സെന്‍റര്‍ കോർട്ടിലെ കലാശപ്പോരിൽ ജയം ആർക്കൊപ്പമാവും ?

By Babu RamachandranFirst Published Jul 14, 2019, 10:47 AM IST
Highlights

റോജർ ഫെഡറർ ഒരു ടോട്ടൽ പ്ലെയറാണ്. മൂവ്മെന്റുകളുടെ ചടുലതയിൽ അദ്ദേഹം ജോക്കോവിച്ചിനെ കവച്ചുവെക്കും. സർവീസിന്റെ കൃത്യത അതിശയകരമാണ്. തന്റെ കരിയറിന്റെ തുടക്കത്തിൽ, അതായത് 1998-2003 കാലഘട്ടത്തിൽ, അദ്ദേഹം ഏറെക്കുറെ ഒരു 'സെർവ് ആൻഡ് വോളി' പ്രേമിയായിരുന്നു

റോജർ ഫെഡററും റാഫേൽ നദാലും മാറിമാറി വിജയം കൊയ്തുകൊണ്ടിരുന്ന പ്രൊഫഷണൽ ടെന്നീസ് സർക്യൂട്ടിലേക്ക് 2005-ലാണ് സെർബിയ എന്ന കൊച്ചുരാജ്യത്തിൽ നിന്നും നൊവാക് ജോക്കോവിച്ച് എന്ന യുവാവ് കയറിവരുന്നത്. ആദ്യത്തെ ഗ്രാൻഡ്സ്ലാം ടൂർണമെന്റ് 2005 -ലെ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ആദ്യറൗണ്ട്.

അന്ന് യോഗ്യതാ മത്സരങ്ങളിൽ സ്റ്റാനിസ്ളാവ് വാവ്റിങ്കയെ തോൽപ്പിച്ച് ഒന്നാം റൗണ്ടിലെത്തിയ ജോക്കോവിച്ച് മരാത്ത് സഫിനോട് നേരിട്ടുള്ള സെറ്റുകളിൽ പരാജയം രുചിച്ചു. പിന്നീട് നടന്ന വിംബിൾഡൺ, യുഎസ് ഓപ്പൺ മത്സരങ്ങളിൽ മൂന്നാം റൗണ്ടുവരെ നീണ്ടു ജോക്കോവിച്ചിന്റെ പോരാട്ടങ്ങൾ. 

അടുത്ത വർഷം ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടറിൽ കടന്നതോടെ ജോക്കോവിച്ച് ലോകറാങ്കിങ്ങിൽ ആദ്യ നാൽപതിനുള്ളിലെത്തി. വിംബിൾഡണിൽ വീണ്ടും നാലാം റൗണ്ടിൽ തോൽവി. അതിന്റെ അടുത്തമാസം ജോക്കോവിച്ചിനെ തേടി തന്റെ ആദ്യത്തെ എടിപി കിരീടമെത്തി, ഡച്ച് ഓപ്പൺ. 

പിന്നീട് ഇന്നുവരെ ജോക്കോവിച്ച് നേടിയിട്ടുള്ളത് 15  ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ്. 2011-നുശേഷം  ഏറെക്കാലം അദ്ദേഹം ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടർന്നിട്ടുണ്ടെങ്കിലും, അദ്ദേഹം അറിയപ്പെടുന്നത് പ്രൊഫഷണൽ ടെന്നീസിലെ 'ഏറ്റവും കുറഞ്ഞ ജനപ്രീതിയുള്ള' കളിക്കാരൻ എന്ന പേരിലാണ്. വിദേശ പത്രങ്ങൾ എന്നും ജോക്കോവിച്ചിനെ വ്യക്തിപരമായി അക്രമിക്കുന്നതിലും, ഇകഴ്ത്തുന്നതിലും അഭിരമിച്ചിരുന്നു.

മറ്റുള്ള കളിക്കാരുടെ ഭാവഹാവങ്ങൾ കോർട്ടിലും ഡ്രസ്സിങ്ങ് റൂമിലും മറ്റും വെച്ച് അനുകരിച്ചിരുന്നതിന്റെ പേരിലും അദ്ദേഹം പലപ്പോഴും പലരുടെയും അപ്രീതിക്ക് പാത്രമായിട്ടുണ്ട്. പ്രത്യേകിച്ചും, മരിയാ ഷറപ്പോവയുടെയും റാഫേൽ നദാലിന്റെയും അനുകരണങ്ങളുടെ പേരിൽ. ഇതിന്റെ പേരിൽ അദ്ദേഹത്തെ അന്ന് ചില വിദേശ പത്രങ്ങൾ 'Djoker' എന്നുപോലും വിളിച്ചു. 

ഒരു കളിക്കാരന്റെ ജനപ്രീതി അളക്കാൻ ഏറ്റവും എളുപ്പമുള്ള വഴി അയാൾക്ക് ലഭിക്കുന്ന പരസ്യകരാറുകളുടെ കണക്കെടുക്കുകയാണ്. റോജർ ഫെഡറർക്ക് 2018-ൽ പരസ്യങ്ങളിൽ നിന്നും ലഭിച്ച വരുമാനം ഏകദേശം 530 കോടിയായിരുന്നു.

റാഫേൽ നദാലിന് 284 കോടിയും. ജോക്കോവിച്ചിന് കിട്ടിയതാവട്ടെ വെറും 161 കോടിയും. ഏഴാം റാങ്കുമാത്രമുള്ള, ജപ്പാന്റെ കീ നിഷിക്കോറിയ്ക്ക് പോലും 237 കോടിയുടെ പരസ്യക്കരാറുകൾ കിട്ടി എന്നുപറയുമ്പോഴാണ് ജോക്കോവിച്ചിന്റെ 'ജനപ്രീതിക്കുറവ്' ബോധ്യപ്പെടുക.

ബ്രാൻഡ് വാച്ച് എന്ന വെബ്‌സൈറ്റ് നടത്തിയ ഓൺലൈൻ പഠനങ്ങളിൽ വെളിപ്പെട്ടത് ജോക്കോവിച്ച് മറ്റുള്ള കളിക്കാരുടെ അത്ര ജനപ്രിയനല്ല എങ്കിലും അദ്ദേഹം തന്റെ നില കഴിഞ്ഞ കുറെ കൊല്ലങ്ങളായി മെച്ചപ്പെടുത്തി വരുന്നുണ്ട് എന്നാണ്. 20  ഗ്രാൻഡ്സ്ലാമുകള്‍ സ്വന്തമാക്കിയ  റോജർ ഫെഡററോടും, 18  ഗ്രാൻഡ്സ്ലാം നേടിയ റാഫേൽ നദാലിനോടും താരതമ്യപ്പെടുത്തിയാൽ, എന്നാലും ഏറെ പിന്നിലാണ് ജനപ്രീതിയുടെ കാര്യത്തിൽ 15  ഗ്രാൻഡ്സ്ലാം ടൈറ്റിലുകൾ സ്വന്തമായുള്ള ജോക്കോവിച്ച്. 

ഈയൊരു സാഹചര്യത്തിൽ, വീണ്ടും വിംബിൾഡൺ എന്ന 'ടെന്നീസിന്റെ ലോകകപ്പിന്റെ' കലാശക്കൊട്ട്, സെന്റർ കോർട്ടിൽ ഇന്ന് നടക്കുമ്പോൾ അതിന്റെ ഫലമെന്താവുമെന്നറിയാൻ ലോകമെമ്പാടുമുള്ള ടെന്നീസ് പ്രേമികൾ സ്വാഭാവികമായും ഉത്സുകരാണ്. സെന്റർ കോർട്ട് ഫെഡറർക്ക് തന്റെ വീടിന്നകം പോലെ പരിചിതമാണെങ്കിൽ,  ജോക്കോവിച്ചിനും ഒട്ടും അപരിചിതമല്ല അവിടം.

ഇരുവരും തമ്മിൽ സെന്റർകോർട്ടിൽ വെച്ച് ആദ്യമായി മുട്ടുന്നത് 2012 -ലാണ്. അന്ന് നാലു സെറ്റിലേക്ക് നീണ്ട മത്സരം ഫെഡറർ ജയിച്ചു. ആ മത്സരത്തോടെ ജോക്കോവിച്ചിനെ നാല് മേജർ ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിലും തോൽപ്പിക്കുന്ന ആദ്യത്തെ കളിക്കാരനായും ഫെഡറർ മാറി. ജോക്കോവിച്ചിന്റെ പ്രതികാരത്തിന് വേദിയൊരുക്കിയത് 2014-ലെ വിംബിൾഡൺ ഫൈനലായിരുന്നു.

നാലുമണിക്കൂറോളം നീണ്ട ആ പോരാട്ടം ഏറെ ആവേശകരമായ ഒന്നായിരുന്നു. ആദ്യത്തെ സെറ്റ് ഫെഡറർക്ക്. രണ്ടാംസെറ്റിൽ ജോക്കോവിച്ച് തിരിച്ചടിച്ചു. മൂന്നാമത്തെ സെറ്റും ജോക്കോവിച്ചിനുതന്നെ. നാലാമത്തെ സെറ്റിൽ ജോക്കോവിച്ചിന് ആദ്യ മാച്ച് പോയന്റ്.

അതിനെ അതിജീവിച്ച ഫെഡറർ ആ സെറ്റ് ജോക്കോവിച്ചിൽ നിന്നും തട്ടിയെടുത്ത് കളി അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റ് പൊരുതി ജയിച്ച് അന്ന് ജോക്കോവിച്ച് തന്റെ കരിയറിലെ രണ്ടാം വിംബിൾഡൺ കിരീടം സ്വന്തമാക്കി. 2015-ലെ ഫൈനലിൽ വീണ്ടുമൊരിക്കൽ കൂടി അവർ സെന്റർ കോർട്ടിൽ വെച്ച് കണ്ടപ്പോഴും ജയം ജോക്കോവിച്ചിനൊപ്പമായിരുന്നു. 

ജോക്കോവിച്ചിന്റെ കേളീശൈലിയുടെ ഏറ്റവും വലിയ ആകർഷണീയത അദ്ദേഹത്തിന്റെ നെടുങ്കൻ റിട്ടേണുകളാണ്. ബേസ് ലൈനിനെ തൊട്ടുകൊണ്ട് ബൗൺസ് ചെയ്യുന്ന സർവുകൾ പോലും വളരെ കൃത്യമായി റിട്ടേൺ പായിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് അപാരമാണ്. സർവീസിന്റെ ഭാഗമായി, എയ്‌സ്‌ പായിക്കാനുള്ള ത്വരയിൽ ഉയർന്നു ചാടി അതിന്റെ ആക്കത്തിൽ അറിയാതെ മുന്നോട്ടാഞ്ഞു പോവുന്ന എതിരാളികൾക്ക്, തിരിച്ച് അതേ വേഗത്തിൽ ഒരു റിട്ടേൺ വരുമ്പോൾ അതിനെ പ്രതിരോധിക്കുക പ്രയാസമാവാറുണ്ട്.

ഡൗൺ ദി ലൈൻ ആയോ അല്ലെങ്കിൽ ക്രോസ് കോർട്ട് ആയോ പായുന്ന അദ്ദേഹത്തിന്റെ റിട്ടേണുകൾ വളരെ ഡെപ്ത്തുള്ളവയാണ്. അവ ജോക്കോവിച്ചിന്റെ കരിയറിൽ അദ്ദേഹത്തിന് വളരെ നിർണായകമായ  ബ്രേക്ക് പോയന്റുകൾ പലവട്ടം സമ്മാനിച്ചിട്ടുണ്ട്. 

ജോക്കോവിച്ചിന്റെ ബാക്ക് ഹാൻഡും വളരെ പ്രസിദ്ധമാണ്. അഗാസിക്കു ശേഷം ഇത്രയും സ്ഥിരതയുള്ള ഒരു ഡബിൾ ഹാൻഡഡ്‌ ബാക്ക് ഹാൻഡറെ നമ്മൾ ഇതുവരെ കണ്ടുകാണില്ല. സ്ട്രെയ്റ്റ് ബാക്ക് ഹാൻഡ് പ്രയോഗിക്കുന്ന നദാലിൽ നിന്നും വ്യത്യസ്തമായി  ബാക്ക്‌സ്വിങ്ങോടെ ബാക്ക്ഹാൻഡ് ആണ് ജോക്കോവിച്ചിന്റെ ശീലം. അതുപോലെ, കോർട്ടിനുള്ളിൽ വളരെ ചടുലമായ ചലനങ്ങളാണ് ജോക്കോവിച്ചിന്റേത്. 

മേൽപ്പറഞ്ഞ മേന്മകൾ ഉണ്ടായിരിക്കെത്തന്നെ ജോക്കോവിച്ചിന് ചില ദൗർബല്യങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ കോച്ചായ ബോറിസ് ബേക്കർ തന്നെ പറഞ്ഞിട്ടുള്ളത്, ലോകത്തിലെ ഏറ്റവും മോശം ഓവർഹെഡ് ഷോട്ടുകളിൽ ഒന്ന് ജോക്കോവിച്ചിന്റെതാണ് എന്നാണ്. വോളികളുടെ കാര്യത്തിലും അദ്ദേഹം മറ്റുകളിക്കാരേക്കാൾ പിന്നിലാണ്. സർവീസുകളുടെ ശക്തിയേക്കാൾ ജോക്കോവിച്ച്, പൊസിഷനിങ്ങിലാണ് ശ്രദ്ധിക്കുന്നത്. സെക്കന്റ് സർവിലുള്ള ശക്തികുറവിനെയാണ് ജോക്കോവിച്ചിന്റെ എതിരാളികൾ പൊതുവേ മുതലെടുക്കാറുള്ളത്. 

റോജർ ഫെഡറർ ഒരു ടോട്ടൽ പ്ലെയറാണ്. മൂവ്മെന്റുകളുടെ ചടുലതയിൽ അദ്ദേഹം ജോക്കോവിച്ചിനെ കവച്ചുവെക്കും. സർവീസിന്റെ കൃത്യത അതിശയകരമാണ്. തന്റെ കരിയറിന്റെ തുടക്കത്തിൽ, അതായത് 1998-2003 കാലഘട്ടത്തിൽ, അദ്ദേഹം ഏറെക്കുറെ ഒരു 'സെർവ് ആൻഡ് വോളി' പ്രേമിയായിരുന്നു. പിന്നീടുള്ള ഒരു പത്തുവർഷം അദ്ദേഹം ബേസ് ലൈൻ വിടാതെ പിടിച്ചു. അവിടെ നിന്നുകൊണ്ടുതന്നെ എതിരാളികളെ വിറപ്പിച്ചു. വളരെ അപൂർവമായി മാത്രം നെറ്റിലേക്ക് പാഞ്ഞടുത്തു.

2013 സീസണിൽ നേരിട്ട പരാജയങ്ങളെത്തുടർന്ന് ഫെഡറർ, കുട്ടിക്കാലത്ത് താൻ ആരാധനയോടെ കണ്ടിരുന്ന എഡ്ബർഗിനെ തന്റെ കോച്ചായി തെരഞ്ഞെടുത്തു. അദ്ദേഹമാണ് ഫെഡററിനെ തന്റെ ശൈലിയിൽ മാറ്റം വരുത്തി, ബേസ് ലൈനും, സെർവ് ആൻഡ് വോളിയും കലർന്ന കൂടുതൽ ബാലൻസ്ഡ് ആയ ഒരു ശൈലിയിലേക്ക് മാറാൻ പ്രേരിപ്പിച്ചത്.  

ഫെഡററുടെ ഫോർഹാൻഡ്‌ ലോകത്തിലെ ഏറ്റവും മികച്ചതാണ്. സർവീസിലും കൃത്യത പാലിക്കാൻ അദ്ദേഹത്തിനാവുന്നുണ്ട്. തന്റെ ഷോട്ടുകളിൽ വൈവിധ്യം കൊണ്ടുവരാനും ഫെഡറർ ശ്രമിക്കാറുണ്ട്. ഡ്രോപ്പ് ഷോട്ട്കൾക്കും ഹാഫ് വോളികൾക്കും വോളികൾക്കും  പുറമേ വളരെ ഭാവനാത്മകമായ പല ഷോട്ടുകളും  അദ്ദേഹത്തിന്റെ ആവനാഴിയിലുണ്ട്. അത്തരത്തിൽ ഒരു ഷോട്ടാണ് അദ്ദേഹത്തിന്റെ ട്രേഡ്മാർക്ക് ആയ 'സ്ലൈസ്' ഷോട്ട്. 

കളിയ്ക്കിടെ, ടെൻഷനിലാവുമ്പോൾ വേണ്ടത്ര ശ്രദ്ധയില്ലാതെ നെറ്റിലേക്ക് ചാടിയിറങ്ങുന്ന ഒരു ശീലം ഫെഡറർക്കുണ്ട്. അത് പലപ്പോഴും അദ്ദേഹത്തിന് ബാധ്യതയാകാറുണ്ട്. മുൻകാലങ്ങളിൽ അദ്ദേഹത്തിന് ശക്തിപകർന്നിരുന്ന അദ്ദേഹത്തിന്റെ ബാക്ക് ഹാൻഡ് ഇന്ന് അത്ര ശക്തമല്ല എന്നതും അദ്ദേഹത്തെ അലട്ടുന്നുണ്ട്. 

എന്തുകൊണ്ടും, ഇന്നത്തെ മത്സരം രണ്ടു പരിചയസമ്പന്നരായ കളിക്കാർ തമ്മിലുള്ള ഏറെ ആവേശകരമായ ഒരു പോരാട്ടമാവും. സെന്റർ കോർട്ടിൽ ജയം ആരെ തുണയ്ക്കുമെന്നത് കാത്തിരുന്നുതന്നെ കാണാം.

click me!