സ്‌കൂളിന് സ്വന്തമായി ഗ്രൗണ്ടില്ല; പക്ഷേ, മീറ്റില്‍ താരമായി റിജോയ്

By Web TeamFirst Published Nov 16, 2019, 9:51 PM IST
Highlights

പട്ടഞ്ചേരിയുടെ അഭിമാനമായി റിജോയ് ജെ. സ്വന്തമായി ഗ്രൗണ്ടില്ലാത്ത സ്‌കൂളില്‍ നിന്നെത്തി 3000 മീറ്ററിൽ ഒന്നാമത്. 
 

കണ്ണൂര്‍: സ്വന്തമായി ഗ്രൗണ്ട് പോലുമില്ലാത്ത സ്‌കൂളിൽ നിന്നെത്തി സ്വർണം നേടുക. അതും സ്‌കൂളിന്റെ ചരിത്രത്തിലെ ആദ്യ മെഡൽ. പാലക്കാട് പട്ടഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂളിന്റെ അഭിമാനമായിരിക്കുകയാണ് 3000 മീറ്ററിൽ ഒന്നാമതെത്തിയ റിജോയ് ജെ.

ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററില്‍ സ്വർണ പ്രതീക്ഷയിൽ മുന്നിൽ കോതമംഗലം മാർ ബേസിലിന്റെയും പാലക്കാട് പറളിയുടെയും താരങ്ങളായിരുന്നു. എന്നാല്‍ ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടി. ഒന്നാമനായത് പാലക്കാട് ജില്ലയിലെ ചിറ്റൂർ സബ് ജില്ലയിലുള്ള പട്ടഞ്ചേരി എച്ച്എസിലെ റിജോയ് ജെ. കായികോത്സവങ്ങളുടെ ചരിത്രത്തിൽ ആദ്യമായി പട്ടഞ്ചേരി സ്‌കൂളിന്റെ പേരും ഉയർന്ന നിമിഷം

എല്ലാ ദിവസവും പരിശീലനവും നടക്കാറില്ല. 25 കി.മി സഞ്ചരിച്ചാണ് റിജോയ് പരിശീലനം നടത്തുന്നത്. പട്ടഞ്ചേരിയുടെ പ്രതീക്ഷയുമായി 1500 മീറ്ററിലും റിജോയ് മത്സരിക്കുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിച്ചിരുന്നെങ്കിലും 3000 മീറ്ററിൽ ഒമ്പതാം സ്ഥാനവും 1500 ൽ ഏഴാം സ്ഥാനവും നേടാനെ റിജോയ്‌ക്ക് കഴിഞ്ഞിരുന്നുള്ളൂ. അതിനുള്ള പകരംവീട്ടൽ കൂടിയായി ഇത്തവണത്തെ സ്വർണ നേട്ടം. 

click me!