ബിഎംഡബ്ല്യു കാര്‍ വില്‍ക്കുന്നത് പരിശീലനത്തിന് പണമില്ലാത്തതിനാലല്ലെന്ന് ദ്യുതി ചന്ദ്

By Web TeamFirst Published Jul 15, 2020, 11:07 PM IST
Highlights

ഒഡീഷ മൈനിംഗ് കോര്‍പറേഷന്‍ ജീവനക്കാരി എന്ന നിലയില്‍ തനിക്ക് പ്രതിമാസ വേതനമായി 60000 രൂപ മുതല്‍ 80000 രൂപവരെയാണ് ലഭിക്കുന്നത്. ഞാന്‍ പരാതി പറഞ്ഞതല്ല. കാര്‍ വാങ്ങാന്‍ ഇനിയും സമയം ഉണ്ടല്ലോ.

ഭുവനേശ്വര്‍: പരിശീലനത്തിന് പണം കണ്ടെത്താനായി ബിഎംഡബ്ല്യ കാര്‍ വില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ദ്യുതി ചന്ദ്. പരിശീലനത്തിന് പണമില്ലാത്തതിനാലല്ല, ആഡംബര കാര്‍ പരിപാലിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാലാണ് കാര്‍ വില്‍ക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതെന്ന് ദ്യുതി പറഞ്ഞു. സമൂഹമാധ്യമത്തിലെ ദ്യുതിയുടെ പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ആഡംബര കാറുകള്‍ തനിക്ക് ഇഷ്ടമാണെങ്കിലും അവ പരിപാലിക്കാനുള്ള സാമ്പത്തികശേഷി തനിക്കില്ലെന്ന് ദ്യുതി വ്യക്തമാക്കി.


പരിശീലനത്തിന് പണം കണ്ടെത്താനാണ് കാര്‍ വില്‍ക്കുന്നതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ദ്യുതി വ്യക്തമാക്കി. 2021ലെ ഒളിംപിക്സിനുള്ള പരിശീലനത്തിന് ഏറെ ചെലവുണ്ടെന്നും ഒഡീഷ സര്‍ക്കാരും കെഐആടി യൂണിവേഴ്സിറ്റിയും എല്ലാവിധ സഹായവും നല്‍കുന്നുണ്ടെന്നും ദ്യുതി പറഞ്ഞു. കാര്‍ വിറ്റു കിട്ടുന്ന പണം പരിശീലന സൗകര്യങ്ങള്‍ക്കായും ഉപയോഗിക്കാമെന്നും കൊവിഡ് കാലത്തിന് ശേഷം ഒഡിഷ സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ വീണ്ടും കാര്‍ വാങ്ങാമല്ലോ എന്നും ദ്യുതി ട്വിറ്റ് ചെയ്തു.

Statement. pic.twitter.com/AHEP3q50Ds

— Dutee Chand (@DuteeChand)

ഒഡീഷ മൈനിംഗ് കോര്‍പറേഷന്‍ ജീവനക്കാരി എന്ന നിലയില്‍ തനിക്ക് പ്രതിമാസ വേതനമായി 60000 രൂപ മുതല്‍ 80000 രൂപവരെയാണ് ലഭിക്കുന്നത്. ഞാന്‍ പരാതി പറഞ്ഞതല്ല. കാര്‍ വാങ്ങാന്‍ ഇനിയും സമയം ഉണ്ടല്ലോ. ഒഡിഷ സര്‍ക്കാരിനോ കെഐഐടി യൂണിവേഴ്സിറ്റിക്കോ ഒരു ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്വീറ്ററില്‍ ട്വീറ്റ് ചെയ്ത വാര്‍ത്താക്കുറിപ്പില്‍ ദ്യുതി പറഞ്ഞു.

പരിശീലനത്തിന് പണം കണ്ടെത്താനായി ബിഎംഡബ്ല്യു കാര്‍ വില്‍ക്കുകയാണെന്ന് പറഞ്ഞ് ദ്യുതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നെങ്കിലും വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇത് പിന്‍വലിച്ചിരുന്നു. ''എന്റെ ബിഎംഡബ്ല്യു കാര്‍ വില്‍ക്കാനുണ്ട്. വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് എന്നെ മെസഞ്ചറില്‍ ബന്ധപ്പെടാം.'' ഇതിനൊപ്പം ബിഎംഡബ്ല്യു കാറിനൊപ്പം നില്‍ക്കുന്ന ചിത്രവും ദ്യുതി പോസ്റ്റ് ചെയ്തിരുന്നു.


ഏഷ്യന്‍ ഗെയിംസിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് നല്‍കിയ മൂന്നു കോടി രൂപ സമ്മാനത്തുകയില്‍നിന്ന് 40 ലക്ഷമെടുത്താണ് ദ്യുതി കാര്‍ വാങ്ങിയത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌പോണ്‍സര്‍മാരെ കിട്ടാനില്ലെന്ന് ദ്യുതി ദേശീയ മാധ്യമത്തിനോട് പറഞ്ഞു. ''ടോക്കിയോ ഒളിംപിക്‌സിനുള്ള തയാറെടുപ്പിലായതിനാല്‍ പരിശീലനം മുടക്കാന്‍ പറ്റില്ല. അതിന് പണം വേണം. പരിശീലക സംഘത്തിലെ ആളുകള്‍ക്കുള്ള ശമ്പളം സഹിതം ഏതാണ്ട് അഞ്ചു ലക്ഷത്തോളം രൂപയാണ് പ്രതിമാസം പരിശീലന ചെലവ്. ഈ സാചര്യത്തിലാണ് കാറ് വില്‍ക്കാമെന്ന ചിന്ത വന്നതെന്നും ദ്യുതി പറഞ്ഞിരുന്നു.

click me!