'ടോക്കിയോയില്‍ മൂന്ന് മെഡല്‍ വരെ പ്രതീക്ഷ'; അത്‌ലറ്റിക്‌സ് മുഖ്യ പരിശീലകന്‍ രാധാകൃഷ്‌ണന്‍ നായര്‍

By Web TeamFirst Published Dec 5, 2020, 12:47 PM IST
Highlights

ബഹദൂര്‍ സിംഗ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ നിര്‍ണായക ചുമതലയില്‍ മലയാളി ഇടംപിടിച്ചത്. 

പട്യാല: ടോക്കിയോ ഒളിംപിക്‌സില്‍ മൂന്ന് മെഡല്‍ വരെ നേടിയേക്കുമെന്ന് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിന്‍റെ മുഖ്യപരിശീലകനും മലയാളിയുമായ രാധാകൃഷ്‌ണന്‍ നായര്‍. മുഖ്യപരിശീലകനായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ടോക്കിയോ പദ്ധതികളെ കുറിച്ച് രാധാകൃഷ്‌ണന്‍ നായര്‍ മനസുതുറന്നത്. 

'വലിയ വെല്ലുവിളികളുടെ സമയത്താണ് ചുമതലയേറ്റത്. മഹാമാരി കാലത്ത് ടോക്കിയോ ഒളിംപിക്‌സിനുള്ള താരങ്ങളെ ഒരുക്കുക വെല്ലുവിളിയാണ്. വളരെയധികം പ്രതിസന്ധികളെ തരണം ചെയ്യേണ്ടതുണ്ട്. മാനസിക സമ്മര്‍ദം അടക്കം മറികടക്കാന്‍ പ്രാപ്തരാക്കണം. ഒരു അത്‌ലറ്റ് പോലും കൊവിഡ് രോഗികളായിട്ടില്ല. ലോകത്ത് ഇന്ത്യയല്ലാതെ മറ്റൊരു ടീമും തുടര്‍ച്ചയായി പരിശീലനം നടത്തുന്നില്ല. കഠിന പരിശ്രമം നടത്തിയാല്‍ മാത്രമേ മികച്ച പരിശീലകനും താരവും ആവാന്‍ കഴിയുകയുള്ളൂ'.

'എട്ട് മാസമാണ് നമുക്ക് ഇനി മുന്നിലുള്ളത്. ഒളിംപിക്‌സിനായി നല്ലൊരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യക്ക് പ്രതീക്ഷിക്കാത്ത വിജയം കൈവരിക്കാന്‍ സാധിക്കും എന്നാണ് കരുതുന്നത്. ഒരു ദിവസം പോലും നഷ്ടപ്പെടാതെ പരിശീലനം നടത്താന്‍ കഴിഞ്ഞുവെന്നതാണ് ഒരു കാരണം. മറ്റ് പല രാജ്യങ്ങള്‍ക്കും അതിന് കഴിഞ്ഞിട്ടില്ല. രണ്ട് മുതല്‍ മൂന്ന് വരെ മെഡല്‍ നേടിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ താരങ്ങള്‍ ആര്‍ക്കും പരിക്കില്ല, മലയാളികളുള്‍പ്പടെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ്' എന്നും രാധാകൃഷ്‌ണന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ബഹദൂര്‍ സിംഗ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ നിര്‍ണായക ചുമതലയിലേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിന് ആദ്യമായാണ് ഒരു മലയാളി മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. 62കാരനായ രാധാകൃഷ്‌ണന്‍ നായര്‍ ചേര്‍ത്തല സ്വദേശിയാണ്. ഏഴ് വര്‍ഷമായി ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിന്‍റെ ഡപ്യൂട്ടി കോച്ചായിരുന്നു.

അഭിമുഖത്തിന്‍റെ പൂര്‍ണരൂപം കാണാം

click me!