ബ്രസ്സൽസിൽ നടക്കുന്ന പരിപാടിയിലേക്കുള്ള എട്ടംഗ ഇന്ത്യൻ സംഘത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അദ്ദേഹത്തെ തിരഞ്ഞെടുത്തത്. 

കൊച്ചി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും യു.എസും സംയുക്തമായി നടത്തുന്ന സ്ട്രാറ്റജിക് ട്രേഡ് കണ്‍ട്രോള്‍ അഡ്വാ ന്‍സ്ഡ് ലൈസന്‍സിങ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ കേരളത്തില്‍ നിന്ന് റോയ് വര്‍ഗീസും.ബ്രസ്സല്‍സില്‍ ഡിസംബര്‍ 10, 11 തീയതികളില്‍ നടക്കുന്ന പരിപാടിക്ക് എട്ടംഗ സംഘത്തെയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അയയ്ക്കുന്നത്. മുന്‍ രാജ്യാന്തര അത്‌ലറ്റായ റോയ് വര്‍ഗീസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗത്തില്‍ ഡപ്യൂട്ടി കമ്മിഷണര്‍ ആണ്.

കേരളത്തിലെ ഏറ്റവും വേഗം കൂടിയ ഓട്ടക്കാരനും കേരള സര്‍വകലാശാലയില്‍ 100 മീ, 200 മീ. റെക്കോര്‍ഡ് ഉടമയുമായിരുന്ന റോയ് സ്‌പോര്‍ട്‌സ് ക്വോട്ടയിലാണ് കസ്റ്റംസില്‍ ചേര്‍ന്നത്.2024-25 ല്‍ കൊച്ചി വിമാനത്താവളത്തില്‍ റോയ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ 196 കേസുകളിലായി 100 കോടി രൂപ വിലമതിക്കുന്ന 105 കിലോ സ്വര്‍ണവും 20 കേസുകളില്‍ 100 കോടി രൂപ വിലമതിക്കുന്ന 108 കിലോ ലഹരി വസ്തുക്കളും പിടികൂടിയിരുന്നു. അത്‌ലറ്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സ്ഥാപകാംഗവും നിലവില്‍ പ്രസിഡന്റുമായ റോയ് കായിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.