നൊവാക് ജോക്കോവിച്ചിന് കൊവിഡ്, ടെന്നീസ് ലോകം ആശങ്കയില്‍

By Web TeamFirst Published Jun 23, 2020, 6:32 PM IST
Highlights

ബല്‍‍ഗ്രേഡിലെത്തിയപ്പോഴാണ് കൊവിഡ് പരിശോധനകള്‍ക്ക് വിധേയനായതെന്നും തന്റെയും ഭാര്യ ജലേനയുടെയും പരിശോധനാഫലം പൊസറ്റീവാണെന്നും എന്നാല്‍ മക്കളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ജോക്കോവിച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി.

ബല്‍ഗ്രേഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. സെര്‍ബിയയിലും ക്രൊയേഷ്യയിലുമായി ജോക്കോവിച്ച് തന്നെ സംഘടിപ്പിച്ച ചാരിറ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മടങ്ങിയ താരത്തെ പരിശോധനകള്‍ക്ക് വിധേയനാക്കിയപ്പോഴാണ് കൊവിഡ് പോസറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ബല്‍ഗ്രേഡിലെ പ്രദര്‍ശന മത്സരത്തില്‍ കളിച്ചതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ ടെന്നീസ് താരമാണ് ജോക്കോവിച്ച്.

ബല്‍‍ഗ്രേഡിലെത്തിയപ്പോഴാണ് കൊവിഡ് പരിശോധനകള്‍ക്ക് വിധേയനായതെന്നും തന്റെയും ഭാര്യ ജലേനയുടെയും പരിശോധനാഫലം പൊസറ്റീവാണെന്നും എന്നാല്‍ മക്കളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ജോക്കോവിച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരുമയുടെ സന്ദേശം പകരാനും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുമായി സദുദ്ദശേത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്നും എന്നാല്‍ ഇപ്പോഴുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമായിപോയെന്നും ജോക്കോവിച്ച് വ്യക്തമാക്കി.താന്‍ 14 ദിവസം ഐസൊലേഷനില്‍ ഇരിക്കുമെന്നും ടൂര്‍ണമെന്റില്‍ പങ്കെടുത്തതുകൊണ്ട് ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജോക്കോവിച്ച് പറഞ്ഞു.



ടൂര്‍ണമനെ്റില്‍ പങ്കെടുത്ത ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനും ക്രൊയേഷ്യന്‍ താരം ബോര്‍ന കൊറിച്ചിനും പുറമെ വിക്ടര്‍ ട്രോയ്ക്കിക്കും ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. തനിക്കും ഗര്‍ഭിണിയായ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ട്രോയ്ക്കി വ്യക്തമാക്കി. ജോക്കോവിച്ച് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ ഈ മാസം 13നും 14നും സെന്‍ട്രല്‍ ബല്‍ഗ്രേഡിലെ ജോക്കോവിച്ച് ടെന്നീസ് കോംപ്ലെക്സില്‍ നടന്ന ടൂര്‍ണമെന്റില്‍ ട്രോയ്ക്കിയും പങ്കെടുത്തിരുന്നു.

കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താനാണ് ജോക്കോവിച്ചിന്റെ നേതൃത്വത്തിൽ നാലു പാദങ്ങളിലായി ടൂർണമെന്റ് സംഘടിപ്പിച്ചത്. ആദ്യ പാദത്തിൽ ഡൊമിനിക് തീം ജേതാവായി. ക്രൊയേഷ്യ വേദിയായ രണ്ടാം പാദത്തിനിടെ കഴിഞ്ഞ ദിവസമാണു ദിമിത്രോവിനു രോഗം പിടിപെട്ടത്. ടൂർണമെന്റിൽ പങ്കെടുത്ത മൂന്നാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചതോടെ ശാരീരിക അകലം പാലിക്കാതെ മത്സരങ്ങൾ നടത്തിയതും കാണികളെ പ്രവേശിപ്പിച്ചതും വിവാദമായി. ടൂർണമെന്റിൽ കളിച്ച മൂന്നാമനും കോവിഡ് സ്ഥിരീകരിച്ചതോടെ ജോക്കോവിച്ചും പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു.


കോവിഡ് ഭീഷണിക്കിടെ ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിച്ച നൊവാക് ജോക്കോവിച്ചിനെതിരെ മുൻ താരങ്ങളും ആരാധകരും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ ചട്ടങ്ങൾ പാലിച്ചാണ് ടൂർണമെന്റ് നടത്തിയതെന്ന് ജോക്കോവിച്ചും സംഘവും വാദിക്കുമ്പോഴും, ടൂർണമെന്റിനിടെ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി താരങ്ങൾ ബാസ്കറ്റ്ബോൾ കളിക്കുന്നതിന്റെയും ഒത്തൊരുമിച്ചു നൃത്തം ചെയ്യുന്നതിന്റെയും വിഡിയോ പുറത്തുവന്നിരുന്നു. ഇതിനകം കോവിഡ് സ്ഥിരീകരിച്ച താരങ്ങൾക്കൊപ്പം ജോക്കോവിച്ച് ഉൾപ്പെടെയുള്ളവർ അടുത്ത് ഇടപഴകുന്നത് ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.

നേരത്തെ, ടൂർണമെന്റ് സംഘടിപ്പിച്ചതിന് വിമർശനം കടുത്തതോടെ വിശദീകരണവുമായി ജോക്കോവിച്ച് രംഗത്തെത്തിയിരുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സെർബിയയിൽ കോവിഡ് വ്യാപനം അത്ര ഗുരുതരമല്ല എന്നായിരുന്നു ജോക്കോവിച്ചിന്റെ വാദം. സർക്കാരിന്റെ നിർദ്ദേശം കൃത്യമായി പാലിച്ചാണ് ടൂർണമെന്റ് നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

click me!