Kerala Games: കേരളാ ഗെയിംസ്: മാരത്തോണ്‍ ഓട്ട മത്സരം ഞായറാഴ്ച

By Gopalakrishnan CFirst Published Apr 29, 2022, 7:01 PM IST
Highlights

21 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍ മത്സരം പുലര്‍ച്ചെ 4.30ന് ആരംഭിക്കും. കനകക്കുന്നിനു മുന്നില്‍നിന്നാരംഭിച്ച് എല്‍എംഎസ്, പാളയം, സ്‌പെന്‍സര്‍ ജംക്ഷന്‍, സ്റ്റാച്യൂ, പുളിമൂട് വഴി ആയുര്‍വ്വേദ കോളെജ് ജംക്ഷന്‍വരെയെത്തി അവിടെനിന്നും തിരിച്ച് അതേ റൂട്ടില്‍ കനകക്കുന്ന് ലക്ഷ്യമാക്കി ഹാഫ് മാരത്തോണ്‍ പുരോഗമിക്കും.

തിരുവനന്തപുരം: കേരള ഗെയിംസ്(Kerala Games ) 2022ന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന മാരത്തോണ്‍(Kerala Games Marathon) ഓട്ട മത്സരങ്ങള്‍ ഞായറാഴ്ച നടക്കും. മൂന്നു വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മാരത്തോണ്‍ മത്സരങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെ 4.30ന് ആരംഭിക്കും. 21.1 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍, 10 കിലോമീറ്റര്‍ മാരത്തോണ്‍ ഓട്ടം, മൂന്നു കിലോമീറ്റര്‍ ഫണ്‍ റണ്ണും കോര്‍പറേറ്റ് റണ്ണും എന്നീ വിഭാഗങ്ങളിലായാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.

21 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍ മത്സരം പുലര്‍ച്ചെ 4.30ന് ആരംഭിക്കും. കനകക്കുന്നിനു മുന്നില്‍നിന്നാരംഭിച്ച് എല്‍എംഎസ്, പാളയം, സ്‌പെന്‍സര്‍ ജംക്ഷന്‍, സ്റ്റാച്യൂ, പുളിമൂട് വഴി ആയുര്‍വ്വേദ കോളെജ് ജംക്ഷന്‍വരെയെത്തി അവിടെനിന്നും തിരിച്ച് അതേ റൂട്ടില്‍ കനകക്കുന്ന് ലക്ഷ്യമാക്കി ഹാഫ് മാരത്തോണ്‍ പുരോഗമിക്കും. കനകക്കുന്നിലെ സ്റ്റാര്‍ട്ടിങ് പോയന്‍റ് പിന്നിട്ട് പിന്നെയും മുന്നോട്ടുപോകുന്ന മാരത്തോണ്‍ വെള്ളയമ്പലം, രാജ് ഭവന്‍ വഴി കവടിയാറെത്തി തിരിച്ച് വീണ്ടും വെള്ളയമ്പലത്തേക്കെത്തും.

വെള്ളയമ്പലത്തുനിന്നും ശാസ്തമംഗലം ലക്ഷ്യമാക്കി മുന്നേറുന്ന മാരത്തോണ്‍ ശാസ്തമംഗലം ജംക്ഷനില്‍ നിന്നു തിരിഞ്ഞു വീണ്ടും വെള്ളയമ്പലം പിന്നിട്ട് കനകക്കുന്നിനു മുന്നിലെത്തി ഷിനിഷ് ചെയ്യും. മൂന്നു മണിക്കൂര്‍ മൂപ്പതു മിനിറ്റ് സമയംകൊണ്ടാണ് 21.1 കിലോമീറ്റര്‍ ദൂരം പിന്നിടേണ്ടത്. ഹാഫ് മാരത്തോണ്‍ വിഭാഗത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്മാന തുകകളിലൊന്നായ 11 ലക്ഷം രൂപയാണ് ജേതാക്കളെ കാത്തിരിക്കുന്നത്.

രാവിലെ ആറുമണിക്കാണ് 10 കിലോമീറ്റര്‍ മാരത്തോണ്‍ ഓട്ടത്തിന്റെ ഫ്‌ളാഗ് ഓഫ്. ഹാഫ് മാരത്തോണിലേതു പോലെത്തന്നെ കനകക്കുന്നില്‍ നിന്നാരംഭിച്ച് ആയുര്‍വ്വേദ കോളെജ് ജംക്ഷനിലെത്തി തിരിച്ചു കനകക്കുന്നുവഴി വെള്ളയമ്പലത്തെത്തും. രാജ്ഭവനു മുന്നിലൂടെ തിരുവനന്തപുരം ടെന്നിസ് ക്ലബ്ബിനു സമീപത്തെത്തി വെള്ളയമ്പലത്തേക്കു തന്നെ തിരിച്ചെത്തുന്ന മാരത്തോണ്‍ ശാസ്തമംഗലം വരെയെത്തി തിരിച്ച് വെള്ളയമ്പലം വഴി കനകക്കുന്നില്‍ ഫിനിഷ് ചെയ്യും. രണ്ടു മണിക്കൂര്‍കൊണ്ട് 10 കിലോമീറ്റര്‍ പൂര്‍ത്തിയാക്കണം.

7.30നാണ് മൂന്നു കിലോമീറ്റര്‍ ഫണ്‍ റണ്ണിന്റെ ഫ്‌ളാഗ് ഓഫ്. കനകക്കുന്നില്‍ നിന്നാരംഭിച്ച് എല്‍എംഎസ്, പാളയം വിജെടി ഹാളിനു മുന്നിലെത്തി തിരിച്ച് അതേ റൂട്ടിലൂടെ കനകക്കുന്നിലെത്തിയാണ് ഫണ്‍ റണ്‍ ഫിനിഷ് ചെയ്യുക. തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും കായിക പ്രേമികളും പങ്കെടുക്കുന്ന മൂന്നു കിലോമീറ്റര്‍ കോര്‍പറേറ്റ് റണ്ണും ഇതിനോടൊപ്പം നടക്കും.

click me!