ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഇന്ത്യക്കാരന്‍ ഓടിയോ...; സോഷ്യല്‍ മീഡിയയില്‍ താരമായി കര്‍ണാടകക്കാരന്‍

Published : Feb 14, 2020, 06:13 PM ISTUpdated : Feb 15, 2020, 08:14 PM IST
ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഇന്ത്യക്കാരന്‍ ഓടിയോ...; സോഷ്യല്‍ മീഡിയയില്‍ താരമായി കര്‍ണാടകക്കാരന്‍

Synopsis

100 മീറ്റര്‍ വെറും 9.55 സെക്കന്‍റില്‍ ശ്രീനിവാസ ഗൗഡ ഓടിയെത്തിയെന്നാണ് അവകാശ വാദം. അതും ചെളിയിലൂടെ  പോത്തിനോടൊപ്പം. 

ബെംഗളൂരു: ലോകത്തിലെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍  വേഗത്തില്‍ ഇന്ത്യക്കാരന്‍ ഓടിയോ..?. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യമാണിത്. കര്‍ണാടക സ്വദേശി ശ്രീനിവാസ ഗൗഡ എന്ന 28കാരനാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 100 മീറ്റര്‍ വെറും 9.55 സെക്കന്‍റില്‍ ശ്രീനിവാസ ഗൗഡ ഓടിയെത്തിയെന്നാണ് അവകാശ വാദം. അതും ചെളിയിലൂടെ പോത്തിനൊപ്പം. കര്‍ണാടകയിലെ പരമ്പരാഗത കായിക ഇനമായ കമ്പള മത്സരത്തിലാണ് മിന്നും പ്രകടനം. മൊത്തം 142.5 മീറ്റര്‍ 13.62 സെക്കന്‍റിനുള്ളില്‍ ഗൗഡ മറി കടന്നെന്നാണ് പറയുന്നത്. കമ്പളയെന്നാണ് ഈ കായിക മത്സരത്തിന്‍റെ പേര്. കമ്പളയുടെ പ്രധാന കേന്ദ്രമായ ദക്ഷിണകന്നഡയിലെ ഉഡുപ്പിയിലായിരുന്നു ഗൗഡയുടെ മത്സരം. 

12 കമ്പാലകളില്‍ നിന്നായി ശ്രീനിവാസ ഗൗഡ 29 മെഡലുകള്‍ നേടിയെന്ന് റഫറിയായ വിജയകുമാര്‍ കംഗിനാമനെ പറയുന്നു. നിര്‍മാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡ കഴിഞ്ഞ ആറ് വര്‍ഷമായി കമ്പള മത്സരത്തില്‍ സജീവമാണ്. സംസ്ഥാനത്തെ അറിയപ്പെടുന്ന താരമായി ശ്രീനിവാസ ഗൗഡ വളര്‍ന്നു. ഒരു മത്സരത്തില്‍ വിജയിച്ചാല്‍ 1-2 ലക്ഷം രൂപവരെ പ്രതിഫലം ലഭിക്കും. 2009ലാണ് ഉസൈന്‍ ബോള്‍ട്ട് റെക്കോഡ് സ്ഥാപിച്ചത്. ബെര്‍ലിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ 9.58 സെക്കന്‍റ് കൊണ്ട് ഓടി തീര്‍ത്താണ് ബോള്‍ട്ട് റെക്കോര്‍ഡ് സ്ഥാപിച്ചത്. അതേസമയം, ശ്രീനിവാസ് ഗൗഡയുടെ വേഗം പോത്തുകളുടെ സഹായത്തോടെയായിരുന്നു എന്നതാണ് പ്രധാന വ്യത്യാസം. 

ശ്രീനിവാസ ഗൗഡയെപ്പോയുള്ളവര്‍ക്ക് കൃത്യമായ പരിശീലനവും മത്സര പരിചയവും നല്‍കിയാല്‍ ലോക റെക്കോഡ് സ്ഥാപിക്കുന്ന ഓട്ടക്കാര്‍ ഇന്ത്യക്കുണ്ടാകുമെന്ന് നിരവധി കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നു. 

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി