കൊവിഡ് 19: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് മാറ്റിവച്ചു

By Web TeamFirst Published Mar 24, 2020, 2:39 PM IST
Highlights

ഏപ്രില്‍ പത്ത് മുതല്‍ പതിമൂന്ന് വരെയാണ് ഫെഡറേഷന്‍ കപ്പ് നിശ്ചയിച്ചിരുന്നത്. നേരത്തെ, പട്യാല, സാംഗരൂര്‍, ദില്ലി എന്നിവടങ്ങളില്‍ നടത്താനിരുന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീകളും മാറ്റിവച്ചു.

പട്യാല: അടുത്ത മാസം പട്യാലയില്‍ നടത്താനിരുന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് മാറ്റിവച്ചു. കൊവിഡ് രാജ്യത്ത് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ടോക്കിയോ ഒളിംപിക്‌സിനുള്ള യോഗ്യത മത്സരം കൂടിയാണ് ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്. ഒളിംപിക്‌സ് മാറ്റിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതും ഫെഡറേഷന്‍ കപ്പ് നീട്ടാന്‍ കാരണമായി.

ഏപ്രില്‍ പത്ത് മുതല്‍ പതിമൂന്ന് വരെയാണ് ഫെഡറേഷന്‍ കപ്പ് നിശ്ചയിച്ചിരുന്നത്. നേരത്തെ, പട്യാല, സാംഗരൂര്‍, ദില്ലി എന്നിവടങ്ങളില്‍ നടത്താനിരുന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീകളും മാറ്റിവച്ചു. താരങ്ങളുടേയും ഒഫീഷ്യല്‍സിന്റെയും സുരക്ഷ പരിഗണിച്ചാണ് മീറ്റുകള്‍ മാറ്റുന്നതെന്ന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് ആദില്‍ സുമരിവാല പറഞ്ഞു. നേരത്തെ, ജാവലിന്‍ ത്രോ താരങ്ങളായ നീരജ് ചോപ്ര, ശിവ്പാല്‍ സിംഗ് എന്നിവരോട് ഐസൊലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ടോക്കിയോ ഒളിംപിക്സിനുള്ള പരിശീലന ക്യാംപ് ഒഴികെ എല്ലാ ദേശീയ പരിശീലന ക്യാംപുകളും ഒരറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കാന്‍ കായിക മന്ത്രി കിരണ്‍ റിജിജു നിര്‍ദേശം നല്‍കിയിരുന്നു. അക്കാദമിക് പരിശീലനങ്ങളും, സായ് കേന്ദ്രങ്ങളിലെ പരിശീലനങ്ങളും റദ്ദാക്കിയവില്‍ ഉള്‍പ്പെടും.

click me!