ഓസ്ട്രേലിയൻ ഓപ്പൺ: ചാമ്പ്യൻ നദാൽ പുറത്ത്

By Web TeamFirst Published Jan 18, 2023, 6:15 PM IST
Highlights

നദാലിന്‍റെ പരിക്ക് മുതലെടുത്തായിരുന്നു മക്കെൻസിയുടെ കളിയും ജയവും

മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ പുറത്ത്. രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം മക്കൻസി മക്ഡൊണാൾഡ് നേരിട്ടുള്ള സെറ്റുകൾക്ക് നദാലിനെ തോൽപിച്ചു. മത്സരത്തിനിടെ പലകുറി പരിക്ക് വലച്ച നദാല്‍ മത്സരം ഏറെ കഷ്‌ടപ്പെട്ടാണ് പൂര്‍ത്തിയാക്കിയത്. 

ആരാധകര്‍ ഒരു പതിറ്റാണ്ടിലേറെ കണ്ടുശീലിച്ച റാഫേൽ നദാലായിരുന്നില്ല കോർട്ടിൽ. മുപ്പത്തിയാറാം വയസിന്‍റെ തളർച്ചയ്ക്കൊപ്പം പരിക്ക് കൂടിയായപ്പോൾ നദാലിന്‍റെ മനസിനൊപ്പം കൈയും റാക്കറ്റുമെത്തിയില്ല. ഇരുപത്തിമൂന്നാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ നദാൽ തുടക്കംമുതലേ പതറി. ആദ്യ സെറ്റിന് ശേഷം മെഡിക്കൽ ടൈം ഔട്ടെടുത്തെങ്കിലും പൂർണ ആരോഗ്യത്തോടെ റാക്കറ്റ് വീശാൻ നദാലിന് കഴിഞ്ഞില്ല. ഇടുപ്പിനേറ്റ പരിക്കിൽ നദാൽ വലഞ്ഞു. രണ്ടാം സെറ്റിനിടെയും താരത്തിന് വൈദ്യസഹായം വേണ്ടിവന്നു. ഇതോടെ ഗാലറിയിൽ കണ്ണീരണിഞ്ഞ ഭാര്യ മരിയയുടെ ദൃശ്യങ്ങള്‍ ആരാധകര്‍ക്ക് കണ്ണീരായി. നദാലിന്‍റെ പരിക്ക് മുതലെടുത്തായിരുന്നു മക്കെൻസിയുടെ കളിയും ജയവും. സ്കോർ 6-4, 6-3, 7-5. ഒന്നാം സീഡായ നദാലിനെതിരെ സീഡ് ചെയ്യപ്പെടാത്ത അമേരിക്കൻ താരം മക്കൻസി മക്ഡൊണാൾഡിന് കരിയറിലെ ഏറ്റവും വലിയ വിജയമായി ഇന്നത്തെ മത്സരം.

2016ന് ശേഷം ആദ്യമായാണ് റാഫേല്‍ നദാൽ ഓസ്ട്രേലിയൻ ഓപ്പണിന്‍റെ രണ്ടാം റൗണ്ടിൽ പുറത്താവുന്നത്. ആദ്യമായല്ല ഓസ്ട്രേലിയൻ ഓപ്പണിൽ പരിക്ക് നദാലിനെ വേട്ടയാടുന്നത്. 2011ലെ ക്വാർട്ടർ ഫൈനലിലും 2014ലെ ഫൈനലിലും 2018ലെ സെമി ഫൈനലിലും പരിക്ക് നദാലിനെ വലച്ചിട്ടുണ്ട്. കഴിഞ്ഞ ടൂർണമെന്‍റിൽ റഫേൽ നദാലായിരുന്നു ജേതാവ്. മെദ്‌വെദേവിനെ തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷമായിരുന്നു നദാലിന്‍റെ തിരിച്ചുവരവ്. സ്കോർ: 2-6, 6-7, 6-4, 6-4, 6-4. 

6, 6, 6! രാജകീയമായി 200ലേക്ക്; ഡബിള്‍ സെഞ്ചുറി ആഘോഷമാക്കി ഗില്‍, ആഘോഷത്തിമിര്‍പ്പില്‍ ടീമും- വീഡിയോ

click me!