സാറ്റർഡേ നൈറ്റ് മെയിൻ ഇവന്റിൽ എതിരാളിയായ ഗുന്തർ ജോൺ സീനയെ സ്ലീപ്പർ ഹോൾഡിൽ കുരുക്കിയതോടെയാണ് ജോൺ സീന തോൽവിക്ക് വഴങ്ങിയത്.
വാഷിംഗ്ടൺ: ഇരുപത് വർഷത്തിലേറെ നീണ്ട റെസ്ലിംഗ് കരിയർ അവസാനിപ്പിച്ച് ഡബ്ല്യു ഡബ്ല്യു ഇ താരം ജോൺ സീന. വാഷിംഗ്ടണിൽ ശനിയാഴ്ച നടന്ന അവസാന മത്സരത്തിൽ തോൽവിയോടെയാണ് പ്രേക്ഷരുടെ പ്രിയ താരം കരിയർ അവസാനിപ്പിച്ചത്. സജീവ റെസ്ലിംഗ് കരിയർ അവസാനിപ്പിക്കുമെന്ന് ജോൺ സീന നേരത്തെ വിശദമാക്കിയിരുന്നു. ഡബ്ല്യു ഡബ്ല്യു ഇയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് ജോൺ സീന. 22ാം വയസിലാണ് ജോൺ സീന ഡബ്ല്യു ഡബ്ല്യു ഇയിൽ എത്തുന്നത്. 2000ത്തിൽ ആയിരുന്നു ജോൺ സീന റെസ്ലിംഗ് ആരംഭിച്ചത്. അവസാന മത്സരത്തിൽ ജോൺ സീനയുടെ തോൽവി ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു. സാറ്റർഡേ നൈറ്റ് മെയിൻ ഇവന്റിൽ എതിരാളിയായ ഗുന്തർ ജോൺ സീനയെ സ്ലീപ്പർ ഹോൾഡിൽ കുരുക്കിയതോടെയാണ് ജോൺ സീന തോൽവിക്ക് വഴങ്ങിയത്. തന്റെ ഷൂസും ആം ബാൻഡും അടക്കമുള്ളവ റിംഗിൽ ഉപേക്ഷിച്ചാണ് താരം മടങ്ങിയത്. അവസാന മത്സരത്തിലെ തോറ്റുമടക്കത്തിന് പിന്നാലെ ഡബ്ല്യു ഡബ്ല്യു ഇ ചീഫ് കണ്ടന്റ് ഓഫീസറായ ട്രിപ്പിൾ എച്ചിനെതിരെ ആരാധകരുടെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
അവസാന മത്സരത്തിൽ ജോൺ സീനയ്ക്ക് തോറ്റ് മടങ്ങുന്ന തരത്തിൽ കണ്ടന്റ് തയ്യാറാക്കിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. എന്നാൽ തോൽവി സമ്മതിച്ച് ടാപ് ഔട്ട് ചെയ്തത് ജോൺ സീനയുടെ തീരുമാനമായി സമൂഹമാധ്യമങ്ങളിൽ ആരാധകർ വിശദമാക്കുന്നുണ്ട്. വിരമിക്കാനുള്ള സമയമായെന്ന സൂചനയായാണ് ജോൺ സീനയുടെ ഈ ടാപ് ഔട്ടിനെ പലരും വിലയിരുത്തുന്നത്. ചിരിയോടെ തന്നെ ജോൺ സീന ടാപ് ഔട്ട് ചെയ്തതാണ് തീരുമാനം സീനയുടേത് തന്നെയാണെന്ന് പലരും സൂചിപ്പിക്കുന്നത്.
റോ, സ്മാക്ക്ഡൗൺ എന്നിവയിൽ ആരാധകരുടെ പ്രിയ താരമായിരുന്നു ജോൺ സീന. ഡബ്ലു ഡബ്ലു ഇ ഹാൾ ഓഫ് ഫെയിം മിഷേൽ മക്കൂൾ, ട്രിഷ് സ്ട്രാറ്റസ്, കർട്ട് ആംഗിൾ, മാർക്ക് ഹെൻട്രി, റോബ് വാൻഡം തുടങ്ങിയ ജോൺ സീനയുടെ എതിരാളികളെല്ലാം തന്നെ സീനയുടെ അവസാന മത്സരം കാണാനെത്തിയിരുന്നു. അമേരിക്കയിലെ വെസ്റ്റ് ന്യൂബറിയിൽ 1977 ഏപ്രിലിൽ ജനിച്ച ജോൺ സീന ലോക ഹെവിവെയ്റ്റ് ചാംപ്യൻഷിപ്പ് 3 തവണയും റോയൽ റംബിൾ 2 തവണയും താരം നേടിയിട്ടുണ്ട്. 16 സിനിമകളിലും ജോൺ സീന അഭിനയിച്ചിട്ടുണ്ട്.


