടായി. കാർ ലൂയിസ് ഒരുകാലത്തും നല്ല വ്യക്തി ആയിരുന്നില്ല. അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ഇനിയും മെച്ചപ്പെടാൻ കഴിയും. ഇന്ത്യയിലെ കായിക വികസനത്തിനായി എന്തെങ്കിലും ചെയ്യാൻ താൽപര്യമുണ്ടെന്നും ബെൻ ജോൺസൺ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കെ.എം ബിജു തയ്യാറാക്കിയ റിപ്പോർട്ട്.

നിങ്ങൾക്കിവിടെ ഒരുപാട് ആരാധകരുണ്ട്. ഇവിടെ വന്നപ്പോൾ എന്തു തോന്നുന്നു?

ആരാധകർക്ക് തിരിച്ചും നന്ദി. സംസ്കാരം ഭക്ഷണം തുടങ്ങിയവയിൽ വൈവിധ്യങ്ങൾ ഏറെയുള്ള ഇവിടെയെത്തിയതിൽ സന്തോഷം

ഒളിമ്പിക്സ് പോലുള്ള ലോക വേദികളിൽ അത്ലറ്റിക്സിൽ ശോഭിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമോ?

തീർച്ചയായും കഴിയും. നന്നായി ഓടാൻ കഴിവുള്ള അത്ലറ്റുകൾ ഇവിടെ ഉണ്ട്. പരിശീലകർക്ക് നല്ല കഴിവ് വേണം. കരുത്ത് ഉണ്ടാവുക എന്നതാണ് പ്രധാനം. അത്‌ലറ്റുകൾ ബോഡിബിൽഡർമാരല്ല മറിച്ച് സ്പ്രിന്‍റർമാരാണ്.

സോൾ ഒളിമ്പിക്സിലെ 100 മീറ്റർ 37 വർഷം പിന്നിടുന്നു. അതേക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കാമോ?

ഒരു മനുഷ്യനും സഹിക്കാനാവുന്നതോ നേരിടാനാവുന്നതോ അല്ല സോളിൽ എനിക്കുണ്ടായ അനുഭവം. ഞാനത് ഡീൽ ചെയ്തു.

സോൾ ഒളിമ്പിക്സിൽ താങ്കൾ ബലിയാടായി എന്ന് ഇപ്പോഴും വിശ്വസിക്കുന്നു അല്ലേ?

അതെ തീർച്ചയായും ഞാൻ ഒരു ബലിയാടായി. ചരിത്രത്തിൽ നിന്നും എന്‍റെ പേര് മായ്ച്ചു കളയാൻ ശ്രമം ഉണ്ടായി. പക്ഷേ അതൊരിക്കലും സാധിക്കില്ല.

താങ്കളും കാൾ ലൂയിസും തമ്മിലുള്ള പോര് വിഖ്യാതമാണ്. കാളിനെ ഇപ്പോൾ എങ്ങനെ വിലയിരുത്തുന്നു.

കാൾ ഒരിക്കലും ഒരു നല്ല മനുഷ്യനല്ല.ഗോൾഡ് മെഡലുകൾ വാങ്ങുക മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. അതിന് എന്‍റേത് നഷ്ടപ്പെടുത്തുകയും ചെയ്തു. അയാളെ ഞാൻ ഒരുകാലത്തും ബഹുമാനിക്കില്ല.

സോളിൽ താങ്കളോടൊപ്പം ഓടിയ മറ്റുള്ളവരുമായി എപ്പോഴെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോ?

ഇല്ല അങ്ങനെയുണ്ടായിട്ടില്ല.

ഇപ്പോഴും കായിക മേഖലയിൽ വ്യാപകമായി ഉത്തേജകമരുന്ന് ഉപയോഗിക്കുന്നില്ലേ?

തീർച്ചയായും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പ്രകടനത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുന്നത് സാധാരണമാണ്. ഡ്രഗ്സ് വേഗത കൂട്ടില്ല റിക്കവർ ചെയ്യാൻ ഉപകരിക്കും.

ചില രാജ്യങ്ങൾ ഉത്തേജകമരുന്നുപയോഗത്തെ പിന്തുണയ്ക്കുന്നു എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതെ ചില രാജ്യങ്ങൾ അതിനെ സ്പോൺസർ ചെയ്യുന്നു.

ഉസൈൻ ബോൾട്ട് 9.58 എന്ന സമയമാണ് കുറിച്ചത്. ഏതെങ്കിലും കാലത്ത് മനുഷ്യന് 100 മീറ്റർ 9 സെക്കൻഡിൽ ഓടിയെത്താൻ കഴിയുമോ?

ഇല്ല അങ്ങനെ കരുതുന്നില്ല. പക്ഷെ പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞാൽ 9.3 ലൊക്കെ ഓടിയെത്തിയേക്കാം. പ്രതലം, സ്പൈക്കുകൾ, ടെക്നോളജി തുടങ്ങിയവയെയൊക്കെ ആശ്രയിച്ചിരിക്കും അത്. പക്ഷേ ഒന്നും അസാധ്യമല്ല.

ഡിയോഗോ മറഡോണയെ താങ്കൾ വേഗത പരിശീലിപ്പിച്ചിരുന്നല്ലോ എങ്ങനെയുണ്ടായിരുന്നു ആ അനുഭവം.

എന്‍റെ അടുത്ത സുഹൃത്തായിരുന്നു. നാച്ചുറൽ ഗിഫ്റ്റഡ് പ്രതിഭ. ഒരു മജീഷ്യൻ.

ഇന്ത്യയുടെ അത്‌ലറ്റിക്സ് വികസനത്തിന് എന്തെങ്കിലും ചെയ്യാൻ താങ്കൾക്ക് താൽപര്യം ഉണ്ടോ?

ചിലപ്പോൾ അതിനും സാധ്യതയുണ്ട്. ഒരുപക്ഷേ വീണ്ടും ഞാൻ ഇവിടേക്ക് തിരിച്ചു വന്നേക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക