ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി: മുന്‍ ചാമ്പ്യന്‍ സ്വിറ്റെക്കിന് കണ്ണീരോടെ മടക്കം

Published : May 31, 2026, 06:53 PM IST
Iga Swiatek

Synopsis

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ വന്‍ അട്ടിമറിയിലൂടെ നാല് തവണ ചാമ്പ്യനായ ഇഗ സ്വിറ്റെക് പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായി. ഉക്രെയ്‌ന്റെ മാര്‍ട്ട കോസ്റ്റ്യുകിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടതോടെ, ഈ വര്‍ഷം പുരുഷ-വനിതാ വിഭാഗങ്ങളില്‍ പുതിയ ചാമ്പ്യന്മാര്‍ ഉണ്ടാകുമെന്ന് ഉറപ്പായി.

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ വന്‍ അട്ടിമറി. ലോക മുന്‍നിര താരവും നാല് തവണ ചാമ്പ്യനുമായ ഇഗ സ്വിറ്റെക് പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായി. ഉക്രെയ്‌ന്റെ പതിനഞ്ചാം സീഡ് താരം മാര്‍ട്ട കോസ്റ്റ്യുകിനോടാണ് പോളിഷ് താരം നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടത്. സ്‌കോര്‍: 7-5, 6-1. ഞായറാഴ്ച തന്റെ ഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ച സ്വിറ്റെക്കിന് ഈ തോല്‍വി കരിയറിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായി മാറി. അഞ്ചാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ സ്വിറ്റെക്കിന്റെ സ്വപ്നങ്ങളാണ് ഇതോടെ പൊലിഞ്ഞത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പാരീസില്‍ തുടരുന്ന അട്ടിമറി പരമ്പരകളുടെ തുടര്‍ച്ചയാണ് ഈ മത്സരത്തിലും കണ്ടത്. പുരുഷ വിഭാഗം ലോക ഒന്നാം നമ്പര്‍ താരം യാന്നിക് സിന്നര്‍, 24 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ ഉടമ നോവാക് ജോക്കോവിച്ച്, വനിതാ വിഭാഗം ഡിഫെന്‍ഡിങ് ചാമ്പ്യന്‍ കോക്കോ ഗോഫ് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. സ്വിറ്റെക് കൂടി പുറത്തായതോടെ, ഇത്തവണ പുരുഷ-വനിതാ സിംഗിള്‍സില്‍ പുതിയൊരു ചാമ്പ്യന്‍ ഉയര്‍ന്നുവരുമെന്ന് ഉറപ്പായി.

പാരീസിലെ പോരാട്ടം

കോര്‍ട്ട് ഫിലിപ്പ്-ചാട്രിയറില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം പോരാടി. ആദ്യ സെറ്റില്‍ രണ്ടുതവണയാണ് ഇരുവരും പരസ്പരം സര്‍വുകള്‍ ബ്രേക്ക് ചെയ്തത്. എന്നാല്‍ പതിനൊന്നാം ഗെയിമില്‍ തന്റെ സര്‍വ് നിലനിര്‍ത്തിയ കോസ്റ്റ്യുക്, പിന്നീട് കളിയിലെ വേഗത വര്‍ദ്ധിപ്പിച്ചു. മനോഹരമായ ഒരു ബാക്ക്ഹാന്‍ഡ് ക്രോസ്‌കോര്‍ട്ട് വിന്നറിലൂടെ താരം ആദ്യ സെറ്റ് സ്വന്തമാക്കുകയായിരുന്നു.

മുന്‍പ് നേര്‍ക്കുനേര്‍ വന്ന മൂന്ന് മത്സരങ്ങളിലും സ്വിറ്റെക്കിനോട് പരാജയപ്പെട്ടിരുന്ന കോസ്റ്റ്യുക്, കരിയറില്‍ ആദ്യമായാണ് പോളിഷ് താരത്തിനെതിരെ ഒരു സെറ്റ് നേടുന്നത്. ഈ വിജയത്തോടെ ലഭിച്ച ആത്മവിശ്വാസത്തില്‍ രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ സ്വിറ്റെക്കിന്റെ സര്‍വ് ബ്രേക്ക് ചെയ്ത് ഉക്രെയ്ന്‍ താരം 3-1 ന് മുന്നിലെത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ജന്മദിന നായികയായ സ്വിറ്റെക്കിന് സാധിച്ചില്ല.

 

PREV
Read more Articles on
click me!

Recommended Stories

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഗുസ്തി ഫെഡറേഷന്‍ വഴങ്ങി; വിനേഷ് ഫോഗട്ടിന് 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ അനുമതി
മലേഷ്യയിൽ ഇന്ത്യൻ കരുത്ത്, ആഗോള കരാട്ടേ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി പത്തുവയസ്സുകാരി യക്ഷിത ദീപക് കുമാർ