Latest Videos

നല്ല വാക്കുകള്‍ക്ക് നന്ദി, എന്നാല്‍ വിജയം നിങ്ങളുടേത് മാത്രം; നീരജ് ചോപ്രയോട് അഭിനവ് ബിന്ദ്ര

By Web TeamFirst Published Aug 10, 2021, 11:35 AM IST
Highlights

ഏഷ്യാനെറ്റ് ന്യൂസിലൂടെയുള്ള ചോപ്രയുടെ പ്രതികരണത്തിനുള്ള മറുപടിയായാണ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ ബിന്ദ്രയുടെ വാക്കുകള്‍. 

ദില്ലി: ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക് മെഡല്‍ ജേതാവെന്ന സുവര്‍ണനേട്ടം സ്വന്തമാക്കിയ ജാവലിന്‍ താരം നീരജ് ചോപ്രയെ പ്രശംസിച്ച് ഒളിംപ്യന്‍ അഭിനവ് ബിന്ദ്ര. ഏഷ്യാനെറ്റ് ന്യൂസിലൂടെയുള്ള ചോപ്രയുടെ പ്രതികരണത്തിനുള്ള മറുപടിയായാണ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ ബിന്ദ്രയുടെ വാക്കുകള്‍. ടോക്കിയോയില്‍ സ്വര്‍ണം നേടാന്‍ പ്രചോദനമായത് ബിന്ദ്രയാണ് എന്ന് ചോപ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

കഠിനാധ്വാനത്തിന് കയ്യടിച്ച് അഭിനവ് ബിന്ദ്ര

'പ്രിയപ്പെട്ട നീരജ് ചോപ്ര, നല്ല വാക്കുകള്‍ക്ക് നന്ദി. എന്നാല്‍ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും മാത്രമാണ് നിങ്ങളുടെ വിജയത്തിന് ആധാരം. ഈ നിമിഷം നിങ്ങളുടേതാണ്! ആസ്വദിക്കുക'- എന്നായിരുന്നു നീരജ് ചോപ്രയ്‌ക്ക് അഭിനവ് ബിന്ദ്രയുടെ സന്ദേശം. 

Dear , thank you for your kind words but your victory is due to your hard work and determination alone. This moment belongs to you! Enjoy and savour it!!! https://t.co/coTie9GVQF

— Abhinav A. Bindra OLY (@Abhinav_Bindra)

നീരജ് ചോപ്ര ഏഷ്യാനെറ്റ് ന്യൂസിലൂടെ പറഞ്ഞത്...

'ഇന്ത്യക്ക് ഇന്നുവരെ ഒരേയൊരാൾക്കാണ് ഒളിംപി‌ക് വ്യക്തിഗത സ്വർണം കിട്ടിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം ഇപ്പോൾ എനിക്കും ചേരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഒളിംപിക്‌സിൽ ഒരു സ്വർണം നേടുക, അതും എന്റെ ആദ്യത്തെ ഒളിംപിക്‌സിൽ തന്നെ. അഭിനവ് ബിന്ദ്രയുടെ നേട്ടത്തിൽ നമ്മൾ എല്ലാവരും അഭിമാനിച്ചതാണ്. ഇന്ന് അദ്ദേഹത്തോടൊപ്പം നില്‍ക്കാൻ എനിക്കും ഭാഗ്യമുണ്ടാവുന്നു. വളരെയധികം സന്തോഷമുണ്ട്. ഇന്ത്യൻ താരങ്ങള്‍ക്കും സ്വർണം നേടാൻ സാധിക്കും എന്ന് നമ്മളെ ബോധ്യപ്പെടുത്തിയ അദ്ദേഹം വളരെ വലിയ ഒരു സാധ്യതയാണ് തുറന്നുതന്നത്. അദ്ദേഹം തെളിച്ച വഴിയിലൂടെയാണ് ഞാനും സ്വർണനേട്ടത്തിലേക്ക് എത്തിച്ചേർന്നത്'- എന്നായിരുന്നു ടോക്കിയോയിലെ സ്വര്‍ണത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് നീരജ് ചോപ്രയുടെ പ്രതികരണം.

നീരജ് ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്. 

ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

കാണാം നീരജ് ചോപ്രയുമായുള്ള അഭിമുഖം 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!