ഇന്ത്യക്ക് ഒളിമ്പിക്‌സ് സ്വർണം കിട്ടാതെ പോവുന്നതിന്റെ അഞ്ചു കാരണങ്ങൾ

By Web TeamFirst Published Aug 10, 2021, 12:10 PM IST
Highlights

ടോക്കിയോ ഒളിമ്പിക്സിന് ഇന്ത്യ പറഞ്ഞു വിട്ടത് 228 അംഗങ്ങൾ അടങ്ങിയ ഒരു വൻ സംഘത്തെയാണ്, കിട്ടിയത് ഏഴു മെഡലുകൾ മാത്രവും.

136 കോടി ജനങ്ങൾ അധിവസിക്കുന്ന ഒരു വലിയ രാജ്യമാണ് ഇന്ത്യ. എന്നാൽ, ഓരോ ഒളിമ്പിക്സ് വരുമ്പോഴും ഇന്ത്യയിലെ സ്പോർട്സ് താരങ്ങൾ മെഡലുകൾ നേടുന്ന കാര്യത്തിൽ  സ്വന്തം ജനതയെ നിരാശപ്പെടുത്താറാണ് പതിവ്. ഇത്തവണ നീരജ് ചോപ്രയുടെ ഒരു സ്വർണമെഡൽ നമുക്ക് കിട്ടി എങ്കിലും, നമ്മളോളം ജനസംഖ്യയുള്ള ചൈനയെയും അമേരിക്കയെയും, നമ്മളെക്കാൾ എത്രയോ കുറച്ച് ജനവാസം മാത്രമുള്ള ജപ്പാനെയും യുകെയെയും ഒക്കെ ആയി താരതമ്യപ്പെടുത്തിയാൽ ഇന്ത്യയുടെ മെഡൽ നേട്ടം എത്രയോ കുറവാണ് എന്ന് കാണാം. 

ടോക്കിയോ ഒളിമ്പിക്സിന് ഇന്ത്യ പറഞ്ഞു വിട്ടത് 228 അംഗങ്ങൾ അടങ്ങിയ ഒരു വൻ സംഘത്തെയാണ്. മടങ്ങിയെത്തുമ്പോൾ, ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവും അടക്കം ഏഴു മെഡലുകളാണ് നമ്മുടെ അത്‌ലറ്റുകൾ നേടിയിരിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബ പോലും ഏഴു സ്വർണമടക്കം പതിനഞ്ചിലധികം മെഡലുകൾ നേടുന്നതിന് ടോക്കിയോ സാക്ഷ്യം വഹിക്കുകയുണ്ടായി. ക്രിക്കറ്റിന്റെ കാര്യമെടുത്താൽ ഇന്ത്യ ലോകത്തിലെ മറ്റേതൊരു രാജ്യത്തോടും മുട്ടാൻ പോന്ന ഒന്നാണ്. ലോകത്തിലെ പല ഒന്നാം നിര ബിസിനസ് സ്ഥാപനങ്ങളുടെയും  തലപ്പത്തുള്ളതും ഇന്ത്യൻ മസ്തിഷ്കങ്ങൾ തന്നെ. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യക്ക് ഒളിമ്പിക്സ് മെഡലുകൾ നേടുന്ന കാര്യത്തിൽ മാത്രം കാര്യമായ പുരോഗതിയൊന്നും നേടാൻ സാധിക്കാതെ പോവുന്നത്? അതിനു മുഖ്യമായും അഞ്ചു കാരണങ്ങളാണ് ഉള്ളത് 

1. വേണ്ടത്ര സാമ്പത്തിക സഹായം ലഭിക്കാതെ പോവുന്നത്

ഇന്ത്യൻ അത്‌ലറ്റുകൾ പലർക്കും ഉപജീവനത്തിനും, മികച്ച പരിശീലനം നേടുന്നതിനും ലോകോത്തര നിലവാരമുള്ള ട്രെയ്നിങ് കിറ്റുകൾ വാങ്ങുന്നതിനും ഒന്നും വേണ്ടത്ര ഫണ്ട് കിട്ടാറില്ല. 2008 -ൽ ബെയ്ജിങ്ങിൽ ആദ്യമായി ഇന്ത്യക്കുവേണ്ടി സ്വർണം നേടിയ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര തന്നെ ഇക്കാര്യത്തിൽ വേണ്ടത്ര ഗവണ്മെന്റ് ഫണ്ടിങ് കിട്ടുന്നതിൽ ഉണ്ടാകുന്ന കാലതാമസത്തെക്കുറിച്ച് മുൻകാലങ്ങളിൽ പരാതിപ്പെട്ടിട്ടുണ്ട്. സ്പോർട്സ് ഫെഡറേഷനുകൾ സാമ്പത്തിക സ്വയംപര്യാപ്തത നേടേണ്ടതുണ്ട് എന്നൊരു അഭിപ്രായം മുൻകാലങ്ങളിൽ സ്പോർട്സ് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായപ്പോൾ, ഇന്ത്യൻ ഒളിമ്പിക്  അസോസിയേഷൻ പറഞ്ഞത്, ക്രിക്കറ്റ് ഒഴികെയുള്ള ഒരു സ്പോർട്സ് ഇനത്തിനും സർക്കാരിൽ നിന്നുള്ള ഗ്രാന്റുകൾ കൂടാതെ നിലനിൽക്കാനാവില്ല എന്നാണ്. ഒളിമ്പിക്സ് പോലുള്ള വലിയ വേദികളിൽ മെഡൽ നേട്ടങ്ങൾ കൈവരിക്കണം എങ്കിൽ, കായിക പരിശീലനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് ഗവണ്മെന്റ്, കോർപറേറ്റ് മേഖലകളിൽ നിന്നുള്ള കുറേക്കൂടി മെച്ചപ്പെട്ട നിക്ഷേപങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

2. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം

ഇന്ത്യയിലെ ഏറ്റവും മികച്ച പല അത്‌ലറ്റുകളും ഇന്നും ഉയർത്തുന്ന ഒരു പരാതി അവർക്ക് ഒന്നാം കിട കോച്ചുകളും, സ്റ്റേഡിയങ്ങളും, ഉപകരണങ്ങളും ഒന്നും കിട്ടുന്നില്ല എന്നാണ്. കർണം മല്ലേശ്വരി 2000 സിഡ്‌നി ഒളിമ്പിക്സിൽ വെങ്കലം നേടിയ താരമാണ്. അവർ പറഞ്ഞത് ഒരു മെഡൽ നേട്ടം കൈവരിക്കും വരെ തന്നെ സഹായിക്കാൻ ഒരാളും ഉണ്ടായിരുന്നില്ല എന്നാണ്. മെഡൽ നേടും വരെ താൻ പരിശീലനത്തിന് ഉപയോഗിച്ചിരുന്ന വെയ്റ്റുകൾ പോലും ഒളിമ്പിക് സ്റ്റാൻഡേർഡ് ഉള്ളവ ആയിരുന്നില്ല എന്നാണ്. 

 

3. അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളോട് മത്സരിക്കാനുള്ള അവസരങ്ങൾ കുറവാണ് 

ജൂഡോ പോലുള്ള പല മത്സരയിനങ്ങളിലും താരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളോട് എതിരിടാനുള്ള വേദികൾ കിട്ടുക വളരെ പ്രയാസമാണ്. 2019 -ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവായ ജസ്ലീൻ സിംഗ് സെയ്നി, ടോക്കിയോ ഒളിമ്പിക്സിന് വേണ്ടി തയ്യാറെടുത്ത് പേഴ്സണൽ ലോണുകളുടെ ബലത്തിലാണ്. ഈ മത്സരങ്ങളിൽ ഒക്കെ ജയിച്ചു വന്നിട്ടും അതാത് സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് വേണ്ടത്ര പ്രോത്സാഹനം സാമ്പത്തിക സഹായങ്ങളുടെ രൂപത്തിൽ ഉണ്ടാവാത്തത് ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന പല ടൂർണമെന്റുകളിലും പങ്കെടുക്കുന്നതിൽ നിന്ന് താരങ്ങളെ തടയുന്നു. 

 

4. രാജ്യത്തിന്റെ ക്രിക്കറ്റ് ഭ്രമം 

ഇന്ത്യൻ സ്പോർട്സ് രംഗത്തെ ഫണ്ടുകളുടെ സിംഹഭാഗവും അപഹരിക്കുന്നത് ക്രിക്കറ്റ് എന്ന ഒരൊറ്റ കായിക ഇനമാണ്. സർക്കാർ/സ്വകാര്യ മേഖലകളിൽ നിന്നുള്ള ഫണ്ടിങ്ങുകളിൽ പലതും ക്രിക്കറ്റിനെ ലക്ഷ്യമിട്ടു മാത്രമുള്ളതാണ്. ടെലിവിഷൻ സംപ്രേഷണ സമയത്തും കാണികൾ ഏറെയുള്ളത് ക്രിക്കറ്റിന് തന്നെയാണ് എന്നതുകൊണ്ട് സ്പോൺസർഷിപ്പുകളും കൂടുതലായി തേടിയെത്തുക ക്രിക്കറ്റ് താരങ്ങളെ തന്നെയാണ്. ക്രിക്കറ്റ് എന്ന സ്പോർട്സിലേക്ക് കൂടുതൽ ശ്രദ്ധയും ഫണ്ടും ചെല്ലുന്നത് അത്‌ലറ്റിക്‌സ് അടക്കമുള്ള മറ്റുമേഖലകളെ തളർത്താൻ ഒരു പരിധി വരെ കാരണമാവുന്നുണ്ട്. 

 

5. മാധ്യമങ്ങൾ വേണ്ടത്ര പ്രൊമോഷൻ നൽകാത്തത് 

ക്രിക്കറ്റ്, ഫുട്ബാൾ, കബഡി, ഹോക്കി തുടങ്ങി പല ഇനങ്ങളിലും മാധ്യമങ്ങൾക്ക് തികഞ്ഞ ശ്രദ്ധയുണ്ട് എങ്കിലും, ഒളിമ്പിക്സിന്റെ കാര്യത്തിൽ ഇന്നും വേണ്ടത്ര ആവേശം ഇന്ത്യൻ മീഡിയക്ക് കാണുന്നില്ല. ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾ ഏതൊക്കെ ഇനങ്ങളിൽ മത്സരിക്കുന്നു എന്നോ, ആ മത്സരങ്ങളിൽ അവരുടെ പ്രകടനം എങ്ങനെ എന്നോ ഒന്നുമുള്ള വിവരങ്ങൾ പലപ്പോഴും മാധ്യമങ്ങളിൽ വേണ്ടത്ര ചർച്ചയാവാറില്ല. ഇന്ത്യൻ മാധ്യമങ്ങൾ എന്നും അവഗണനയുടെ മാത്രം പരിചരിക്കുന്നു എന്നതും നമ്മുടെ ഒളിമ്പിക്സ് സ്വപ്‌നങ്ങൾ യാഥാർഥ്യമാകാതെ പോവുന്നതിന് ഒരു പ്രധാന കാരണം തന്നെയാണ്.
 

click me!