ടോക്യോ ഒളിംപിക്‌സ് റദ്ദാക്കിയാല്‍ ജപ്പാന് ഭീമന്‍ നഷ്‌ടം; നടത്തിയാല്‍ അതിലേറെ ആശങ്കകള്‍- റിപ്പോര്‍ട്ട്

By Web TeamFirst Published May 27, 2021, 12:26 PM IST
Highlights

ജപ്പാനിൽ ഉയരുന്ന കൊവിഡ് വ്യാപനവും അകത്തും പുറത്തുമുളള എതിർശബ്ദങ്ങളും ഒളിംപിക്‌സ് നടത്തിപ്പിന്‍റെ കാര്യം വീണ്ടും സംശയത്തിലാക്കുന്നു.

ടോക്യോ: ടോക്യോ ഒളിംപിക്‌സ് റദ്ദാക്കിയാൽ ജപ്പാനുണ്ടാവുക 1700 കോടി ഡോളറിന്‍റെ നഷ്ടമെന്ന് വിദഗ്ധർ. എന്നാൽ ഒളിംപിക്സ് നടത്തിയാലുണ്ടാകുന്ന ആരോഗ്യപ്രതിസന്ധി ഇതിനേക്കാൾ വലിയ സാമ്പത്തിക നഷ്ടം രാജ്യത്തിന് വരുത്തിവെക്കുമെന്നും മുന്നറിയിപ്പുണ്ട്. ഒളിംപിക്സ് മാറ്റിവെക്കണമെന്ന ആവശ്യം ജപ്പാനിൽ ശക്തമാവുകയാണ്.

കാത്തിരിപ്പിനൊടുവിൽ ടോക്യോയിൽ ഒളിംപിക്സ് ആരവം ഉയരാൻ ഇനിയുളളത് 64 ദിവസം. എന്നാൽ ജപ്പാനിൽ ഉയരുന്ന കൊവിഡ് വ്യാപനവും അകത്തും പുറത്തുമുളള എതിർശബ്ദങ്ങളും ഒളിംപിക്‌സ് നടത്തിപ്പിന്‍റെ കാര്യം വീണ്ടും സംശയത്തിലാക്കുന്നു.

ഒളിംപിക്‌സും അതിന് ശേഷം നടക്കാനിരിക്കുന്ന പാരാലിംപിക്‌സും റദ്ദാക്കിയാൽ രാജ്യത്തിനുണ്ടാവുക 1700 കോടി ഡോളറിന്‍റെ സാമ്പത്തിക നഷ്‌ടമെന്നാണ് ജപ്പാനിലെ പ്രമുഖ സാമ്പത്തിക ഗവേഷണ കമ്പനിയായ നൊമൂറ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഒളിംപിക്‌സ് നടത്തിയാൽ ഇതിലും വലിയ നഷ്‌ടം നേരിടേണ്ടിവരുമെന്നും നൊമൂറ സർക്കാരിന് മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യപ്രതിസന്ധിയും അടച്ചിടലും ഗുരുതര സ്ഥിതിയിലേക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പ്. 

ആശങ്ക അറിയിച്ച് മുഖ്യ സ്‌പോണ്‍സറും
 
കൊവിഡ് കേസുകൾ കുതിച്ചുയർന്നതിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളിലാണ് ടോക്യോ. ജൂൺ 20 വരെ നിയന്ത്രണങ്ങള്‍ നീട്ടാനാണ് സാധ്യത. സുരക്ഷയെ കരുതി ഒളിംപിക്‌സ് നടത്തിപ്പുമായി മുന്നോട്ടുപോകുന്ന കാര്യത്തിൽ പുനരാലോചന വേണമെന്ന് മുഖ്യ സ്‌പോൺസർമാർ കൂടിയായ പത്രം അസാഹി ഷിംപൂൻ സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ പല വ്യവസായ പ്രമുഖരും സമാന ആശങ്ക കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ചിരുന്നു.

ജനങ്ങൾക്ക് ആശങ്കയുണ്ടാവുക സ്വാഭാവികം എന്നായിരുന്നു ടോക്യോ ഒളിംപിക്‌സ് സിഇഓ തോഷിറോ മൂട്ടോയുടെ പ്രതികരണം. താരങ്ങൾക്കും ഒഫീഷ്യലുകൾക്കും പൂർണസുരക്ഷ ഉറപ്പുനൽകുന്നുവെന്നും സിഇഓ വ്യക്തമാക്കി. 

ജപ്പാനിലേക്കുളള യാത്രക്കെതിരെ യുഎസ് ഭരണകൂടം മുന്നറിയിപ്പ് നൽകിയതോടെയാണ് ഒളിംപിക്‌സ് നടത്തിപ്പിന്‍റെ കാര്യത്തിൽ വലിയ ആശങ്ക ഉയർന്നത്. എന്നാൽ ഒളിംപിക്‌സ് നടത്തിപ്പിനെ പിന്തുണയ്‌ക്കുന്നുവെന്നും നിലപാടിൽ മാറ്റമില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി വ്യക്തമാക്കി. 

ഒളിംപിക്‌സ്: 'താരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കണം', കായിക മന്ത്രാലയത്തിന് മോദിയുടെ നിര്‍ദേശം

ടോക്കിയോ ഒളിംപിക്സ് മാറ്റിവെക്കില്ലെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി

ടോക്യോ ഒളിംപി‌ക്‌സ് നടക്കുമോ? സംഘാടകര്‍ ഉടനടി വ്യക്തമാക്കണമെന്ന് റോജർ ഫെഡറർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!