ലോറസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; നദാലും ഒസാക്കയും താരങ്ങൾ

By Web TeamFirst Published May 7, 2021, 11:17 AM IST
Highlights

സമ​ഗ്രസംഭാവനക്കുള്ള പുരസ്കാരത്തിന് അമേരിക്കൻ ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിം​ഗ് അർഹയായി

മാഡ്രിഡ്: കായികരം​ഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ടെന്നീസ് താരം സ്പെയിനിന്റെ റാഫേൽ നദാൽ ഏറ്റവും മികച്ച പുരുഷ കായിക താരമായപ്പോൾ വനിതാ ടെന്നീസ് താരം ജപ്പാന്റെ നവോമി ഒസാക്കയാണ് മികച്ച വനിതാ കായിക താരം. ജർമൻ ഫുട്ബോൾ ക്ലബ്ബായ ബയേൺ മ്യൂണിക്കാണ് ലോകത്തിലെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്കാരം സ്വന്തമാക്കിയത്.

ഈ വർഷത്തെ സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച കായികതാരത്തിനുള്ള പുരസ്കാരം ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ സ്വന്തമാക്കിയപ്പോൾ മികച്ച സ്പോർട്ടിം​ഗ് ഇൻസ്പിരേഷനൽ താരത്തിനുള്ള പുരസ്കാരം ലിവർപൂൾ താരം മൊഹമ്മദ് സലാ സ്വന്തമാക്കി. സമ​ഗ്രസംഭാവനക്കുള്ള പുരസ്കാരത്തിന്
അമേരിക്കൻ ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിം​ഗ് അർഹയായി.

👀 ICYMI...Here's a reminder of the 2021 Laureus World Sports Awards Winners

— Laureus (@LaureusSport)

ഇത് രണ്ടാം തവണയാണ് നദാൽ ലോറസിന്റെ മികച്ച കായിക താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2011ലായിരുന്നു ഇതിന് മുമ്പ് നദാലിന് മികച്ച കായിക താരത്തിനുള്ള പുരസ്കാരം ലഭിച്ചത്.  2019ൽ  പുരസ്കാരം ലഭിച്ചെങ്കിലും ഒസാക്ക ആദ്യമായാണ് ലോറസിന്റെ മികച്ച വനിതാ കായിക താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2019ല് മികച്ച അട്ടിമറി വിജയിക്കുള്ള പുരസ്കാരമായിരുന്നു ഒസാക്കക്ക് ലഭിച്ചത്.

2014നുശേഷം ആദ്യമായാണ് ബയേൺ മ്യൂണിക്ക് മികച്ച ടീമായി തെരഞ്ഞെടുക്കപ്പെടുന്നത്. സ്പെയിനിലെ സെവിയ്യയിൽ ഓൺലൈനായാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!