തോമസ് കപ്പില്‍ ചരിത്രവിജയം നേടിയ മലയാളി താരങ്ങളോടുള്ള സര്‍ക്കാരിന്‍റെ അവഗണന തുടരുന്നു

By Web TeamFirst Published Jul 6, 2022, 6:24 PM IST
Highlights

ലക്ഷ്യസെന്നിന് കർണാടക മുഖ്യമന്ത്രിയും ചാമ്പ്യൻഷിപ്പിൽ കാര്യമായ റോളൊന്നുമില്ലാതിരുന്ന പ്രിയൻഷു രജ്പുത്തിന് മധ്യപ്രദേശ് സ‍ർക്കാരും പത്തുലക്ഷം രൂപവീതം നൽകി. പ്രണോയിക്കും അർജുനും കേരളത്തിൽ പലയിടത്തും സ്വീകരണം നൽകിയെങ്കിലും സർക്കാർ സംവിധാനങ്ങളുടെ മെല്ലപ്പോക്കും അവഗണനയും തുടരുകയാണ്.

തിരുവനന്തപുരം: തോമസ് കപ്പ് ബാഡ്മിന്‍റണിൽ ചരിത്രവിജയം നേടിയ മലയാളിതാരങ്ങളോടുള്ള സംസ്ഥാന സർക്കാരിന്‍റെ അവഗണ തുടരുന്നു. എച്ച്.എസ്. പ്രണോയ്, എം. ആർ. അർ‍ജുൻ എന്നിവരെ ആദരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കായികമന്ത്രി വി അബ്ദുറഹിമാൻ ഇക്കാര്യം പറഞ്ഞിട്ട് നാളുകളേറെയായി. ഇതിനിടയിൽ പലതവണ മന്ത്രിസഭായോഗം ചേർന്നു. സന്തോഷ് ട്രോഫി ജേതാക്കളെ ആദരിച്ചു.

എന്നാൽ ചരിത്രവിജയമെന്ന് കായികമന്ത്രി തന്നെ വിശേഷിപ്പിച്ച നേട്ടത്തിൽ അഭിമാന താരങ്ങളെ ആദരിക്കാൻ നടപടി ഒന്നുമായില്ല.തോമസ് കപ്പിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ ജേതാക്കളാവുന്നതിൽ നിർണായക പങ്കുവഹിച്ച എച്ച് എസ് പ്രണോയ് , ഡബിൾസ് താരം എം ആർ അർജുൻ എന്നിവരോടാണ് സർക്കാരിന്‍റെ അവഗണന.

കേന്ദ്രസർക്കാരിന്‍റെ അഭിനന്ദനം പ്രധാനമന്ത്രി നേരിട്ടറിയിച്ചു. തൊട്ടുപിന്നാലെ ലക്ഷ്യസെന്നിന് കർണാടക മുഖ്യമന്ത്രിയും ചാമ്പ്യൻഷിപ്പിൽ കാര്യമായ റോളൊന്നുമില്ലാതിരുന്ന പ്രിയൻഷു രജ്പുത്തിന് മധ്യപ്രദേശ് സ‍ർക്കാരും പത്തുലക്ഷം രൂപവീതം നൽകി. പ്രണോയിക്കും അർജുനും കേരളത്തിൽ പലയിടത്തും സ്വീകരണം നൽകിയെങ്കിലും സർക്കാർ സംവിധാനങ്ങളുടെ മെല്ലപ്പോക്കും അവഗണനയും തുടരുകയാണ്. തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങള്‍ക്ക് ഉചിതമായ സമയത്ത് പാരിതോഷികം പ്രഖ്യാപിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍ മെയ് 15ന് പ്രഖ്യാപിച്ചിരുന്നു.

കിരീടം നേടിയ ഇന്ത്യക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി അനുരാഗ് ഠാക്കൂര്‍

തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങളായ എച്ച്.എസ് പ്രണോയിക്കും എം.ആര്‍ അര്‍ജുനും കേരള ബാഡ്മിന്‍റൺ അസോസിയേഷന്‍ 2 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.പരിശീലകന്‍ യു.വിമൽകുമാറിന് ഒരു ലക്ഷം രൂപ സമ്മാനിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

തോമസ് കപ്പ്; ചരിത്രനേട്ടത്തില്‍ അഭിമാനമെന്ന് മലയാളി താരങ്ങള്‍

മെയ് മാസത്തില്‍ നടന്ന തോമസ് കപ്പ് ഫൈനലില്‍ 14 വട്ടം ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ തുരത്തിയാണ് ടീം ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യയും ശ്രീകാന്തും വിജയിച്ചപ്പോള്‍ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും വിജയഭേരി മുഴക്കി. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി.

click me!