ലോക അണ്ടർ-20 അത്‌ലറ്റിക്സ്: ചരിത്രനേട്ടവുമായി ഷാനവാസ് ഖാൻ; ലോങ് ജമ്പിൽ വെങ്കല മെഡൽ

Published : Aug 09, 2026, 01:16 PM IST
Shahnavaz Khan Long Jump

Synopsis

ക്വാളിഫയിങ് റൗണ്ടിൽ 7.73 മീറ്റർ കണ്ടെത്തിയാണ് ഷാനവാസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലിൽ തന്‍റെ മൂന്നാം ശ്രമത്തിലാണ് ഷാനവാസ് മെഡൽ ഉറപ്പിച്ച 7.84 മീറ്റർ ദൂരം പിന്നിട്ടത്.

ഡാളളസ്: ലോക അണ്ടർ-20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനിമിഷം. പുരുഷന്മാരുടെ ലോങ് ജമ്പിൽ ഇന്ത്യൻ താരം ഷാനവാസ് ഖാൻ വെങ്കല മെഡൽ സ്വന്തമാക്കി. 7.84 മീറ്റർ ദൂരം ചാടിയാണ് ഇരുപതുകാരനായ ഷാനവാസ് മെഡൽ നേട്ടം കൈവരിച്ചത്. ഇതോടെ ലോകവേദിയിൽ ഒരു അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ് ജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന ചരിത്രനേട്ടവും ഷാനവാസ് സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. നേരത്തെ ആശിഷ് യാദവും വസന്ത് മേഘ്‌വാളും വെള്ളി മെഡലുകൾ നേടിയിരുന്നു.

ക്വാളിഫയിങ് റൗണ്ടിൽ 7.73 മീറ്റർ കണ്ടെത്തിയാണ് ഷാനവാസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലിൽ തന്‍റെ മൂന്നാം ശ്രമത്തിലാണ് ഷാനവാസ് മെഡൽ ഉറപ്പിച്ച 7.84 മീറ്റർ ദൂരം പിന്നിട്ടത്. ആദ്യ രണ്ട് ശ്രമങ്ങളിൽ യഥാക്രമം 7.67 മീറ്ററും 7.72 മീറ്ററുമായിരുന്നു ഷാനവാസ് പിന്നിട്ടത്. നാലാം ശ്രമത്തിൽ 7.52 മീറ്ററിലെത്താനേ കഴിഞ്ഞുള്ളൂ. അവസാന ശ്രമത്തിന് ശേഷം പേശിവലിവ് കാരണം താരം മൈതാനത്ത് വേദനകൊണ്ട് വീണെങ്കിലും, പിന്നാലെ മത്സരിച്ച മറ്റ് താരങ്ങൾക്കാർക്കും ഷാനവാസിന്‍റെ ദൂരം മറികടക്കാൻ സാധിച്ചില്ല. ഇറ്റലിയുടെ ഡാനിയേൽ ഇൻസോളിക്കാണ് (7.97 മീറ്റർ) സ്വർണ്ണം. ഓസ്ട്രേലിയയുടെ മേസൺ മക്ഗ്രോഡർ (7.96 മീറ്റർ) വെള്ളി നേടി. മത്സരത്തിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം ആർ.സി. ജിതിൻ അർജുനൻ 7.59 മീറ്റർ ദൂരത്തോടെ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

നാല് മാസത്തിനിടെ അവിശ്വസനീയ മുന്നേറ്റം

ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലെ മധായ്പൂർ ഗ്രാമത്തിൽ നിന്നാണ് ഷാ നവാസിന്‍റെ വരവ്. ടാക്സി ഡ്രൈവറായ പിതാവിന്‍റെ മകനായ ഷാ നവാസിന് കായികപശ്ചാത്തലമുള്ള കുടുംബമാണ് തണലായത്. കഴിഞ്ഞ നാല് മാസത്തിനിടെ തന്‍റെ വ്യക്തിഗത മികച്ച ദൂരം 8.30 മീറ്ററായി ഉയർത്താൻ ഷാനവാസിന് സാധിച്ചിരുന്നു. ഏഷ്യൻ തലത്തിൽ ശ്രദ്ധേയനായതിന് പിന്നാലെ ലോക വേദിയിലും പതറാതെ പോരാടി മെഡൽ കൊയ്തതോടെ ഇന്ത്യൻ അത്‌ലറ്റിക്സിന്‍റെ പുതിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ് ഈ യുവതാരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാര്യവട്ടം സായ് റീജിയണൽ സെന്‍ററിൽ പെൺകുട്ടികൾക്കായുള്ള വോളിബോൾ സെലക്ഷൻ ട്രയൽസ്
ജാവലിനിൽ വീണ്ടും ഇന്ത്യൻ തിളക്കം; ലോക അണ്ടർ-20 അത്‌ലറ്റിക്സിൽ നീരജ് ചോപ്രയുടെ വഴിയിൽ ആശിഷ് യാദവിന് വെള്ളി