ഫ്രഞ്ച് ഓപ്പൺ: പുരുഷ ചാമ്പ്യനാകാന്‍ ജോക്കോവിച്ചും സിറ്റ്സിപാസും ഇന്ന് കോര്‍ട്ടില്‍

By Web TeamFirst Published Jun 13, 2021, 1:07 PM IST
Highlights

കളിമൺ കോര്‍ട്ടിലെ രാജാവിനെ കീഴടക്കിയ വീര്യവുമായാണ് നൊവാക് ജോക്കോവിച്ച് കലാശപ്പോരിനിറങ്ങുന്നത്. 

റോളണ്ട് ഗാരോസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം. ഫൈനലില്‍ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നൊവാക് ജോക്കോവിച്ച് നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് ഫൈനല്‍ തുടങ്ങുക.

കളിമൺ കോര്‍ട്ടിലെ രാജാവിനെ കീഴടക്കിയ വീര്യവുമായാണ് നൊവാക് ജോക്കോവിച്ച് കലാശപ്പോരിനിറങ്ങുന്നത്. അതേസമയം ഗ്രാന്‍സ്ലാം ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഗ്രീക്ക് ചാമ്പ്യനെന്ന ചരിത്രനേട്ടത്തിനരികെ സ്റ്റെഫാനോസ് സിറ്റ്സിപാസും. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിൽ ഇന്ന് തലമുറകളുടെ പോരാട്ടമാണ്. 22കാരനായ സിറ്റ്സിപാസിനെതിരെ ഇറങ്ങുമ്പോള്‍ 34കാരനായ ജോക്കോവിച്ചിന് തന്നെ മേൽക്കൈ. 

നദാലിനെതിരായ ഐതിഹാസിക പോരാട്ടം ക്ഷീണിതനാക്കിയിട്ടുണ്ടാകാം ജോക്കോവിച്ചിനെ. എങ്കിലും 19-ാം ഗ്രാന്‍സ്ലാം നേട്ടവുമായി ഫെഡററിനും നദാലിനും ഒരുപടി മാത്രം പിന്നിലെത്താമെന്ന തിരിച്ചറിവ് സെര്‍ബിയന്‍ താരത്തെ കരുത്തനാക്കും. 

മോണ്ടികാര്‍ലോ ഓപ്പണിലെ കിരീടം അടക്കം കളിമൺ കോര്‍ട്ട് സീസണിൽ പ്രകടിപ്പിച്ച മികവ് സിറ്റ്സിപാസിന് പ്രതീക്ഷ നൽകുമെന്നുറപ്പ്. എന്നാൽ ജോക്കോവിച്ചിനെതിരെ 2019ന് ശേഷം ജയിക്കാനായിട്ടില്ല എന്ന റെക്കോര്‍ഡ് ആണ് പ്രതിസന്ധി. കരിയറിലെ ഏഴ് നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ അഞ്ചിലും ജയിച്ചത് ജോക്കോവിച്ചാണ്. കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലും സിറ്റ്സിപാസിനെ ജോക്കോവിച്ച് തോൽപ്പിച്ചിരുന്നു.

വനിതകളില്‍ ക്രെജിക്കോവ 

വനിതാ സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക്കിന്‍റെ ബാര്‍ബോറ ക്രെജിക്കോവ വിജയിയായി. ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പാവ്‌ല്യുചെങ്കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ കീഴടക്കിയാണ് സീഡ് ചെയ്യപ്പെടാത്ത താരമായ ക്രെജിക്കോവ കിരീടം ചൂടിയത്. സ്‌കോർ 6-1, 2-6, 6-4. ക്രെജിക്കോവയുടെ ആദ്യ ​ഗ്രാൻസ്ലാം കിരീടമാണിത്. എന്നാല്‍ കരിയറിൽ 52 ഗ്രാൻസ്ലാമുകളിൽ കളിച്ച പാവ്‌ല്യുചെങ്കോവക്ക് ആദ്യ ​ഗ്രാൻസ്ലാം ഫൈനലിൽ കിരീടം സ്വന്തമാക്കാനായില്ല.

click me!