
ടെഹ്‌റാൻ: ജനുവരിയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് 19 കാരനായ ഗുസ്തി ചാമ്പ്യൻ സാലിഹ് മുഹമ്മദിയെയും മറ്റ് രണ്ട് യുവാക്കളെയും ഇറാൻ പരസ്യമായി തൂക്കിലേറ്റി. സാലിഹിനൊപ്പം സയീദ് ദാവൂദി, മെഹ്ദി ഖാസെമി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. 2026 ജനുവരി 8-ന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി എന്ന കുറ്റമാണ് ഇവർക്കുമേൽ ചുമത്തിയിരുന്നത്.
2024-ൽ റഷ്യയിൽ നടന്ന അന്താരാഷ്ട്ര ഗുസ്തി മത്സരത്തിൽ(സായ്റ്റീവ് കപ്പ്) വെങ്കല മെഡൽ നേടിയ താരമായിരുന്നു സാലിഹ് മുഹമ്മദി. കൗമാരപ്രായത്തിൽ തന്നെ ദേശീയ ശ്രദ്ധ നേടിയ താരത്തിന്‍റെ വധശിക്ഷ ഇറാനിലെ കായിക ലോകത്തിന് വലിയ ആഘാതമായി. മർദ്ദനത്തിലൂടെയും പീഡനത്തിലൂടെയുമാണ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്ന് സാലിഹ് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് 'മുഹാരെബെ' (ദൈവത്തിനെതിരായ യുദ്ധം) എന്ന കുറ്റം ചുമത്തി വധശിക്ഷ നടപ്പിലാക്കിയത്.
പ്രായപൂർത്തിയാസാലിഹിന് തന്‍റെ ഭാഗം വാദിക്കാൻ അഭിഭാഷകനെയോ കൃത്യമായ വിചാരണയോ അനുവദിച്ചില്ല എന്നത് അതീവ ഗൗരവകരമാണെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷണർ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം പ്രതിഷേധ സമയത്ത് സാലിഹിന് 18 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സാലിഹ് തന്‍റെ പത്തൊൻപതാം പിറന്നാൾ ആഘോഷിച്ചത്. ഐക്യരാഷ്ട്രസഭയും യുഎസ് വിദേശകാര്യവകുപ്പും വധശിക്ഷ തടയാൻ ഇടപെട്ടിരുന്നെങ്കിലും ഇറാൻ അത് ചെവികൊണ്ടില്ല. 2020-ൽ തൂക്കിലേറ്റപ്പെട്ട ഗുസ്തി താരം നവീദ് അഫ്കാരിയുടെ സംഭവത്തിന് സമാനമായാണ് ലോകം ഇതിനെ കാണുന്നത്
യുണൈറ്റഡ് വേൾഡ് റെസ്ലിംഗ്, ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റി എന്നിവർ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ഇറാനിലെ കായിക ഫെഡറേഷനുകളെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന ആവശ്യം കായിക താരങ്ങൾക്കിടയിൽ ശക്തമായിട്ടുണ്ട്. 65-ലധികം കായിക താരങ്ങളും പരിശീലകരും നിലവിൽ ഇറാനിൽ തടവിലാണെന്നാണ് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക