
ഗുരുഗ്രാം: തമിഴ് ലയണ്‍സിനെ 40-30 എന്ന സ്‌കോറിന് പരാജയപ്പെടുത്തി മറാത്തി വള്‍ച്ചേഴ്സ് 2025 ഗ്ലോബല്‍ ഇന്ത്യന്‍ പ്രവാസി കബഡി ലീഗ് പുരുഷ വിഭാഗം ചാമ്പ്യന്മാരായി. ഗുരുഗ്രാം സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ആവേശകരമായ ഫൈനലില്‍ വള്‍ച്ചേഴ്സ് തങ്ങളുടെ ആത്മവിശ്വാസം നിലനിര്‍ത്തി, സുനില്‍, വിശാല്‍, രാഹുല്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ടീമിന് കിരീടം സമ്മാനിച്ചത്. 10 പോയിന്റ് വ്യത്യാസത്തിലാണ് ടീം കിരീടം നേടിയത്. സുനില്‍ ആകെ 11 പോയിന്റുകള്‍ നേടി ടീമിനെ നയിച്ചപ്പോള്‍, വിശാല്‍ 9 പോയിന്റുകള്‍ നേടി, രാഹുല്‍ 6 നിര്‍ണായക ടാക്കിള്‍ പോയിന്റുകള്‍ നേടി പ്രതിരോധത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
പുരുഷ വിഭാഗം ആദ്യ സെമി ഫൈനലില്‍ മറാത്തി വള്‍ച്ചേഴ്‌സ് 38-36 എന്ന സ്‌കോറിന് പഞ്ചാബി ടൈഗേഴ്സിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. മറാത്തി വള്‍ച്ചേഴ്‌സും പഞ്ചാബി ടൈഗേഴ്‌സും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പുറത്തെടുത്തത്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പതറാതെ മികച്ച പ്രകടനം പുറത്തെടുത്ത മറാത്തി വള്‍ച്ചേഴ്‌സിന് മുന്നില്‍ അവസാനം പഞ്ചാബി ടൈഗേഴ്‌സിന് അടിയറവ് പറയേണ്ടി വന്നു. രണ്ടാം സെമി ഫൈനലില്‍ തമിഴ് ലയണ്‍സ് 50-27 എന്ന സ്‌കോറിന് ബീഹാര്‍ ലെപ്പേഡ്‌സിനെ തകര്‍ത്താണ് ഫൈനല്‍ ഉറപ്പിച്ചത്. 25 റെയ്ഡ് പോയിന്റുകളും 18 ടാക്കിള്‍ പോയിന്റുകളും നിരവധി ഓള്‍ഔട്ടുകളും നേടിയ തമിഴ് ലയണ്‍സിന്റെ മികച്ച പ്രകടനത്തിന് മുന്നില്‍ ബീഹാര്‍ ലെപ്പേര്‍ഡ്‌സ് പരാജയം സമ്മതിക്കുകയായിരുന്നു.
വനിതാ വിഭാഗത്തില്‍ ലയണ്‍സ്
വനിതാ വിഭാഗത്തില്‍ തമിഴ് ലയണ്‍സ് ചാമ്പ്യന്മാരായി. തെലുങ്ക് ചീറ്റാസിനെ തോല്‍പ്പിച്ചാണ് ലയണ്‍സ് കപ്പുയര്‍ത്തിയത്. 19നെതിരെ 31 പോയിന്റുകള്‍ നേടിയാണ് ലയണ്‍സ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. തമിഴ് ലയണ്‍സിനായി രചന വിലാസ് ഒരു റെയ്ഡിലൂടെ 8 പോയിന്റുകള്‍ നേടി. ഡിഫന്‍ഡര്‍ പ്രിയങ്ക 7 ടാക്കിള്‍ പോയിന്റുകള്‍ നേടി. ഡിഫന്‍ഡര്‍ നവനീത 5 പോയിന്റ് നേടി. മറ്റൊരു ഓള്‍റൗണ്ടര്‍ 5 പോയിന്റുകള്‍ നേടി. 14 പോയിന്റുകളുടെ വ്യത്യാസത്തിലാണ് ലയണ്‍സ് കിരീടം നേടിയത്.