Latest Videos

സൈക്ലിംഗ് ഫെഡറേഷന്റെ ട്രയല്‍സിനല്ല, പഠനത്തിനാണ് പ്രാധാന്യമെന്ന് ജ്യോതി

By Web TeamFirst Published May 25, 2020, 2:12 PM IST
Highlights

കുടുംബ പ്രശ്നങ്ങള്‍ കാരണം മുമ്പ് തനിക്ക്  പഠനം തുടരാന്‍ സാധിച്ചിരുന്നില്ലെന്നും വീട്ടുജോലിക്ക് പോവേണ്ടി വന്നിരുന്നുവെന്നും ജ്യോതി പറഞ്ഞു. പത്താം ക്ലാസ് പൂര്‍ത്തിയാക്കുകയാണ് ഇപ്പോള്‍ തന്റെ ലക്ഷ്യമെന്നും ജ്യോതി വ്യക്തമാക്കി.

പറ്റ്ന: സൈക്ലിംഗ് ഫെഡറേഷന്റെ ട്രയല്‍സിനല്ല പഠനത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് ലോക്‌ഡൗണില്‍ കുടുങ്ങിയ പിതാവിനെ പിന്നിലിരുത്തി 1200 കിലോ മീറ്ററോളം സൈക്കളോടിച്ച് വീട്ടിലെത്തിയ ജ്യോതികുമാരി. ട്രയല്‍സിനേക്കാള്‍ തുടര്‍ പഠനത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും ദീര്‍ഘദൂരം സൈക്കളോടിച്ചതിനാല്‍ താന്‍ ശാരീരികമായി ക്ഷീണിതയാണെന്നും 15കാരിയായ ജ്യോതികുമാരി ഹിന്ദുവിനോട് പറഞ്ഞു.

കുടുംബ പ്രശ്നങ്ങള്‍ കാരണം മുമ്പ് തനിക്ക്  പഠനം തുടരാന്‍ സാധിച്ചിരുന്നില്ലെന്നും വീട്ടുജോലിക്ക് പോവേണ്ടി വന്നിരുന്നുവെന്നും ജ്യോതി പറഞ്ഞു. പത്താം ക്ലാസ് പൂര്‍ത്തിയാക്കുകയാണ് ഇപ്പോള്‍ തന്റെ ലക്ഷ്യമെന്നും ജ്യോതി വ്യക്തമാക്കി. ലോക്‌ജനശക്തി പാര്‍ട്ടി ചിരാഗ് പാസ്വാന്‍ ഞായറാഴ്ച ജ്യോതിയുടെ പഠനച്ചെലവുകള്‍ ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഏത് സിലബിസിലുള്ള പഠനമാണോ ജ്യോതി ആഗ്രഹിക്കുന്നത് അതിനുള്ള മുഴുവന്‍ ചെലവും താന്‍ വഹിക്കുമെന്ന് പാസ്വാന്‍ പറഞ്ഞിരുന്നു.


അതേസമയം, ലോക്‌ഡൗണ്‍ പിന്‍വലിച്ചാല്‍ ജ്യോതിയെ സൈക്ലിഗ് ഫെഡറേഷന്‍ ട്രയല്‍സിന് അയക്കുമെന്ന് അച്ഛന്‍ മോഹന്‍ പാസ്വാന്‍ പിടിഐയോട് പറഞ്ഞു. എന്നാല്‍ ഒമ്പതാം ക്ലാസില്‍ പ്രവേശനം നേടിയ ജ്യോതിയുടെ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കാനാണ് നിലവില്‍  പ്രാധാന്യം കൊടുക്കുന്നതെന്നും മോഹന്‍ പാസ്വാന്‍ പറഞ്ഞു. പിണ്ഡാറുച്ച് ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പ്രവേശനം നേടിയ ജ്യോതിക്ക് പുതിയ സൈക്കിളും യൂണിഫോമും ഷൂവും സമ്മാനമായി ലഭിച്ചിരുന്നു.

ലോക്‌ഡൗണില്‍ 1200 കിലോ മീറ്റര്‍ സാഹസിക യാത്ര

കൊവിഡ് 19 രോഗ ബാധയെത്തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഹരിയാനയിലെ ഗുഡ്ഗാവില്‍ കുടുങ്ങിയ അച്ഛനെ ബിഹാറിലെ വീട്ടീലെത്തിക്കാനായി 1200 കിലോ മീറ്ററോളം ജ്യോതി സൈക്കിളോടിച്ചത്. വാര്‍ത്ത വന്നതിന് പിന്നാലെയാണ് ജ്യോതിയെ സൈക്ലിംഗ് ഫെഡറേഷന്‍ ട്രയല്‍സിന് ക്ഷണിച്ചത്.

സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഓങ്കാര്‍ സിംഗ് ആണ് ജ്യോതിയെ ട്രയല്‍സിന് ക്ഷണിച്ചകാര്യം പുറത്തുവിട്ടത്. ജ്യോതി ട്രയല്‍സില്‍ ജയിക്കുകയാണെങ്കില്‍ ദേശീയ സൈക്ലിംഗ് അക്കാദമിയില്‍ പരിശീലനത്തിനായി തെരഞ്ഞെടുക്കുമെന്നും ഓങ്കാര്‍ സിംഗ് പിടിഐയോട് പറഞ്ഞിരുന്നു. സ്പോര്‍ട്സ്  അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സൈക്ലിംഗ് അക്കാദമികളിലൊന്നാണ്.

ഗുഡ്ഗാവില്‍ ഓട്ടോ ഡ്രൈവറായ ജ്യോതിയുടെ പിതാവ് മോഹന്‍ പാസ്വാന് പരിക്കേറ്റതിനെത്തുടര്‍ന്ന് ഓട്ടോ ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനം നിലക്കുകയും ഓട്ടോ അതിന്റെ ഉടമസ്ഥന്‍ കൊണ്ടുപോകുകയും ചെയ്തതോടെയാണ് മോഹന്‍ പാസ്വാന്‍ ഗുഡ്ഗാവില്‍ കുടുങ്ങിപ്പോയത്.

കൈയിലുള്ള പൈസയെല്ലാം എടുത്ത് ഒരു സൈക്കിളും വാങ്ങി ഈ മാസ് 10നാണ് ജ്യോതിയും അച്ഛനും കൂടി ഗുഡ്ഗാവില്‍ നിന്ന് ബിഹാറിലേക്ക് യാത്ര തിരിച്ചത്. മെയ് 16നാണ് ഇരുവരും സുരക്ഷിതരായി വീട്ടിലെത്തിയത്.

ജ്യോതിയ്ക്ക് ഇവാന്‍ക ട്രംപിന്റെ അഭിനന്ദനം

ജ്യോതിയുടെ സാഹസിക വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയാക്കിയതിന് പിന്നാലെ ജ്യോതിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് അടക്കം രംഗത്തെത്തിയിരുന്നു.

click me!