അവിശ്വസനീയ നേട്ടം! കരിയറില്‍ ആദ്യമായി 90 മീറ്റര്‍ പിന്നിട്ട നീരജ് ചോപ്രയെ അഭിനന്ദിച്ച് നരേന്ദ്ര മോദി

Published : May 17, 2025, 10:58 AM IST
അവിശ്വസനീയ നേട്ടം! കരിയറില്‍ ആദ്യമായി 90 മീറ്റര്‍ പിന്നിട്ട നീരജ് ചോപ്രയെ അഭിനന്ദിച്ച് നരേന്ദ്ര മോദി

Synopsis

ദോഹ ഡയമണ്ട് ലീഗില്‍ 90 മീറ്റര്‍ പിന്നിട്ട് വ്യക്തിഗത നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മൂന്നാം ശ്രമത്തിലാണ് നീരജ് വ്യക്തിഗത റെക്കോര്‍ഡ് തിരുത്തിയത്.

ദില്ലി: ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി നേടിയ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദോഹയില്‍ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. 90.23 ദൂരമെറിഞ്ഞ് നീരജ് സ്വന്തം റെക്കോര്‍ഡ് തിരുത്തിയിരുന്നു. മൂന്നാം ശ്രമത്തിലാണ് നീരജ് വ്യക്തിഗത റെക്കോര്‍ഡ് തിരുത്തിയത്. 

എങ്കിലും താരത്തിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വന്നു. അവസാന ശ്രമത്തില്‍ 91.06 മീറ്റര്‍ ദൂരം താണ്ടി ജൂലിയന്‍ വെബ്ബര്‍ ഒന്നാമത് എത്തുകയായിരുന്നു. കരിയറില്‍ ആദ്യമായി 90 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ചരിത്രമെഴുതിയത്. ആദ്യ അവസരത്തില്‍ 88.4 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ച നീരജ് മൂന്നാം ശ്രമത്തിലാണ് 90.23 മീറ്റര്‍ എന്ന ദൂരം പിന്നിട്ടത്. 

പിന്നാലെയാണ് മോദി ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നത്. എക്‌സിലിട്ട കുറിപ്പില്‍ മോദി പറഞ്ഞതിങ്ങനെ... ''വിസ്മയിപ്പിക്കുന്ന നേട്ടം. ദോഹ ഡയമണ്ട് ലീഗില്‍ 90 മീറ്റര്‍ പിന്നിട്ട് വ്യക്തിഗത നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമാണിത്. ഇന്ത്യ നിങ്ങളില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു.'' മോദി കുറിച്ചിട്ടു.

ഇന്ത്യയുടെ തന്നെ കിഷോര്‍ ജെന നിലവില്‍ എട്ടാം സ്ഥാനത്താനുള്ളത്. കഴിഞ്ഞ വര്‍ഷം 76.31 മീറ്റര്‍ കണ്ടെത്തിയ കിഷോര്‍ ജെന അന്ന് ഒന്‍പതാം സ്ഥാനത്തായിരുന്നു. പാകിസ്ഥാന്റെ ഒളിംപിക് ചാമ്പ്യന്‍ അര്‍ഷാദ് നദീം ഇത്തവണ പങ്കെടുക്കുന്നില്ല. രണ്ട് തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്‌സ്, ചെക്ക് റിപ്പബ്ലിക്കിന്റെ നിലവിലെ ചാംപ്യന്‍ യാക്കൂബ് വാഡ്‌ലെജ്, ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ എന്നിവര്‍ ഉള്‍പ്പടെ 11 പ്രമുഖ താരങ്ങളാണ് ദോഹയില്‍ മത്സരിച്ചത്.

PREV
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം