കയ്യില്‍ ഥാറുണ്ടല്ലോ ബെന്‍സ് മോഹം തല്‍ക്കാലത്തേക്കില്ല, മാതാപിതാക്കളെ ഉംറയ്ക്ക് വിടണമെന്ന് നിഖാത് സരീന്‍

By Web TeamFirst Published Mar 28, 2023, 10:48 AM IST
Highlights

ഒരു ലക്ഷം യു എസ് ഡോളര്‍ (ഏകദേശം 8220610 രൂപ) ഉം മഹീന്ദ്ര ഥാറുമാണ് ചാമ്പ്യന്‍ഷിപ്പിലെ സമ്മാനമായി  നിഖാതിന് ലഭിച്ചത്. മത്സരത്തിന്‍റെ സ്പോണ്‍സര്‍മാരുടെ സമ്മാനമായിരുന്നു മഹീന്ദ്ര ഥാര്‍. 

ദില്ലി: ബെന്‍സ് കാര്‍ വാങ്ങണമെന്ന ആഗ്രഹം തല്‍ക്കാലത്തേക്ക് മാറ്റി വയ്ക്കുന്നതായി ബോക്സിംഗ് ലോക ചാംപ്യന്‍ നിഖാത് സരീന്‍. ലോക ചാമ്പ്യന്‍ഷിപ്പിലെ സമ്മാന തുക കൊണ്ട് ബെന്‍സ് കാര്‍ വാങ്ങണമെന്നായിരുന്നു നിഖാത് സരീന്‍ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ വിയറ്റ്നാമിന്‍റെ നുയന്‍ തി ടാമിനെ 5-0 ന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് ആ ആഗ്രഹം തല്‍ക്കാലത്തേക്ക് മാറ്റി വയ്ക്കുന്നതായി നിഖാത് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ഒരു ലക്ഷം യു എസ് ഡോളര്‍ (ഏകദേശം 8220610 രൂപ) ഉം മഹീന്ദ്ര ഥാറുമാണ് ചാമ്പ്യന്‍ഷിപ്പിലെ സമ്മാനമായി  നിഖാതിന് ലഭിച്ചത്. മത്സരത്തിന്‍റെ സ്പോണ്‍സര്‍മാരുടെ സമ്മാനമായിരുന്നു മഹീന്ദ്ര ഥാര്‍. 

നേരത്തെ ഞാന്‍ കരുതിയിരുന്നത് സമ്മാനത്തുക കൊണ്ട് ബെന്‍സ് കാര്‍ വാങ്ങണമെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് സമ്മാനമായി ഥാര്‍ ലഭിച്ചതുകൊണ്ട് ബെന്‍സ് സ്വപ്നം മാറ്റി വച്ചാലോയെന്നാണ് ആലോചിക്കുന്നത്. റംസാന്‍ കാലമായതിനാല്‍ മാതാപിതാക്കളെ ഉംറയ്ക്ക് അയയ്ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനേക്കുറിച്ച് വീട്ടിലെത്തിയ ശേഷം മാതാപിതാക്കളോട് സംസാരിച്ച് തീരുമാനിക്കുമെന്നാണ് നിഖാത് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിസാമബാദിലെ മുസ്ലിം കുടുംബത്തില്‍ നിന്നാണ് വനിതാ ബോക്സിംഗ് ലോക ചാംപ്യാന്‍റെ വരവ്. വിജയങ്ങളെക്കുറിച്ച് മുന്‍കൂട്ടി ദൃശ്യവല്‍ക്കരിച്ച് ചിന്തിച്ച് അവ പ്രാവര്‍ത്തികമാക്കാനാണ് താന്‍ ശ്രമിക്കാറുള്ളതെന്നും നിഖാത് പ്രതികരിച്ചു. ലോക ചാംപ്യന്‍ എന്നെഴുതിയ ശേഷം സ്വര്‍ണ മെഡല്‍ വരച്ച ഒരു സ്റ്റിക്കി നോട്ട് ഒട്ടിച്ചിട്ടുണ്ട്. അത് കണ്ടാണ് എല്ലാ ദിവസവും ഉണരുന്നത്. ഉറങ്ങുമ്പോഴും അത് കണ്ടാണ് ഉറങ്ങുന്നത്. ഏഷ്യന്‍ ഗെയിംസ് യോഗ്യത നിലവില്‍ നിഖാത് ഇതിനോടകം നേടിയിട്ടുണ്ട്. ഈ മാസം അവസാനമാണ് ഒളിംപിക്സിനുള്ള യോഗ്യതാ മത്സരം നടക്കുക. പാരീസ് ഒളിംപിക്സിനും യോഗ്യത നേടാനുള്ള ശ്രമത്തിലാണ് നിഖാത്തുള്ളത്. 

താൻ പ്രതിനിധീകരിക്കുന്നത് ഒരു പ്രത്യേക സമുദാ‌യത്തെയല്ലെന്നും ഹിന്ദുവാണോ മുസ്ലീമാണോ എന്നത് പ്രശ്നമല്ലെന്നും രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്നും നിഖാത് നേരത്തെ പ്രതികരിച്ചിരുന്നു. കായികതാരമെന്ന നിലയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനാണ് ഞാനെത്തിയത്. എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു-മുസ്‌ലിം പ്രശ്‌നമല്ല. ഞാൻ ഒരു സമുദായത്തെയല്ല എന്റെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്റെ രാജ്യത്തിനായി ഒരു മെഡൽ നേടിയതിൽ  സന്തോഷമുണ്ടെന്നായിരുന്നു കഴിഞ്ഞ വര്‍ഷം തെലങ്കാനയില്‍ നടന്ന ചടങ്ങില്‍ താരം വിശദമാക്കിയത്. 

click me!