കായികരംഗത്തെ പരിഷ്‌കാരങ്ങള്‍; രാജ്യാന്തര ഒളിംപി‌ക് കമ്മിറ്റിക്കുമുന്നില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് ബിന്ദ്ര

By Jomit JoseFirst Published Sep 27, 2022, 7:12 PM IST
Highlights

രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്ക് മുന്നില്‍ അത്‌ലറ്റുകളുടെ ആവശ്യങ്ങള്‍ അവതരിപ്പിച്ച് ഒളിംപ്യന്‍ അഭിനവ് ബിന്ദ്ര

ലോസേന്‍: കായികരംഗത്തെ എങ്ങനെ പരിഷ്കരിക്കാമെന്നും ഇന്ത്യയുടെ അവകാശം നിഷേധിക്കപ്പെടാതിരിക്കാനുള്ള സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്യാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും ഇന്ത്യൻ പ്രതിനിധികളും തമ്മിൽ നടന്ന യോഗത്തിൽ തന്‍റെ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് ഒളിംപ്യന്‍ അഭിനവ് ബിന്ദ്ര. തന്‍റെ നാല്‍പതാം ജന്മദിനത്തിന്‍റെ തൊട്ടുതലേദിവസാണ് അത്‌ലറ്റുകളുടെ പ്രതിനിധി എന്ന നിലയില്‍ വിഷയം അവതരിപ്പിക്കാന്‍ ബിന്ദ്രയ്ക്ക് അവസരം ലഭിച്ചത്. 

കായിക ഭരണകാര്യങ്ങളിലെ അത്‌ലറ്റുകളുടെ പങ്കാളിത്തം, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് ഘടന, സാമ്പത്തിക സുസ്ഥിരത, അത്‌ലറ്റുകളുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ബിന്ദ്ര സംസാരിച്ചു. താരങ്ങള്‍ നേരിടുന്ന വിലക്കും നിയന്ത്രണങ്ങളും വിവേചനവും പരിഹരിക്കാന്‍ അത്‌ലറ്റുകളുടെ പങ്കാളിത്തം ഭരണരംഗത്തുണ്ടാകണണെന്ന് ബിന്ദ്ര വാദിച്ചു. ഒളിംപിക് തയ്യാറെടുപ്പുകളിലെ സര്‍ക്കാര്‍ പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. കായികരംഗത്തെ പരിഷ്‌കാരങ്ങളെ കുറിച്ച് 10 വര്‍ഷത്തിന് ശേഷമാണ് ചര്‍ച്ച നടക്കുന്നത്. ഈ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ കായികരംഗത്ത് വലിയ മാറ്റങ്ങളുണ്ടായതായി ബിന്ദ്ര ചൂണ്ടിക്കാട്ടി. ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ മികച്ച പ്രകടനം ബിന്ദ്ര യോഗത്തില്‍ പരാമര്‍ശിച്ചു. പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകാന്‍ അസോസിയേഷനും ഭാരവാഹികളും പരിശ്രമിക്കണമെന്ന് ബിന്ദ്ര ആവശ്യപ്പെട്ടു. നിലവിലെയും മുന്‍താരങ്ങളുടെയും അഭിപ്രായവും രാജ്യത്തിന്‍റെ വിവിധ ഭാഗത്തിനിന്നുള്ളവരുടെയും അഭിപ്രായങ്ങള്‍ തേടിയാണ് ബിന്ദ്ര തന്‍റെ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. 

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഒളിംപിക്‌ വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവാണ് അഭിനവ് ബിന്ദ്ര. 2008ലെ ബീജിംഗ് ഒളിംപിക്‌സിൽ 10 മീറ്റർ എയർ റൈഫിൾസിൽ സ്വർണം നേടിയതോടെ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ സുവര്‍ണനേട്ടം അഭിനവ് ബിന്ദ്ര അടയാളപ്പെടുത്തുകയായിരുന്നു. ഇതിന് പുറമെ ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ബിന്ദ്ര സ്വര്‍ണം നേടിയിട്ടുണ്ട്. അര്‍ജുന, മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന, പദ്‌മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി ബിന്ദ്രയെ രാജ്യം ആദരിച്ചിട്ടുണ്ട്.  

ഇതിഹാസങ്ങള്‍ ഒന്നിച്ച്; പുല്ലേല ഗോപീചന്ദിനെ പങ്കെടുപ്പിച്ച് വെബിനാറുമായി ബിന്ദ്ര

click me!