'സമ്മര്‍ദഘട്ടങ്ങളില്‍ പതറാതെ'; ദിവ്യ ദേശ്മുഖ് ചെസ് ബോര്‍ഡിലെ എം എസ് ധോണി

Published : Jul 29, 2025, 03:32 PM IST
Divya Deshmukh

Synopsis

സമ്മര്‍ദഘട്ടങ്ങളില്‍ പതറാതെ ജയിച്ച് കയറുന്നതില്‍ ദിവ്യ ദേശ്മുഖ് എം എസ് ധോണിയെ അനുസ്മരിപ്പിക്കുന്നു. 

ദില്ലി: ചെസ് ബോര്‍ഡിലെ എം എസ് ധോണിയാണ് ദിവ്യ ദേശ്മുഖ്. സമ്മര്‍ദഘട്ടങ്ങളില്‍ പതറാതെ ജയിച്ച് കയറുന്നതാണ് ഇരുവരുടേയും പ്രത്യേകത. കുറഞ്ഞ പന്തുകളില്‍ കൂടുതല്‍ റണ്‍സ് വേണ്ടപ്പോള്‍ ഇന്ത്യയുടെ വിശ്വസ്തന്‍ ആയിരുന്നു മഹേന്ദ്ര സിംഗ് ധോണി. പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ ബാറ്റ് വീശിയ ധോണി എത്രയോ മത്സരങ്ങളില്‍ ഇന്ത്യയെ വിജയങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തി. ചെസ് വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ചാമ്പ്യനായ ദിവ്യ ദേശ്മുഖും ധോണിയെപ്പോലെയാണ്.

മത്സരത്തിലെ നിര്‍ണായക നിമിഷങ്ങളില്‍ പതറാതെ കരുക്കള്‍ നീക്കുന്ന ദിവ്യ സമ്മര്‍ദത്തെ അതിജീവിക്കുന്നതിലും മിടുക്കി. ലോക റാപ്പിഡ് ചാന്പ്യനായ കൊനേരു ഹംപിക്കെതിരായ ലോകകപ്പ് ഫൈനലില്‍ കണ്ടതും സമാന ദൃശ്യങ്ങള്‍. പരിചയ സമ്പന്നയായ ഹംപിയുടെ കെണികളെല്ലാം അതിജീവിച്ച ദിവ്യ മിന്നല്‍ നീക്കങ്ങളിലൂടെ ഹംപിയുടെ നിലതെറ്റിക്കുകയും ചെയ്തു. കറുത്ത കരുക്കളുമായി കളിച്ചിട്ടും ദിവ്യ ജയിച്ച് കയറിയതും ഇതുകൊണ്ടുതന്നെ. 2005 ഡിസംബര്‍ 9ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഡോക്ടര്‍ ദമ്പതികളായ ജിതേന്ദ്രയുടേയും നമ്രതയുടേയും രണ്ടാമത്തെ മകളായി ജനനം.

സഹോദരി ബാഡ്മിന്റണ്‍ താരം. അഞ്ചാം വയസ്സില്‍ ചെസ് ബോര്‍ഡില്‍ ആകൃഷ്ടയായ ദിവ്യ ഏഴാം വയസ്സില്‍ ദേശീയ ചാമ്പ്യനായി. ആദ്യ രാജ്യാന്തര കിരീടം 2014ല്‍, പത്തുവയസ്സില്‍ താഴെയുള്ളവരുടെ ഫിഡെ മാസ്റ്റര്‍ കിരീടം. 2021ല്‍ ഇന്ത്യയുടെ ഇരുപത്തിയൊന്നാം വനിതാ ഗ്രാന്‍മാസ്റ്ററായി. തൊട്ടടുത്തവര്‍ഷം ദേശീയ ചാമ്പ്യന്‍. ലോക ചെസ് ഒളിംപ്യാഡില്‍ വെങ്കലം നേടിയ ദിവ്യയുടെ കുതിപ്പായിരുന്നു പിന്നെ. ലോകകപ്പില്‍ പതിനഞ്ചാം സീഡായി ദിവ്യക്ക് കല്‍പിച്ചിരുന്നത് വിദൂരസാധ്യത മാത്രം.

അട്ടിമറി പരമ്പരകളിലൂടെ ഫൈനലില്‍ എത്തിയ ദിവ്യ, ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരത്തെ കറുത്ത കരുക്കളുമായി തോല്‍പിച്ചാണ് ചരിത്രം കുറിച്ചത്. കിരീടനേട്ടത്തോടെ ഇന്ത്യയുടെ എണ്‍പത്തിയെട്ടാമത്തെ ഗ്രാന്‍ഡ്മാസ്റ്ററായി മാറിയ ദിവ്യ ഈനേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം വനിതയുമായി.

PREV
Read more Articles on
click me!

Recommended Stories

അര്‍മാന്‍ഡ് ഡുപ്ലാന്റിസ് റക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ വര്‍ഷം
ഇന്ത്യന്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു; പാകിസ്ഥാന്‍ കബഡി താരത്തിന് വിലക്ക്