ഒന്നാം റാങ്കിന് എതിരാളികളില്ല; ഫെഡററുടെ റെക്കോഡ് മറികടക്കാനൊരുങ്ങി ജോക്കോവിച്ച്

By Web TeamFirst Published Mar 2, 2021, 12:09 PM IST
Highlights

അടുത്തയാഴ്ച ജോകോവിച്ച് ഫെഡററുടെ റെക്കോര്‍ഡ് മറികടക്കും. വ്യത്യസ്ത കാലങ്ങളിലായി അഞ്ച് തവണയാണ് ജോകോവിച്ച് ഒന്നാം റാങ്കിലെത്തിയത്.
 

ദോഹ: എടിപി റാങ്കിംഗില്‍ റോജര്‍ ഫെഡററുടെ റെക്കോര്‍ഡിന് ഒപ്പമെത്തി നൊവാക് ജോകോവിച്ച്. 310 ആഴ്ച ഒന്നാം റാങ്ക് സ്വന്തമാക്കിയ ഫെഡററുടെ റെക്കോര്‍ഡിന് ഒപ്പമാണ് ജോകോവിച്ച് എത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജേതാവായി പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടം നേടിയാണ് ജോകോവിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 

അടുത്തയാഴ്ച ജോകോവിച്ച് ഫെഡററുടെ റെക്കോര്‍ഡ് മറികടക്കും. വ്യത്യസ്ത കാലങ്ങളിലായി അഞ്ച് തവണയാണ് ജോകോവിച്ച് ഒന്നാം റാങ്കിലെത്തിയത്. റാഫേല്‍ നദാല്‍, ഡാനില്‍ മെദ്‌വദേവ്, ഡൊമിനിക് തീം, റോജര്‍ ഫെഡറര്‍, സ്റ്റെഫാനോസ് സിറ്റിസിപാസ്, അലക്‌സാണ്ടര്‍ സ്വരേവ്, ആന്ദ്രേ റുബ്ലേവ്, ഡീഗോ ഷ്വാര്‍ട്‌സ്മാന്‍, മത്തേയോ ബെരെറ്റീനി എന്നിവരാണ് രണ്ട് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.

കരിയര്‍ അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുന്ന കരുതുന്ന താരമാണ് സെര്‍ബിയക്കാരന്‍. ഇപ്പോള്‍ 18 കിരീടങ്ങള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്. 20 കിരീടങ്ങള്‍ വീതം നേടിയിട്ടുള്ള റോജര്‍ ഫെഡററും റാഫേല്‍ നദാലുമാണ് മുന്നിലുള്ളത്. 33 വയസ് മാത്രമുള്ള ജോക്കോവിച്ചിന് മുന്നില്‍ നാലോ- അഞ്ചോ വര്‍ഷങ്ങളുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇതിനിടെ ഫെഡറര്‍ മിയാമി ഓപ്പണില്‍ നിന്ന് പിന്മാറി. വര്‍ക്ക ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫെഡററുടെ പിന്മാറ്റം. ദോഹ ഓപ്പണിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്. തുടര്‍ന്ന് ദുബായ് ഓപ്പണിലും കളിക്കും. കാല്‍മുട്ടിന് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മുകളിലായി കളത്തിന് പുറത്താണ് ഫെഡറര്‍.

click me!