
ദില്ലി: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടം കൊയ്ത രാജ്യത്തിന്‍റെ അഭിമാനമായ കായികതാരങ്ങളെ വസതിയിൽ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡൽ തിളക്കവുമായി എത്തിയ കായിക താരങ്ങളുമായി പ്രധാനമന്ത്രി സൗഹൃദ സംഭാഷണം നടത്തി. ബോക്‌സിങ് റിംഗിൽ ഇന്ത്യ സൃഷ്ടിച്ച ആധിപത്യത്തെക്കുറിച്ചും എതിരാളികളിൽ പടർന്ന 'ഇന്ത്യൻ ഭീതി'യെക്കുറിച്ചും താരങ്ങൾ പ്രധാനമന്ത്രിയോട് മനസ്സ് തുറന്നു. ഗ്ലാസ്‌ഗോയിൽ 10 മെഡലുകളുമായാണ് ഇന്ത്യൻ ബോക്‌സിങ് സംഘം തിരിച്ചെത്തിയത്. ഇതിൽ ഏഴ് സ്വര്‍ണവും ഉള്‍പ്പെടുന്നു. ബോക്‌സിങ്ങിന് പുറമേ ജൂഡോയിൽ ചരിത്രത്തിലാദ്യമായി സ്വർണ്ണവും ഡെക്കാത്‌ലണിൽ കന്നി വെള്ളിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
റിംഗിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ എതിരാളികൾ ഭയപ്പാടോടെയാണ് കണ്ടതെന്ന് ബോക്‌സിങ് താരം സാക്ഷി ചൗധരി പ്രധാനമന്ത്രിയോട് പറഞ്ഞു. ഇന്ത്യൻ താരത്തിനെതിരെയാണ് അടുത്ത മത്സരമെന്ന് അറിയുമ്പോൾ തന്നെ ആദ്യ റൗണ്ടിൽ തോറ്റ് പുറത്താകുമെന്നും മെഡൽ പ്രതീക്ഷ തീർന്നുവെന്നും എതിരാളികൾ ഉറപ്പിച്ചിരുന്നു. അത്രത്തോളം ഭയമായിരുന്നു എല്ലാവർക്കും- സാക്ഷി വ്യക്തമാക്കി. ലോകത്തിന് മുന്നിൽ ഇന്ത്യൻ ബോക്‌സർമാരുടെ മൂല്യം ഉയർന്നോ എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് ബോക്സിംഗ് താരം ലോവ്ലിന ബോർഗോഹെയ്ൻ ആണ് മറുപടി നല്‍കിയത്.
തീർച്ചയായും സർ, എല്ലാവരും പേടിയിലായിരുന്നു. ഓരോ വിഭാഗത്തിലും തുടർച്ചയായി ഇന്ത്യ സ്വർണ്ണം നേടുന്നത് വലിയൊരു സ്‌ഫോടനം പോലെയാണ് അനുഭവപ്പെട്ടത്. 'ഖേലോ ഇന്ത്യ' പോലുള്ള പദ്ധതികളിലൂടെ നിരന്തരം മത്സര പരിചയം ലഭിക്കുന്നത് യുവതാരങ്ങൾക്ക് വലിയ കരുത്താകുന്നുണ്ടെന്ന് ലോവ്‌ലിന പറഞ്ഞു.
#WATCH | PM Modi interaction with CWG 2026 medal winners | PM Modi asks Boxer Lovlina Borgohain about her conversation over the map of India at a restaurant in Glasgow; she says, "We had performed so well; it was the last day, everyone had won, and there were Indians all around.… pic.twitter.com/qqlD6n1h5H
— ANI (@ANI) August 10, 2026
കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡലിൽ ഹാട്രിക് തികച്ച പ്രമുഖ വെയ്റ്റ്‌ലിഫ്റ്റർ മീരാബായ് ചാനുവും പ്രധാനമന്ത്രിയുമായി ഓർമ്മകൾ പങ്കുവെച്ചു. മെഡൽ നേട്ടത്തിന് ശേഷം ദേശീയ പതാക ഉയരുമ്പോൾ വികാരാധീനയായി കരഞ്ഞതിനെക്കുറിച്ചായിരുന്നു മോദിയുടെ ചോദ്യം. പാരീസ് ഒളിമ്പിക്സിൽ വെറും 1 കിലോഗ്രാമിന്‍റെ വ്യത്യാസത്തിൽ മെഡൽ നഷ്ടമായതിന്‍റെ വേദന മനസ്സിലുണ്ടായിരുന്നുവെന്ന് ചാനു പറഞ്ഞു. കഴിഞ്ഞ നാല് വർഷം പരിക്കുകളും വ്യക്തിപരമായ പ്രതിസന്ധികളും കാരണം വലിയ വെല്ലുവിളികളാണ് നേരിട്ടത്. അതിനാൽ വീണ്ടും വിക്ടറി സ്റ്റാൻഡിൽ നിന്ന് ദേശീയഗാനം കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണീരടക്കാനായില്ലെന്ന് ചാനു വ്യക്തമാക്കി. മീരാബായ് ചാനു, ലോവ്ലിന ബോർഗോഹെയ്ൻ, സാക്ഷി ചൗധരി, അസ്മിത ദേബ് തുടങ്ങി ഗെയിംസിൽ തിളങ്ങിയ പ്രമുഖ താരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക