ജോക്കോവിച്ചും നദാലും കളത്തില്‍; എടിപി ഫൈനല്‍സ് നാളെ മുതല്‍

By Web TeamFirst Published Nov 14, 2020, 12:24 PM IST
Highlights

കിരീടം നേടിയാൽ എടിപി ഫൈനല്‍സില്‍ ആറ് തവണ ചാംപ്യനായ റോജര്‍ ഫെ‍ഡററിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ജോക്കോവിച്ചിന് കഴിയും.

ലണ്ടന്‍: എടിപി ഫൈനല്‍സ് ടൂര്‍ണമെന്‍റിന് നാളെ തുടക്കം. നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും അടക്കം എട്ട് പ്രമുഖ താരങ്ങളാണ് മത്സരിക്കുന്നത്.

സീസണിലെ ഏറ്റവും മികച്ച എട്ട് പുരുഷ സിംഗിള്‍സ് താരങ്ങളും ഡബിള്‍സ് സഖ്യങ്ങളും മത്സരിക്കുന്ന എടിപി ഫൈനല്‍സിന്‍റെ 50-ാം പതിപ്പിനാണ് ലണ്ടനില്‍ തുടക്കമാകുന്നത്. റൗണ്ട് റോബിന്‍ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റിലെ എട്ട് കളിക്കാര്‍ ടോക്കിയോ, ലണ്ടന്‍ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായി കളിക്കും. 1970ലെ പ്രഥമ എടിപി ഫൈനല്‍സിന് ടോക്കിയോ ആയിരുന്നു വേദി. ഇറ്റലിയിലെ ടുറീനിലേക്ക് മാറുന്നതിന് മുന്‍പായി ഇംഗ്ലണ്ട് തലസ്ഥാനം വേദിയാകുന്ന അവസാന ടൂര്‍ണമെന്‍റ് എന്ന നിലയ്ക്കാണ് രണ്ടാം ഗ്രൂപ്പിന് ലണ്ടന്‍ എന്ന പേര് നൽകിയത്.

ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്, റഷ്യന്‍ താരം ദാനിയേൽ മെദ്വവേദ്, 2018ലെ വിജയിയായ ജര്‍മ്മന്‍ താരം അലക്‌സാണ്ടര്‍ സ്വേരേവ്, അര്‍ജന്‍റീനയുടെ ഡീഗോ ഷ്വാര്‍ട്സ്‌മാന്‍ എന്നിവര്‍ ഗ്രൂപ്പ് ടോക്കിയോ 1970ൽ കളിക്കും. കിരീടം നേടിയാൽ എടിപി ഫൈനല്‍സില്‍ ആറ് തവണ ചാംപ്യനായ റോജര്‍ ഫെ‍ഡററിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ജോക്കോവിച്ചിന് കഴിയും.

തുടര്‍ച്ചയായ പതിനാറാം എടിപി ഫൈനല്‍സിന് യോഗ്യത നേടിയ റാഫേല്‍ നദാല്‍, യുഎസ് ഓപ്പൺ ജേതാവ് ഡൊമിനിക് തീം, കഴിഞ്ഞ വര്‍ഷത്തെ ചാംപ്യനായ സ്റ്റെഫാനോസ് സിറ്റ്സിപാസ്, ലോക എട്ടാം നമ്പര്‍ താരം ആന്ദ്രേ റുബ്ലേവ് എന്നിവരാണ് ഗ്രൂപ്പ് ലണ്ടന്‍ 2020ൽ ഉള്ളത്. ഷ്വാര്‍‌ട്സ്‌മാനും റുബ്ലേവും ആദ്യമായാണ് എടിപി ഫൈനല്‍സിന് യോഗ്യത നേടുന്നത്. 2010ലും 2013ലും ഫൈനലിലെത്തിയതാണ് നദാലിന്‍റെ മികച്ച പ്രകടനം. ഫൈനല്‍ ഈ മാസം 22ന് നടക്കും.

'കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം'; ഐപിഎല്‍ ടീമുകളുടെ എണ്ണം കൂട്ടണമെന്ന് വാദിച്ച് ദ്രാവിഡ്

click me!