പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ സവിശേഷത എന്താണെന്ന് വെച്ചാല്‍ അദ്ദേഹം എല്ലാവരെയും ഒരുപോലെ കാണുന്നുവെന്നതാണെന്ന് ശ്രീജേഷ്.
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഇന്ത്യൻ ഹോക്കിം ടീം മുന്‍ നായകനും ഒളിംപ്യനുമായ പി ആര്‍ ശ്രീജേഷ്. ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരെന്ന ചോദ്യത്തിനാണ് ശ്രീജേഷ് പ്രധാനമന്ത്രിയുടെ പേര് പറഞ്ഞത്. നമ്മുടെ പ്രധാനമന്ത്രി മഹാനായ വ്യക്തിയും നേതാവുമാണെന്ന് ശ്രീജേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ സവിശേഷത എന്താണെന്ന് വെച്ചാല്‍ അദ്ദേഹം എല്ലാവരെയും ഒരുപോലെ കാണുന്നുവെന്നതാണ്. നിങ്ങള്‍ കോടീശ്വരനോ സാധാരണക്കാരനോ കായിക താരമോ രാഷ്ട്രീയക്കാരനോ ആരുമാകട്ടെ, എല്ലാവരെയും അദ്ദേഹം ഒരുപോലെയാണ് പരിഗണിക്കുക. ആദ്ദേഹത്തിന്‍റെ ഈ സ്വഭാവവിശേഷത്തെ ഞാന്‍ ബഹുമാനിക്കുന്നു. അദ്ദേഹം നമ്മളെ പേര് ഓര്‍ക്കുന്നുവെന്നത് തന്നെ വലിയ കാര്യമാണ്.
പപ്പ കോണ്‍ഗ്രസ്, മമ്മി കമ്മ്യൂണിസ്റ്റ്
ഒരു കായിക താരമെന്ന നിലയില്‍ ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കുന്ന ആളല്ല. കുടുംബത്തിലെ രാഷ്ട്രീയം എന്താണെന്ന് അവതാരകന്‍ ശ്രീജേഷിനോട് ചോദിക്കുമ്പോള്‍ എന്‍റെ പപ്പ കോണ്‍ഗ്രസാണെന്നും അമ്മ കമ്മ്യൂണിസ്റ്റാണെന്നുമായിരുന്നു ശ്രീജേഷിന്‍റെ മറുപടി.
ബിജെപിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലാണ് ശ്രീജേഷിന്‍റെ അഭിമുഖത്തിന്‍റെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രിയെ എല്ലാവരും ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം ബഹുമാനം പിടിച്ചുവാങ്ങകുകയല്ല തന്‍റെ പെരുമാറ്റത്തിലൂടെ അത് നേടിയെടുക്കുകയാണെന്നു ഒളിംപ്യൻ പി ആര്‍ ശ്രീജേഷ് പറയുന്നത് കേള്‍ക്കു എന്നുമുള്ള അടിക്കുറിപ്പോടെയാണ് ബിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ജൂനിയര്‍ ഹോക്കി ടീമിന്‍റെ പരിശീലകനാണ് നിലവില്‍ ശ്രീജേഷ്.


