തുടര്‍ച്ചയായ മൂന്ന് സിക്‌സുകളുമായി ഗില്‍ ഇരുനൂറ് റണ്‍സ് തികച്ചപ്പോള്‍ ഇന്ത്യയുടെ ഡ്രസിംഗ് റൂം ആഘോഷത്തിമിര്‍പ്പിലായി

ഹൈദരാബാദ്: ഇരട്ട സെഞ്ചുറി നേടുന്നെങ്കില്‍ ഇങ്ങനെ വേണം, വ്യക്തിഗത സ്കോര്‍ 182ല്‍ നില്‍ക്കേ തുടര്‍ച്ചയായി മൂന്ന് സിക്‌സുകളോടെ 200 തികയ്ക്കുക! കാണാന്‍ തന്നെ എന്തൊരു അഴകുള്ള കാഴ്‌ചയാണ് ഇതെന്ന് ആലോചിച്ച് നോക്കൂ. ഇങ്ങനെ കൃത്യമായ ക്രിക്കറ്റ് ഷോട്ടുകളുടെ മഴവില്‍ തീര്‍ത്ത് ഐതിഹാസിക ഇരട്ട സെഞ്ചുറി നേടുകയായിരുന്നു ഹൈദരാബാദില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. തുടര്‍ച്ചയായ മൂന്ന് സിക്‌സുകളുമായി ഗില്‍ ഇരുനൂറ് റണ്‍സ് തികച്ചപ്പോള്‍ ഇന്ത്യയുടെ ഡ്രസിംഗ് റൂം ആഘോഷത്തിമിര്‍പ്പിലായി. 

ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് ശുഭ്‌മാന്‍ ഗില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(200), വീരേന്ദര്‍ സെവാഗ്(219), രോഹിത് ശര്‍മ്മ(208, 209, 264), ഇഷാന്‍ കിഷന്‍(210) എന്നിങ്ങനെയാണ് ഏകദിന ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങള്‍. ഹൈദരാബാദിലെ ഇരട്ട സെഞ്ചുറിയോടെ ഏകദിനത്തില്‍ 200 തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലെത്തി ഗില്‍. ഇരട്ട സെഞ്ചുറി നേടുമ്പോള്‍ 23 വയസും 132 ദിവസവുമാണ് ഗില്ലിന്‍റെ പ്രായം. 24 വയസും 145 ദിവസവും പ്രായമുള്ളപ്പോള്‍ 200 നേടിയ ഇഷാന്‍ കിഷന്‍റെ പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡുണ്ടായിരുന്നത്. ഏകദിനത്തിൽ വേഗത്തിൽ 1000 റൺസിലെത്തുന്ന രണ്ടാമത്തെ താരം എന്ന നേട്ടവും ഗില്‍ സ്വന്തമാക്കി. പത്തൊൻപതാം ഇന്നിംഗ്സിലാണ് ഗിൽ 1000 റൺസ് പൂർത്തിയാക്കിയത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഹൈദരാബാദില്‍ ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ഏകദിനത്തില്‍ 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും ഗാലറിയിലെത്തിച്ച് ഗില്‍ 200 തികച്ചപ്പോള്‍ ഇന്ത്യ പടുകൂറ്റന്‍ സ്‌കോറിലെത്തി. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തെ ത്രസിപ്പിച്ച് ഗില്ലാടിയ മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 349 റണ്‍സ് നേടി. 145 പന്തിലായിരുന്നു ഗില്ലിന്‍റെ ഡബിള്‍. ഓപ്പണറായി ഇറങ്ങിയ ഗില്‍ 49.2 ഓവറും ക്രീസില്‍ നിന്ന ശേഷം 149 പന്തില്‍ 19 ഫോറും 9 സിക്‌സറും സഹിതം 208 റണ്‍സെടുത്താണ് മടങ്ങിയത്. 

വെടിച്ചില്ല് ഗില്‍, വെടിക്കെട്ട് ഇരട്ട സെഞ്ചുറി; ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍