താന്യക്ക്‌ ദേശീയ റെക്കോര്‍ഡ്‌, ഏഷ്യാഡ്‌ ഹാമര്‍ ത്രോയില്‍ ഇന്ത്യക്ക്‌ മെഡല്‍ പ്രതീക്ഷ

Published : Sep 11, 2026, 08:06 AM IST
TANYA CHOUDHARY

Synopsis

ഏഷ്യന്‍ ഗെയിംസിന്‌ തയ്യാറെടുക്കുന്ന ഇന്ത്യന്‍ അത്‌ലറ്റിക്‌സ്‌ സ്‌ക്വാഡിന്‌ ആവേശമേകി വനിതാ ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌. ഇന്ത്യന്‍ അത്‌ലറ്റിക്‌സ്‌ സീരീസ്‌ ഫൈനലിലാണ്‌ ഉത്തര്‍പ്രദേശ്‌ താരം 68.35മീറ്റര്‍ എറിഞ്ഞ്‌ പുതിയ ദേശീയ റെക്കോര്‍ഡ്‌ സൃഷ്ടിച്ചത്‌

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിന്‌ തയ്യാറെടുക്കുന്ന ഇന്ത്യന്‍ അത്‌ലറ്റിക്‌സ്‌ സ്‌ക്വാഡിന്‌ ആവേശമേകി വനിതാ ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌. ഇന്ത്യന്‍ അത്‌ലറ്റിക്‌സ്‌ സീരീസ്‌ ഫൈനലിലാണ്‌ ഉത്തര്‍പ്രദേശ്‌ താരം 68.35മീറ്റര്‍ എറിഞ്ഞ്‌ പുതിയ ദേശീയ റെക്കോര്‍ഡ്‌ സൃഷ്ടിച്ചത്‌. ഉത്തര്‍പ്രദേശിന്റെ തന്നെ അനുഷ്‌ക യാദവ്‌ ജൂണില്‍ കണ്ടെത്തിയ 67.02 മീറ്ററിന്റെ ദേശീയ റെക്കോര്‍ഡാണ്‌ പഴങ്കഥയായത്‌. അനുഷ്‌ക ഇന്ത്യന്‍ അത്‌ലറ്റിക്‌സ്‌ സീരീസ്‌ ഫൈനലില്‍ താന്യ ചൗദരിക്ക്‌ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും, 66.34 മീറ്ററോടെ രണ്ടാം സ്ഥാനത്തായി. ഒന്നാം സ്ഥാനം നേടിയ താന്യ ചൗദരിക്ക്‌ ഒരു ലക്ഷം രൂപയും അനുഷ്‌ക യാദവിന്‌ 50,000 രൂപയും പാരിതോഷികമായി ലഭിക്കും.

താന്യയും അനുഷ്‌കയും ഏഷ്യന്‍ ഗെയിംസ്‌ സ്‌ക്വാഡിലുണ്ട്‌. ദേശീയ റെക്കോര്‍ഡ്‌ പ്രകടനത്തോടെ താന്യ ചൗദരി ഏഷ്യന്‍ ഗെയിംസ്‌ വനിതാ ഹാമര്‍ ത്രോയിലെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. 2022 ഹാംഗ്‌സൂ ഏഷ്യാഡില്‍ 60.50 മീറ്റര്‍ ദൂരം കണ്ടെത്തിയ താന്യക്ക്‌ ഏഴാം സ്ഥാനമായിരുന്നു. അന്ന്‌ വെങ്കല മെഡല്‍ നേടിയ ദക്ഷിണകൊറിയന്‍ താരം കിം തെ-ഹ്യു എറിഞ്ഞത്‌ 64.14 മീറ്ററായിരുന്നു. താന്യയുടെ ദേശീയ റെക്കോര്‍ഡ്‌ പ്രകടനം അതിനുമൊക്കെ മുകളിലാണെന്നത്‌ ഐച്‌-നഗോയ ഏഷ്യാഡില്‍ ഇന്ത്യക്ക്‌ മെഡല്‍ സാധ്യതയുള്ള ഇവന്റായി വനിതാ ഹാമര്‍ ത്രോയെ മാറ്റുന്നു. ജപ്പാനില്‍ ഈ മാസം 19ന്‌ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിന്‌ ഇന്ത്യ 77 അംഗ അത്‌ലറ്റിക്‌സ്‌ സക്വാഡിനെയാണ്‌ അയക്കുന്നത്‌. ഇതില്‍ 34 പുരുഷന്‍മാരും 43 വനിതകളുമാണുള്ളത്‌.

സ്‌ക്വാഡില്‍ നിരവധി ഏഷ്യന്‍, ദേശീയ റെക്കോര്‍ഡ്‌ ജേതാക്കളുണ്ട്‌. ഗുല്‍വീര്‍ സിംഗ്‌, അവിനാഷ്‌ സാബ്ലെ, ശ്രീശങ്കര്‍ എം, ആ്‌ന്‍സി സോജന്‍, പ്രവീണ്‍ ചിത്രവേല്‍, തേജസ്വിന്‍ ശങ്കര്‍, രോഹിത്‌ യാദവ്‌, അന്നു റാണി, ജ്യോതി യാരാജി, പ്രിയങ്ക ഗോസ്വാമി.അത്‌ലറ്റിക്‌സ്‌ സ്‌ക്വാഡിനാണ്‌ കൂടുതല്‍ സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫുകളുള്ളത്‌. ദേശീയ അത്‌ലറ്റിക്‌ കോച്ച്‌ പി രാധാകൃഷ്‌ണനും ഇരുപത്‌ പരിശീലകരും ഉള്‍പ്പടെ 31 പേരാണ്‌ കായികതാരങ്ങള്‍ക്ക്‌ പുറമെ അത്‌ലറ്റിക്‌സ്‌ സ്‌ക്വാഡിലുള്ളത്‌. സര്‍ഫിംഗ്‌ ഉള്‍പ്പടെ 36 ഇനങ്ങളില്‍ മത്സരിക്കുന്ന ഇന്ത്യയുടേത്‌ 503 കായിക താരങ്ങളടങ്ങുന്ന സ്‌ക്വാഡാണ്‌. പുരുഷ ജാവലിനില്‍ ഒളിമ്പിക്‌ സ്വര്‍ണ മെഡല്‍ ജേതാവാ നീരജ്‌ ചോപ്ര പരിക്കേറ്റ്‌ പിന്‍മാറിയിട്ടുണ്ട്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV
Read more Articles on
click me!

Recommended Stories

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വാരാന്‍ ഇന്ത്യന്‍ ഗുസ്തി സംഘം; ഫൈനല്‍ ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീതും സംഘവും ഇന്നിറങ്ങും
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ കായിക താരങ്ങള്‍ പാകിസ്ഥാനിലേക്ക്; സാഫ് ഗെയിംസില്‍ പങ്കെടുക്കും