Latest Videos

Neeraj Chopra : പുരസ്‌കാരങ്ങള്‍ ആത്മവീര്യം വര്‍ധിപ്പിക്കുന്നു; രാജ്യത്തിന്റെ ആദരത്തിന് ശേഷം നീരജ് ചോപ്ര

By Web TeamFirst Published Jan 26, 2022, 10:34 AM IST
Highlights

അമേരിക്കയിലെ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് നീരജിന്റെ പ്രതകരണം. പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവരെയും അഭിനന്ദിക്കുന്നതായും നീരജ് പറഞ്ഞു. കായികമേഖലയിലെ 9 പേര്‍ക്കാണ് പത്മ പുരസ്‌കാരങ്ങള്‍.

ദില്ലി: പത്മശ്രീ, പരം വിശിഷ്ട സേവാ മെഡല്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചത് പ്രചോദനമെന്ന് ജാവിലന്‍ ത്രോവര്‍ നീരജ് ചോപ്ര. അമേരിക്കയിലെ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് നീരജിന്റെ പ്രതകരണം. പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവരെയും അഭിനന്ദിക്കുന്നതായും നീരജ് പറഞ്ഞു. കായികമേഖലയിലെ 9 പേര്‍ക്കാണ് പത്മ പുരസ്‌കാരങ്ങള്‍. നീരജ് ഉള്‍പ്പെടെ ഒളിംപിക്‌സിലും പാരാലിംപിക്‌സിലും മികവ് കാട്ടിയവര്‍ക്ക് അംഗീകാരം ലഭിച്ചു.

റിപ്പബ്ലിക്ക് ദിനത്തലേന്ന് നീരജിന് ഇരട്ടബഹുമതി. പരം വിശിഷ്ട സേവാ മെഡലിനും പത്മശ്രീക്കും ഒളിംപിക് ചാംപ്യന്‍ അര്‍ഹനായി. സമാധാന കാലത്തെ മികച്ച സേവനത്തിന് നല്‍കുന്ന ഉയര്‍ന്ന ബഹുമതിയാണ് പരം വിശിഷ്ട സേവാ മെഡല്‍. രജ്പുത്താനാ റൈഫിള്‍സ് റെജിമെന്റില്‍ സുബേദാറായ നീരജിന് 2020ല്‍ വിശിഷ്ട സേവാ മെഡല്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയതിന് ശേഷം നീരജ് ചോപ്ര ദേശീയ പതാകയോട് ആദരവ് കാട്ടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ഇന്ത്യന്‍ സേനയില്‍ അംഗമായതിലെ അഭിമാനം എടുത്തുപറഞ്ഞു നീരജ്. 2018ല്‍ അര്‍ജുന അവാര്‍ഡും കഴിഞ്ഞ വര്‍ഷം കായികരംഗത്തെ പരമോന്നത ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരവും നീരജിന് സമ്മാനിച്ചിട്ടുണ്ട്. ജൂലൈയിലെ ലോകചാംപ്യന്‍ഷിപ്പിനായി അമേരിക്കയില്‍ പരിശീലനത്തിലാണ് താരം. പാരാലിംപിക്‌സില്‍ രണ്ട് സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരമായ ദേവേന്ദ്ര ജജാരിയക്ക് പത്മഭൂഷണ്‍. 2004ലെയും 2016ലെയും
പാരാലിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ മികവിനാണ് രാജസ്ഥാന്‍ സ്വദേശിയായ ജജാരിയക്ക് രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന ബഹുമതി ലഭിക്കുന്നത്. 

ടോക്കിയോ പാരാലിംപിക്‌സില്‍ മികവ് കാട്ടിയ മൂന്ന് പേര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. ഷൂട്ടിംഗില്‍ ഒരു സ്വര്‍ണവും ഒരു വെങ്കലവും നേടിയ അവനി ലെഖാര, ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ സുമിത് ആന്റില്‍, ാഡ്മിന്റണില്‍ സ്വര്‍ണം നേടിയ പ്രമോദ് ഭഗത്ത് എന്നിവര്‍ക്കാണ് അംഗീകാരം. ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയിലെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വന്ദന ഖട്ടാരിയക്ക് പത്മശ്രീ ലബിച്ചത് ശ്രദ്ധേയമായി. ഉത്തരാഖണ്ഡ് സ്വദേശിയായ വന്ദനയെയും കുടുംബത്തെയും നേരേ സെമിയിലെ തോല്‍വിക്ക് പിന്നാലെ ജാതീയമായി അധിക്ഷേപിച്ചത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. 

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ഗോള്‍കീപ്പര്‍ എസ് ബ്രഹ്‌മാനന്ദ്, ആയോധന കലയിലെ പ്രശസ്ത കശ്മീരി പരിശീലകന്‍ ഫൈസല്‍ അലി ദാര്‍ എന്നിവര്‍ക്കും പത്മശ്രീ പുരസ്‌കാരം ലഭിക്കും.

click me!