ഇന്ത്യക്ക് ആശ്വാസം; നീരജ് ചോപ്ര കോമണ്‍വെല്‍ത്തില്‍ മത്സരിക്കും, പരിക്കില്‍ ആശങ്ക വേണ്ടെന്ന് മുഖ്യ പരിശീലകന്‍

By Jomit JoseFirst Published Jul 25, 2022, 11:59 AM IST
Highlights

നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുമെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാധാകൃഷ്‌ണന്‍ നായര്‍

ദില്ലി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ജാവലിന്‍ വെള്ളി മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ(Neeraj Chopra injury) പരിക്കില്‍ ആശങ്ക മാറുന്നു. നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍(Commonwealth Games 2022) മത്സരിക്കുമെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാധാകൃഷ്‌ണന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഗെയിംസിനായി നീരജ് ചോപ്ര ബുധനാഴ്‌ച ബര്‍മിംഗ്‌ഹാമില്‍ എത്തും. ലോക ചാമ്പ്യന്‍ഷിപ്പിനിടെയാണ് നീരജിന് പരിക്കേറ്റത്. 

ഒറിഗോണിലെ ഫൈനലിനിടെ നീരജ് ചോപ്രയുടെ അടിനാഭിക്ക് പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് അവസാന റൗണ്ടുകളില്‍ നീരജിന്‍റെ പ്രകടനത്തെ ബാധിച്ചു. പരിക്കിനിടയിലും ലോക മീറ്റില്‍ വെള്ളി മെഡല്‍ നേടിയ നീരജ് ഫൈനലിന് ശേഷം ന്യൂയോര്‍ക്കിലേക്ക് പോയിരുന്നു. തിരിച്ചെത്തി രണ്ട് ദിവസത്തിനുള്ളില്‍ നീരജ് ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ബര്‍മിംഗ്‌ഹാമില്‍ ചേരും. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് ചോപ്ര തന്നെ ഇന്ത്യന്‍ പതാക വഹിക്കാനുള്ള സാധ്യത ഇതോടെ തെളിയുകയാണ്. ഓഗസ്റ്റ് അഞ്ചാം തിയതിയാണ് നീരജിന്‍റെ യോഗ്യതാ മത്സരം. ഏഴാം തിയതി ഫൈനല്‍ നടക്കും. ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് നീരജ് ചോപ്ര. 

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര വെള്ളിയണിഞ്ഞത്. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് 90.54 മീറ്റര്‍ ദൂരവുമായി സ്വര്‍ണം നിലനിര്‍ത്തി. യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടിയത്. 2003ലെ പാരീസ് ചാമ്പ്യൻഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലണിയുന്നത്. ടോക്കിയോ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവാണ് നീരജ് ചോപ്ര. ഒളിംപിക്‌സിലും ലോക മീറ്റിലും മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയായി നീരജ് ചോപ്ര.

Neeraj Chopra : നീരജ് ചോപ്രയ്‌ക്ക് വെള്ളി; ലോക അത്‌ലറ്റിക്‌‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ചരിത്രം

click me!