ബാംഗ്ലൂര്‍: ഐപിഎല്ലിൽ ടീമുകളുടെ എണ്ണം കൂട്ടാൻ സമയമായെന്ന് ഇന്ത്യന്‍ മുന്‍ നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ്. ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിന്റെ നിലവാരം ഉയർത്തിയെന്നും ദ്രാവിഡ് പറഞ്ഞു. ഐപിഎൽ ടീമുകൾ എട്ടിൽ നിന്ന് ബിസിസിഐ പത്താക്കി ഉയർത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാഹുൽ ദ്രാവിഡിന്റെ പിന്തുണ. 

'ഇന്ത്യയിൽ അവസരം കാത്തിരിക്കുന്ന നിരവധി യുവപ്രതിഭകളുണ്ട്. ടീമുകളുടെ എണ്ണം കൂട്ടിയാൽ മാത്രമേ ബാക്കിയുള്ള താരങ്ങൾക്ക് അവസരം ലഭിക്കൂ. ഇതിലൂടെ ഐപിഎല്ലിന്റെയും മത്സരങ്ങളുടേയും നിലവാരം കുറയില്ല. ഐപിഎല്ലിന്റെ വരവിന് ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ നിലവാരം ഉയർന്നു. ദേവ്ദത്ത് പടിക്കലിനെപ്പോലെയുള്ള യുവതാരങ്ങൾക്ക് തുടക്ക സമയത്തുതന്നെ വിരാട് കോലി, എ ബി ഡിവിലിയേഴ്സ് തുടങ്ങിയ താരങ്ങൾക്കൊപ്പം പരിശീലനം നടത്താനും ഡ്രസ്സിംഗ് റൂം പങ്കിടാനും കഴിയുന്നത് കരിയറിൽ ഏറെ പ്രയോജനം ചെയ്യും. യുവതാരങ്ങൾക്ക് അവരുടെ മികവ് പ്രകടിപ്പിക്കാനുള്ള ഏറ്റവും ഉചിതമായ വേദി ഐപിഎല്‍ ആണ്' എന്നും രാഹുൽ ദ്രാവിഡ് പറയുന്നു.

അടുത്ത സീസണില്‍ വമ്പന്‍ മാറ്റങ്ങള്‍

ടീമുകൾ പത്തായി ഉയരുകയാണെങ്കിൽ നാല് വിദേശ താരങ്ങൾക്ക് പകരം അഞ്ചുപേരെ കളിപ്പിക്കാനും നീക്കമുണ്ട്. ശക്തമായ ടീമിനെ അണിനിരത്താൻ വിദേശ താരങ്ങളുടെ എണ്ണം കൂട്ടണമെന്ന് ഫ്രാഞ്ചൈസികൾ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ടീമുകൾ വരുന്നതോടെ അടുത്ത സീസണിലും താരലേലം ഉണ്ടാവുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സൂചന നൽകിക്കഴിഞ്ഞു. ഈ സീസണിൽ വൻ തിരിച്ചടി നേരിട്ട ചെന്നൈ സൂപ്പർ കിംഗ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ് തുടങ്ങിയവർ ടീമിൽ വലിയ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ്.

ഐപിഎല്‍ 2021 സീസണ്‍ അഞ്ച് മാസത്തിനകം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടൂര്‍ണമെന്‍റ് ഇന്ത്യയില്‍ തന്നെ സംഘടിപ്പിക്കാനാകും എന്ന പ്രതീക്ഷ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഏപ്രില്‍-മെയ് മാസങ്ങളിലായി ഐപിഎല്‍ നടത്താനാണ് പദ്ധതിയിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വരും സീസണില്‍ അഹമ്മദാബാദില്‍ നിന്നൊരു ടീം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ബിസിസിഐ പുറത്തുവിട്ടിട്ടില്ല.