തുടക്കത്തിൽ 9-11 ന് പിന്നിലായിരുന്ന സിന്ധു, യമഗുച്ചി ബോഡി സ്മാഷുകൾ തൊടുത്തപ്പോൾ അതേ നാണയത്തിൽ തിരിച്ചടിച്ച് കളം പിടിച്ചു.

ടോക്കിയോ: കരിയറിലെ ഏറ്റവും ശക്തമായ തിരിച്ചുവരവുകളിൽ ഒന്നുമായി ഇന്ത്യൻ ബാഡ്മിന്‍റൺ ഇതിഹാസം പി.വി. സിന്ധു. ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്‍റിന്‍റെ ഫൈനലിൽ ജപ്പാന്‍റെ അകാനെ യമഗുച്ചിയെ തകർത്ത് സിന്ധു കിരീടം ചൂടി. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു (21-17, 21-17) സിന്ധുവിന്‍റെ വിജയം. ഈ ജയത്തോടെ ജപ്പാൻ ഓപ്പണിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും സിന്ധു സ്വന്തമാക്കി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ ആർത്തുവിളിച്ച ജാപ്പനീസ് കാണികളെ സാക്ഷി നിർത്തിയായിരുന്നു സിന്ധുവിന്‍റെ ചരിത്രവിജയം. 2018-ലെ വേൾഡ് ടൂർ ഫൈനൽസിനും 2016-ലെ ചൈന ഓപ്പണിനും ശേഷം സിന്ധു നേടുന്ന പ്രധാനപ്പെട്ട കിരീടമാണിത്.

മുൻപ് പലപ്പോഴും യമഗുച്ചിക്ക് മുന്നില്‍ കാലിടറിയിട്ടുള്ള സിന്ധു കൃത്യമായ തന്ത്രങ്ങളോടെയാണ് താരം ഇറങ്ങിയത്. തുടക്കത്തിൽ 9-11 ന് പിന്നിലായിരുന്ന സിന്ധു, യമഗുച്ചി ബോഡി സ്മാഷുകൾ തൊടുത്തപ്പോൾ അതേ നാണയത്തിൽ തിരിച്ചടിച്ച് കളം പിടിച്ചു. ഒന്നാം ഗെയിമിൽ 11-11 എന്ന സ്കോറിൽ വെച്ച് നടന്ന 36 ഷോട്ടുകളുടെ കില്ലർ റാലിയാണ് കളിയുടെ ഗതി മാറ്റിയത്. തന്‍റെ ഉയരക്കൂടുതൽ മുതലാക്കി കോർട്ടിന്‍റെ ആകാശപ്പരപ്പിലൂടെ സിന്ധു അടിച്ച ലോങ് ക്ലിയറുകൾ യമഗുച്ചിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. രണ്ടാം ഗെയിമിൽ 14-7 ന് മുന്നിലായിരുന്ന സിന്ധുവിനെതിരെ യമഗുച്ചി 18-17 വരെ പോരാടിയെങ്കിലും, സിന്ധുവിന്‍റെ തകർപ്പൻ നെറ്റ് ഗെയിമിന് മുന്നിൽ ഒടുവിൽ ജാപ്പനീസ് താരം കീഴടങ്ങുകയായിരുന്നു.

മുൻപ് ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഫൈനൽ, ഇന്തോനേഷ്യ സൂപ്പർ 1000 ഉൾപ്പെടെ പല പ്രധാന വേദികളിലും സിന്ധു യമഗുച്ചിക്ക് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. സെമി ഫൈനലിൽ ചൈനയുടെ ഒളിമ്പിക് ചാമ്പ്യൻ ചെൻ യുഫെയ് സിന്ധുവുമായുള്ള പോരാട്ടത്തിനിടെ പരിക്കേറ്റ് പിന്മാറിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക