തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങള്‍ക്ക് ഉചിതമായ സമയത്ത് പാരിതോഷികം പ്രഖ്യാപിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍

ബാങ്കോക്ക്: ഇന്ത്യയുടെ തോമസ് കപ്പ്(Thomas Cup 2022) വിജയത്തിൽ പങ്കാളികളായതിൽ അഭിമാനമെന്ന് മലയാളി താരങ്ങളായ എച്ച്.എസ് പ്രണോയിയും(HS Prannoy) എം.ആര്‍ അര്‍ജുനും(MR Arjun). നിലവിലെ ചാമ്പ്യൻമാരായ ഇന്തോനേഷ്യയെ അട്ടിമറിച്ചായിരുന്നു ഇന്ത്യയുടെ ആദ്യ കിരീടം. ഫൈനലിൽ ഇന്തോനേഷ്യയെ 3-0ന് തോൽപ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങള്‍ക്ക് ഉചിതമായ സമയത്ത് പാരിതോഷികം പ്രഖ്യാപിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍(V Abdurahiman) വ്യക്തമാക്കി. 

തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങള്‍ക്ക് കേരള ബാഡ്മിന്‍റൺ അസോസിയേഷന്‍ പാരിതോഷികം പ്രഖ്യാപിച്ചു. എച്ച്.എസ് പ്രണോയിക്കും എം.ആര്‍ അര്‍ജുനും 2 ലക്ഷം രൂപ വീതം പാരിതോഷികം നൽകും. പരിശീലകന്‍ യു.വിമൽകുമാറിന് ഒരു ലക്ഷം രൂപ സമ്മാനിക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്‍റ് അനിൽകുമാര്‍ കെ പറഞ്ഞു. ഇന്തോനേഷ്യയെ തോൽപ്പിച്ചാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി തോമസ് കപ്പ് നേടിയത്.

വിഖ്യാതമായ തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ 14 വട്ടം ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ തുരത്തി ടീം ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യയും ശ്രീകാന്തും വിജയിച്ചപ്പോള്‍ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും വിജയഭേരി മുഴക്കി. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി എന്ന പ്രത്യേകതയുമുണ്ട്. 

Thomas Cup : ആവേശം, പ്രചോദനം; തോമസ് കപ്പുയര്‍ത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി