ബഹ്റിന്‍ താരം മരുന്നടിച്ചതായി തെളിഞ്ഞു; ഏഷ്യന്‍ ഗെയിംസ് മിക്സഡ് റിലേയില്‍ ഇന്ത്യയുടെ വെള്ളി സ്വര്‍ണമായി

By Web TeamFirst Published Jul 23, 2020, 8:25 PM IST
Highlights

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട കെമിക്ക് നാല് വർഷത്തെ വിലക്കും പ്രഖ്യാപിച്ചു. ഇന്ത്യയുടെ വെള്ളി സ്വര്‍ണമാക്കി ഉയര്‍ത്തുന്നതോടെ ഈ ഇനത്തില്‍ വെങ്കലം നേടിയ കസാഖിസ്ഥാന് വെള്ളിയും നാലാം സ്ഥാനത്ത് എത്തിയ ചൈനക്ക് വെങ്കലവും ലഭിക്കും. 

ജക്കാര്‍ത്ത: 2018ലെ ജക്കാര്‍ത്ത ഏഷ്യൻ ഗെയിംസില്‍ 4*400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യന്‍ ടീം നേടിയ വെള്ളിമെഡല്‍ സ്വർണ്ണമായി മാറി. മലയാളി താരം മുഹമ്മദ് അനസ്,എം ആർ പൂവമ്മ, ഹിമ ദാസ്, ആരോക്യ രാജീവ് എന്നിവരാണ് 4*400 മീറ്ററിൽ ഇന്ത്യക്കായി വെള്ളി നേടിയത്. ബഹ്റിനായിരുന്നു ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. എന്നാല്‍ സ്വര്‍ണം നേടിയ ബഹ്‌റിന്‍ ടീം അംഗം കെമി അഡേകോയ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രണ്ടാം സ്ഥാനക്കാരായ ഇന്ത്യയുടെ വെള്ളിമെഡല്‍ സ്വര്‍ണമെഡലായി ഉയര്‍ത്തിയത്.

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട കെമിക്ക് നാല് വർഷത്തെ വിലക്കും പ്രഖ്യാപിച്ചു. ഇന്ത്യയുടെ വെള്ളി സ്വര്‍ണമാക്കി ഉയര്‍ത്തുന്നതോടെ ഈ ഇനത്തില്‍ വെങ്കലം നേടിയ കസാഖിസ്ഥാന് വെള്ളിയും നാലാം സ്ഥാനത്ത് എത്തിയ ചൈനക്ക് വെങ്കലവും ലഭിക്കും.  4*400 മീറ്റര്‍ മിക്സഡ് റിലേ ഫൈനലില്‍  3:15.7 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഇന്ത്യ വെള്ളി മെഡല്‍ നേടിയത്.

ഇതോടെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം എട്ടായി ഉയരും. എട്ടു സ്വര്‍ണവും ഒമ്പത് വെള്ളിയും അടക്കം 20 മെഡലാണ് ഇന്ത്യ നേടിയത്. 2018ലാണ് ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏഷ്യന്‍ ഗെയിംസിലും മിക്സഡ് റിലേ ആദ്യമായി അവതരിപ്പിച്ചത്. ബഹ്റിന് അയോഗ്യത കല്‍പ്പിച്ചതോടെ ആദ്യ ജേതാക്കളെന്ന ബഹുമതിയും ഇന്ത്യക്കായി.


കെമിയുടെ വിലക്ക് മറ്റൊരു ഇന്ത്യൻ താരത്തിനും ഇപ്പോൾ ഗുണകരമായീരിക്കുകയാണ്. കെമി അഡെകോയയുടെ ഏഷ്യൻ ഗെയിംസിലെ 400 മീറ്റർ ഹർഡിൽസിലെ സ്വർണവും തിരിച്ചെടുത്തതിനാൽ നാലാം സ്ഥാനത്തുണ്ടായിരുന്ന അനു രാഘവന് വെങ്കല മെഡലും ലഭിക്കും. 56.77 സെക്കന്‍ഡിലാണ് അനു നാലാം സ്ഥാനത്ത് ഓടിയെത്തിയത്.

click me!