നീരജ് ചോപ്ര ഒളിംപിക്‌സ് മെഡൽ നേടുമെന്ന് ഉറപ്പായിരുന്നു; ആദ്യകാല പരിശീലകൻ ഏഷ്യാനെറ്റ് ന്യൂസിനോട്

By Web TeamFirst Published Aug 9, 2021, 9:56 AM IST
Highlights

നീരജ് ചോപ്രയുടെ സ്വര്‍ണ മെഡല്‍ വിജയത്തിൽ ആഹ്‌ളാദിക്കുകയാണ് ആദ്യകാല പരിശീലകൻ നസീം അഹമ്മദ്

ദില്ലി: ജാവലിനില്‍ നീരജ് ചോപ്ര ഒളിംപിക്‌സ് മെഡൽ നേടുമെന്ന് ഉറപ്പായിരുന്നുവെന്ന് ആദ്യകാല പരിശീലകൻ നസീം അഹമ്മദ്. പതിമൂന്നാം വയസിലാണ് നീരജ്, നസീമിന് കീഴിൽ പരിശീലനത്തിന് എത്തിയത്. ഹരിയാന സർക്കാരിന്റെ പിന്തുണയും നീരജിന്‍റെ വളര്‍ച്ചയില്‍ നി‍ർണായകമായെന്ന് നസീം അഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നീരജ് ചോപ്രയുടെ സ്വര്‍ണ മെഡല്‍ വിജയത്തിൽ ആഹ്‌ളാദിക്കുകയാണ് ആദ്യകാല പരിശീലകൻ നസീം അഹമ്മദ്. ഹരിയാനയിലുള്ള രണ്ട് സിന്തറ്റിക് ട്രാക്കുകളിലൊന്നിൽ പരിശീലിക്കണമെന്നായിരുന്നു നീരജിന്‍റെ ആഗ്രഹം. അങ്ങനെയാണ് പതിമൂന്നാം വയസില്‍ പഞ്ച്കുലയിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്ക് കുട്ടിത്താരമെത്തുന്നത്. പിന്നെക്കണ്ടത് രാജ്യാതിര്‍ത്തികള്‍ ഭേദിക്കുന്ന നീരജിന്‍റെ ചരിത്ര ത്രോകളാണ്. 

'നീരജ് ഒളിംപിക്‌സ് മെഡൽ നേടുമെന്ന് തനിക്ക് ഉറപ്പായിരുന്നു. രണ്ടാം ത്രോ കഴിഞ്ഞപ്പോൾ തന്നെ ഏതാണ്ട് മെഡലുറപ്പിച്ചെങ്കിലും എല്ലാവരും എറിഞ്ഞ് തീരുംവരെ ടെൻഷനടിച്ചു. ഒരുപക്ഷെ റിയോയിലേക്ക് യോഗ്യത നേടിയിരുന്നെങ്കിൽ നേരത്തെ കിട്ടേണ്ട മെഡലായിരുന്നു ഇത്' എന്നും നസീം അഹമ്മദ് പ്രതികരിച്ചു. കായിക മേഖലയോട് ഹരിയാന സർക്കാർ നൽകുന്ന കരുതലിന് നസീം അഹമ്മദ് നന്ദി പറഞ്ഞു. 

വമ്പൻ സ്ക്രീനിൽ ടോക്കിയോയിലെ ശിഷ്യന്‍റെ പ്രകടനം കണ്ട് നസീം അഹമ്മദ് ആഘോഷിക്കുന്ന വീഡിയോ വൈറലാണ്. 2011 മുതൽ 2016 വരെയാണ് നസീമിന് കീഴിൽ നീരജ് ചോപ്ര പരിശീലിച്ചത്. 

ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്രയുടെ സ്വര്‍ണത്തിലൂടെ ഇന്ത്യ നേടിയത്. 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്. 

ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

അഭിമാനം, പരിശീലനമാണ് വിജയമന്ത്രം; രാജ്യത്തിന്‍റെ സ്‌നേഹത്തിന് നന്ദി, നീരജ് ചോപ്ര ഏഷ്യാനെറ്റ് ന്യൂസിനോട്

കൃത്യമായ പരിശീലനം, കഠിനാധ്വാനം; നീരജ് ചോപ്രയുടെ വിജയരഹസ്യം പങ്കുവച്ച് ഇന്ത്യന്‍ മുഖ്യപരിശീലകൻ

പാരീസിലേക്ക് പറക്കാന്‍ മെസി? പിഎസ്‌ജി അഭ്യൂഹങ്ങള്‍ക്ക് തീപ്പിടിപ്പിച്ച് പുതിയ റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!