അവര്‍ നാല് പേരേയും ഞാന്‍ ഒരുപാട് ആശ്രയിക്കാറുണ്ട്; കരിയറില്‍ സ്വാധീനിച്ചവരെ കുറിച്ച് റിഷഭ് പന്ത്

By Web TeamFirst Published Aug 1, 2021, 11:43 PM IST
Highlights

തുടക്കകാലത്ത് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനം പന്തിന്റെ കരിയര്‍ തന്നെ മാറ്റിമറിക്കുകയായിരുന്നു. ഇപ്പോള്‍ ടീമിലെ വിശ്വസ്ഥനാണ് അദ്ദേഹം.
 

ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് റിഷഭ് പന്ത്. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച് പരമ്പര നേടുമ്പോഴും നാട്ടില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തപ്പോഴും പന്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു. തുടക്കകാലത്ത് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനം പന്തിന്റെ കരിയര്‍ തന്നെ മാറ്റിമറിക്കുകയായിരുന്നു. ഇപ്പോള്‍ ടീമിലെ വിശ്വസ്ഥനാണ് അദ്ദേഹം. ഇംഗ്ലണ്ടിനെതിരെ പരമ്പര തുടങ്ങാനിരിക്കെ ടീം മാനേജ്‌മെന്റിന് വലിയ പ്രതീക്ഷയുണ്ട്.

ഇതിനിടെ തന്റെ കരിയറില്‍ സ്വാധീനം ചെലുത്തിയ നാല് പേരെ കുറിച്ച് സംസാരിക്കുകയാണ് പന്ത്. ''എന്റെ കരിയറില്‍ നാല് പേര്‍ക്ക് വ്യക്തമായ സ്വാധീനമുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍, രവി ശാസ്ത്രി എന്നിവരാണ് അവര്‍. രോഹിത്തിനോട് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കും. മത്സരത്തെ കുറിച്ചും എന്ത് ചെയ്യണമെന്നതിനെ കുറിച്ചൊക്കെയെല്ലാം ഞങ്ങള്‍ സംസാരിക്കാറുണ്ട്. മുന്‍ മത്സരങ്ങളിലെ പ്രകടനത്തെ കുറിച്ചും ഞങ്ങള്‍ സംസാരിക്കാറുണ്ട്. എന്നാല്‍ ബാറ്റിംഗിലും കീപ്പിംഗിലെ ടെക്‌നിക്കുകളെ കുറിച്ചെല്ലാം ക്യാപ്റ്റന്‍ കോലിയുമായി  ചര്‍ച്ച ചെയ്യും.

അശ്വിന് എതിര്‍ ബാറ്റ്‌സ്മാന്മാെര കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് എന്നെ ഒരുപാട് സഹായിക്കാന്‍ കഴിയും. ഏത് ബോള്‍ എങ്ങനെ കളിക്കണമെന്നത് അദ്ദേഹം പറഞ്ഞുതരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കളിച്ചിട്ടുള്ള പരിചയമുള്ള വ്യക്തിയാണ് രവി ശാസ്ത്രി. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് എനിക്ക് ഗുണം ചെയ്തിട്ടുണ്ട്.'' പന്ത് വ്യക്തമാക്കി.

2018ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് പന്ത് അരങ്ങേറുന്നത്. ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു അത്. 21 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ പന്ത് 1403 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.

click me!