മിയാമി ചാമ്പ്യന്‍ഷിപ്പില്‍ പതിവുപോലെ ഇത്തവണയും ഹോട്‌സീറ്റില്‍ നേര്‍വേയുടെ മാഗ്‌നസ് കാള്‍സനായിരുന്നു

മിയാമി: 'ഇപ്പോള്‍ നിങ്ങള്‍ എന്നെ തഴയും, ഒരിക്കല്‍ നിങ്ങളെന്‍റെ ഓട്ടോഗ്രാഫിന് വേണ്ടി കാത്തുനില്‍ക്കും'... സ്‌കൂള്‍തലം മുതല്‍ മലയാളി പറഞ്ഞുതഴമ്പിച്ച ഡയലോഗാണെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രം കണ്ടാല്‍ ആദ്യം മനസില്‍ വരിക ഈ പഞ്ച് വാക്കുകളാണ്. മിയാമിയിലെ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ് വേദിയില്‍ അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ മാഗ്നസ് കാള്‍സനും വെറും 17 വയസ് മാത്രം പ്രായമുള്ള ഇന്ത്യന്‍ കൗമാര വിസ്‌മയം ആര്‍ പ്രഗ്നാനന്ദയും മുഖാമുഖം വന്ന മത്സരത്തിന് മുമ്പുള്ള ചിത്രമാണ് അനവധിയാളുകള്‍ ട്വിറ്ററിലും ഫേസ്‌ബുക്കിലും വാട്‌സ്‌ആപ്പിലുമെല്ലാം പങ്കുവെക്കുന്നത്. 

മിയാമി ചാമ്പ്യന്‍ഷിപ്പില്‍ പതിവുപോലെ ഇത്തവണയും ഹോട്‌സീറ്റില്‍ നേര്‍വേയുടെ മാഗ്‌നസ് കാള്‍സനായിരുന്നു. കാള്‍സനുള്ളപ്പോള്‍ പിന്നാരും ഫേവറൈറ്റാവില്ല എന്ന് ഏതൊരു ചെസ് പ്രേമിക്കും അറിയാം. എങ്കിലും ഇന്ത്യയില്‍ നിന്നൊരു 17കാരന്‍ ലോക ചാമ്പ്യനെതിരെ മത്സരിക്കാനെത്തുമ്പോള്‍ ലോക മാധ്യമങ്ങള്‍ ക്യാമറക്കണ്ണുകള്‍ പായിക്കേണ്ടത് അയാളിലേക്കല്ലേ? എന്നാല്‍ മിയാമിയില്‍ സംഭവിച്ചത് നേരെ തിരിച്ചു. കാള്‍സന്‍ എത്തുന്നതും കാത്ത് തടിച്ചുകൂടുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. അവര്‍ തങ്ങളുടെ ക്യാമറക്കണ്ണുകളും മൈക്കുകളും കാള്‍സനിലേക്ക് നീട്ടി. വെറും 17 വയസ് മാത്രമുള്ള ഇന്ത്യന്‍ എതിരാളി ആര്‍ പ്രഗ്നനാനന്ദ മത്സരത്തിനായി വേദിക്കരികിലേക്ക് എത്തിയത് മാധ്യമപ്രവര്‍ത്തകര്‍ പലരും കണ്ടുപോലുമില്ല. എല്ലാവരും കാള്‍സന്‍റെ ചിത്രങ്ങളും വാക്കുകളും ഒപ്പിയെടുക്കാനുള്ള പെടാപ്പാടിലായിരുന്നു. 

എന്നാല്‍ പ്രഗ്നാനന്ദയാവട്ടെ മഹാമേരുവിനെ നേരിടുന്നതിന്‍റെ തെല്ല് ഭയമില്ലാതെ ചിരിച്ചുകൊണ്ട് പരിശീലകന്‍ ആര്‍ ബി രമേഷിനൊപ്പം സമീപത്ത് തമാശകള്‍ പറഞ്ഞുകൊണ്ടിരുന്നു. ഈ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത് കാണാം. ചിത്രം പകര്‍ത്തിയത് ആരാണെന്ന് വ്യക്തമല്ലെങ്കിലും ആരിഫ് ഷെയ്‌ഖ് ഐപിഎസ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഈ വൈറല്‍ ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Scroll to load tweet…

ലോക മാധ്യമങ്ങളെല്ലാം മാഗ്‌നസ് കാള്‍സനെ പൊതിയുമ്പോള്‍ തൊട്ടരികില്‍ പരിശീലകനൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന പ്രഗ്നാനന്ദയെ വാഴ്‌ത്തുകയാണ് ഇന്ത്യന്‍ കായികപ്രേമികള്‍. ലോക ചാമ്പ്യനെ നേരിടുന്ന താരമാണെന്നോര്‍ക്കണം, എത്ര കൂളാണ് ഇന്ത്യയുടെ കൗമാര വിസ്‌മയം എന്ന് അത്ഭുതം കൊള്ളുകയാണ് ആരാധകര്‍. മൂന്നാം തവണയും കാള്‍സന്‍റെ മനക്കരുത്തിനെയും കൂര്‍മ്മബുദ്ധിയേയും തോല്‍പിച്ച പ്രഗ്നാനന്ദയുടേതാണ് വരുംകാലം എന്ന് ഇപ്പോഴേ ഉറപ്പിച്ചുകഴിഞ്ഞു ആരാധകര്‍. ഈ വര്‍ഷം ഫെബ്രുവരിയിൽ ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിലും മെയ് 20ന് ചെസ്സബിൾ മാസ്‌റ്റേഴ്സ് ഓൺലൈൻ ടൂർണമെൻറിലും കാള്‍സനെ പ്രഗ്നാനന്ദ മലര്‍ത്തിയടിച്ചിരുന്നു. വിശ്വനാഥന്‍ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സനെ തോല്‍പിക്കുന്ന ഇന്ത്യന്‍താരം കൂടിയാണ് ആര്‍ പ്രഗ്നാനന്ദ. 

'കാള്‍സനെന്ന വന്‍മരം വീണു, ഇനി പ്രഗ്നനാനന്ദയുടെ കാലം'; ഇന്ത്യന്‍ ചെസ് വിസ്‌മയത്തെ വാഴ്‌ത്തി മലയാളികള്‍