
ദില്ലി: ഹെല്‍ത്തിയമുമായി (Healthium) ചേര്‍ന്ന് സ്‌പോര്‍ട്‌സ് മെഡിസിന്‍ രംഗത്ത് (Sports Medicine) 'സ്‌പോര്‍ട് ഓഫ് ലൈഫ്' പദ്ധതിക്ക് (Sport of Life) തുടക്കമിട്ട് അഭിനവ് ബിന്ദ്ര ഫൗണ്ടേഷന്‍ ( Abhinav Bindra Foundation Trust). ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ബൈച്ചുംഗ് ബൂട്ടിയ (Bhaichung Bhutia), ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര (Abhinav Bindra), സെന്‍റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സയന്‍സ് ഡയറക്‌ടര്‍ പ്രൊഫ. അറുമുഖം എസ് (Prof.Arumugam S), ഹെല്‍ത്തിയം മെഡ്‌ടെക് സിഇഒ ആന്‍ഡ് എംഡി അനിഷ് ബഫ്‌ന ( Anish Bafna) എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്‌തത്.
കായികതാരങ്ങളുടെ പരിക്കുകള്‍ ഭേദമാക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പദ്ധതി. പരിക്കിനെ കുറിച്ച് കായികതാരങ്ങളില്‍ അവബോധം സൃഷ്‌ടിക്കുന്നതിനൊപ്പം താരങ്ങള്‍ക്ക് ചികില്‍സയും സഹായവും പദ്ധതിക്ക് കീഴില്‍ ഒരുക്കും. പരിക്ക് പരിഹരിക്കാന്‍ ചികില്‍സാ സഹായം. ഡോക്‌ടര്‍മാര്‍, ശസ്‌ത്രക്രിയകള്‍, വിവിധ പരിചരണങ്ങള്‍ എന്നിവ പദ്ധതിയിലൂടെ താരങ്ങള്‍ക്ക് ലഭ്യമാകും.
'രാജ്യത്തെ പ്രതിനിധീകരിക്കുന്നവര്‍ എന്ന നിലയില്‍ ആവശ്യഘട്ടങ്ങളില്‍ താരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് കായികരംഗത്ത് ആവശ്യമാണ്. രാജ്യമെമ്പാടുമുള്ള കായികതാരങ്ങള്‍ക്ക് അവരുടെ ഇടങ്ങളില്‍ ചികില്‍സാ സൗകര്യം ഒരുക്കുന്നതിനാണ് പ്രാധാന്യം. താരങ്ങള്‍ക്ക് കായികരംഗത്ത് തുടരാന്‍ ഇത് സഹായകമാകും. ഹെല്‍ത്തിയവുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ട്. പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ 100 കായികതാരങ്ങളെ സഹായിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ'യെന്നും അഭിനവ് ബിന്ദ്ര പറഞ്ഞു. 'സ്‌പോര്‍ട് ഓഫ് ലൈഫ്' പദ്ധതിയുമായി രംഗത്തെത്തിയ അഭിനവ് ബിന്ദ്ര ഫൗണ്ടേഷനെയും ഹെല്‍ത്തിയത്തെയും ബൈച്ചുംഗ് ബൂട്ടിയ അഭിനന്ദിച്ചു.