ആരാണ് എക്കാലത്തേയും മികച്ച ടെന്നിസ് താരം..? ലിയാന്‍ഡര്‍ പെയ്‌സിന്റെ മറുപടിയിങ്ങനെ

By Web TeamFirst Published Feb 8, 2020, 9:26 AM IST
Highlights

ഗ്രാന്‍സ്ലാം കിരീടനേട്ടത്തില്‍ റാഫേല്‍ നദാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററെ മറികടക്കുമെന്ന് ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം ലിയാന്‍ഡര്‍ പെയ്‌സ്. വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ടെന്നിസിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും പെയ്‌സ് പറഞ്ഞു.

മുംബൈ: ഗ്രാന്‍സ്ലാം കിരീടനേട്ടത്തില്‍ റാഫേല്‍ നദാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററെ മറികടക്കുമെന്ന് ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം ലിയാന്‍ഡര്‍ പെയ്‌സ്. വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ടെന്നിസിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും പെയ്‌സ് പറഞ്ഞു. ഇതിഹാസങ്ങള്‍ ഏറെയുണ്ടെങ്കിലും ടെന്നിസിലെ എക്കാലത്തേയും മികച്ച താരം ആരെന്ന ചോദ്യത്തിന് ഫെഡറര്‍ എന്നുള്ള ഉത്തരം മാത്രമാണ് പെയ്‌സിനുള്ളൂ.

മഹാരാഷ്ട്ര ഓപ്പണ്‍ ഡബിള്‍സ് ക്വാര്‍ട്ടറില്‍ തോല്‍വിക്ക് ശേഷം സംസാരിക്കുകയായിരുന്നു പെയ്‌സ്. അദ്ദേഹം തുടര്‍ന്നു... ''എല്ലാ പ്രതലത്തിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ഫെഡറര്‍ക്ക് തുല്യന്‍ ആരുമില്ല. പക്ഷേ, ഗ്രാന്‍സ്ലാം കിരീടനേട്ടത്തില്‍ റാഫേല്‍ നദാല്‍ ഫെഡററെ മറികടക്കും. വിരമിച്ചതിന് ശേഷം ഇന്ത്യയില്‍ നിന്നൊരു സിംഗിള്‍സ് ഗ്രാന്‍സ്ലാം കിരീടവിജയിയെ വളര്‍ത്തിയെടുക്കുകയാണ് തന്റെ ലക്ഷ്യം. 

ഡബിള്‍സില്‍ 135ലേറെയും മിക്‌സഡ് ഡബിള്‍സില്‍ ഇരുപത്തിനാലും പങ്കാളികളുണ്ടായെങ്കിലും ഏറ്റവും നന്നായി കളിക്കാനായത് മാര്‍ട്ടിന നവരത്തിലോവയ്ക്കും മാര്‍ട്ടിന ഹിംഗിസിനൊപ്പവുമാണ്. മുപ്പത്തിയൊന്ന് വര്‍ഷത്തെ ടെന്നിസ് ജീവിതത്തില്‍ ഏറ്റവും അഭിമാനവും സംതൃപ്തിയും നല്‍കുന്നത് ഇന്ത്യന്‍ ജഴ്‌സിയണിയുമ്പോഴാണ്.'' 46കാരനായ പെയ്‌സ് പറഞ്ഞുനിര്‍ത്തി.

click me!